JOBA 10

10
1എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു;
എന്റെ സങ്കടം ഞാൻ തുറന്നുപറയും;
കഠിനവ്യഥയോടെ ഞാൻ സംസാരിക്കും
2ഞാൻ ദൈവത്തോടു പറയും:
എന്നെ കുറ്റം വിധിക്കരുതേ!
എന്നെ എതിർക്കുന്നത് എന്തിനെന്നു പറഞ്ഞാലും
3അവിടുത്തെ സൃഷ്‍ടിയെ പീഡിപ്പിക്കുന്നതും നിന്ദിക്കുന്നതും
ദുഷ്ടന്മാരുടെ പദ്ധതികളിൽ പ്രസാദിക്കുന്നതും
അവിടുത്തേക്കു ചേർന്നതാണോ?
4മനുഷ്യനേത്രങ്ങളാണോ അങ്ങേക്കുള്ളത്?
മനുഷ്യൻ കാണുന്നതുപോലെയാണോ അങ്ങു കാണുന്നത്?
5എന്റെ അധർമങ്ങൾ അന്വേഷിക്കാനും എന്റെ പാപം കണ്ടുപിടിക്കാനും
6അവിടുത്തെ ദിനങ്ങൾ മനുഷ്യന്റെ ദിനങ്ങൾപോലെയും,
അവിടുത്തെ വർഷങ്ങൾ മനുഷ്യന്റെ വർഷങ്ങൾപോലെയും ഹ്രസ്വമാണോ?
7ഞാൻ അധർമിയല്ലെന്നും അവിടുത്തെ കരങ്ങളിൽനിന്ന് എന്നെ വിടുവിക്കാൻ
ആരുമില്ലെന്നും അങ്ങേക്കറിയാം.
8എനിക്കു രൂപം നല്‌കി എന്നെ സൃഷ്‍ടിച്ചതു തൃക്കരങ്ങളാണല്ലോ;
എന്നാൽ ഇപ്പോൾ അവിടുന്ന് എന്നെ നശിപ്പിക്കുന്നു.
9കളിമണ്ണുകൊണ്ട് അവിടുന്ന് എന്നെ മെനഞ്ഞു എന്ന് ഓർക്കണമേ.
അവിടുന്ന് എന്നെ ധൂളിയിലേക്കു തിരിച്ചയയ്‍ക്കാൻ പോകുകയാണോ?
10അങ്ങ് എന്നെ പാലുപോലെ പകർന്ന് ഒഴിക്കുകയും
തൈരുപോലെ ഉറകൂട്ടുകയും ചെയ്തില്ലേ?
11അവിടുന്നു ചർമവും മാംസവും കൊണ്ടെന്നെ പൊതിഞ്ഞു;
അസ്ഥികളും ഞരമ്പുകളുംകൊണ്ട് എന്നെ നെയ്തുണ്ടാക്കി.
12അവിടുന്നു ജീവനും സുസ്ഥിരസ്നേഹവും എനിക്കു നല്‌കി;
അവിടുത്തെ കൃപാകടാക്ഷം എന്റെ ശ്വാസം നിലനിർത്തുന്നു.
13എങ്കിലും ഈ കാര്യങ്ങളെല്ലാം അവിടുന്നു ഹൃദയത്തിൽ മറച്ചുവച്ചു;
ഇതായിരുന്നു അവിടുത്തെ ഉദ്ദേശ്യം എന്നു ഞാൻ അറിയുന്നു.
14ഞാൻ പാപം ചെയ്യുന്നുവെങ്കിൽ അങ്ങ് അതു കാണുന്നുണ്ടല്ലോ;
എന്റെ അപരാധങ്ങൾക്ക് എന്നെ ശിക്ഷിക്കാതിരിക്കുന്നുമില്ല;
15ഞാൻ ദുഷ്ടനെങ്കിൽ എനിക്ക് ദുരിതം!
ഞാൻ നീതിമാനെങ്കിലും എന്റെ തല ഉയർത്താൻ സാധിക്കുന്നില്ല.
അപമാനഭരിതനായി ഞാൻ എന്റെ കഷ്ടതകളെ കാണുന്നു.
16ഞാൻ തല ഉയർത്തിയാൽ സിംഹംപോലെ അങ്ങ് എന്നെ വേട്ടയാടും,
എനിക്കെതിരെ വീണ്ടും അദ്ഭുതങ്ങൾ പ്രവർത്തിക്കും.
17എനിക്കെതിരെ അവിടുത്തെ സാക്ഷികളെ വീണ്ടും നിർത്തുന്നു.
എന്നോടുള്ള അവിടുത്തെ ക്രോധം വർധിപ്പിക്കുന്നു;
എന്നെ ആക്രമിക്കാൻ പുതിയ സൈന്യനിരയെ അവിടുന്നു അണിനിരത്തുന്നു.
18അമ്മയുടെ ഗർഭത്തിൽനിന്ന് അങ്ങ് എന്നെ ആനയിച്ചതെന്തിന്?
ആരും കാണുന്നതിനുമുമ്പ് ഞാൻ മരിച്ചുപോകുമായിരുന്നല്ലോ.
19ഞാൻ ജനിക്കാത്തവനെപ്പോലെ ആകുമായിരുന്നു.
അമ്മയുടെ ഗർഭത്തിൽനിന്നു ശവക്കുഴിയിലേക്ക് നീങ്ങുമായിരുന്നല്ലോ;
20ഇരുളും അന്ധതമസ്സുമുള്ള ദേശത്തേക്ക്,
അന്ധകാരത്തിന്റെയും ശൂന്യതയുടെയും ദേശത്തേക്ക്,
21വെളിച്ചം ഇരുട്ടായിത്തീരുന്ന ഇടത്തേക്ക്,
തിരിച്ചുവരാൻ സാധ്യമല്ലാത്ത സ്ഥലത്തേക്ക് ഞാൻ പോകുന്നതിനു മുൻപ്,
22അല്പം ആശ്വാസം ലഭിക്കുന്നതിനുവേണ്ടി എന്നെ വെറുതെ വിടുക.
എന്റെ ആയുസ്സു ഹ്രസ്വമല്ലോ.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOBA 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക