JEREMIA 44
44
ഈജിപ്തിലെ യെഹൂദർക്ക് ഒരു സന്ദേശം
1ഈജിപ്തിലെ മിഗ്ദോലിലും തഹ്പനേസിലും മെംഫിസിലും പത്രോസിലും പാർക്കുന്ന യെഹൂദന്മാരെ സംബന്ധിച്ചു സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി. 2ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെരൂശലേമിലും യെഹൂദ്യാനഗരങ്ങളിലും ഞാൻ വരുത്തിയ എല്ലാ അനർഥങ്ങളും നിങ്ങൾ കണ്ടല്ലോ; ഇന്ന് അവയെല്ലാം ശൂന്യമായി കിടക്കുന്നു; ആരും അവിടെ പാർക്കുന്നില്ല. 3-4കാരണം, അവിടത്തെ നിവാസികൾ, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്മാർക്കു ധൂപാർച്ചന നടത്തുകയും അവയെ സേവിക്കുകയും ചെയ്തു; അങ്ങനെ അവർ ചെയ്ത തിന്മപ്രവൃത്തികൾ നിമിത്തം അവർ എന്നെ പ്രകോപിപ്പിച്ചു. ‘ഞാൻ വെറുക്കുന്ന മ്ലേച്ഛതകൾ ചെയ്യരുത്’ എന്ന സന്ദേശവുമായി എന്റെ ദാസന്മാരായ പ്രവാചകരെ ഞാൻ തുടരെ നിങ്ങളുടെ അടുക്കൽ അയച്ചു. 5എന്നാൽ നിങ്ങൾ അതു ചെവിക്കൊണ്ടില്ല. അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുന്ന തിന്മപ്രവൃത്തിയിൽനിന്നു പിന്തിരിഞ്ഞുമില്ല. 6അതുകൊണ്ട് എന്റെ ക്രോധവും കോപവും യെഹൂദാനഗരങ്ങളിലും യെരൂശലേംവീഥികളിലും ഞാൻ ചൊരിഞ്ഞു; അവ കത്തിയെരിഞ്ഞ് ഇന്നത്തേതുപോലെ ശൂന്യവും പാഴുമായി കിടക്കുന്നു. 7ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; യെഹൂദ്യയിൽ ആരും ശേഷിക്കാത്തവിധം നിങ്ങളുടെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും ഒന്നടങ്കം നശിപ്പിക്കാനാണോ നിങ്ങൾ ഇത്ര വലിയ തിന്മ ചെയ്തത്? 8നിങ്ങൾ പാർക്കാൻ വന്നിരിക്കുന്ന ഈജിപ്തിൽ അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുകയും നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ നിങ്ങൾ നിങ്ങളെത്തന്നെ നശിപ്പിക്കാനും ഭൂതലത്തിലുള്ള സകല ജനതകളുടെയും ഇടയിൽ ശാപത്തിനും പരിഹാസത്തിനും ഇടയാകാനുമാണോ ആഗ്രഹിക്കുന്നത്? 9യെഹൂദ്യയിലും യെരൂശലേം വീഥികളിലുംവച്ചു നിങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അവരുടെ ഭാര്യമാരും നിങ്ങളും നിങ്ങളുടെ ഭാര്യമാരും ചെയ്ത ദുഷ്പ്രവൃത്തികൾ നിങ്ങൾ മറന്നുപോയോ? 10അവർ ഇന്നുവരെ വിനയപ്പെട്ടിട്ടില്ല; അവർ ഭയപ്പെടുകയോ, നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മുമ്പിൽ ഞാൻ വച്ചിരുന്ന ധർമശാസ്ത്രവും ചട്ടങ്ങളും അനുസരിക്കുകയോ ചെയ്തില്ല.
11അതുകൊണ്ട് ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദയെ മുഴുവൻ ഛേദിച്ചുകളയാനും നിങ്ങളുടെമേൽ അനർഥം വരുത്താനും തക്കവിധം നിങ്ങൾക്കെതിരെ ഞാൻ തിരിയുകയാണ്; 12ഈജിപ്തിൽ വന്നു പാർക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന യെഹൂദ്യയിൽ ശേഷിച്ചിരിക്കുന്നവരെ ഞാൻ പിടികൂടും; അവരെല്ലാവരും ഈജിപ്തിൽവച്ചു നശിക്കും; വാൾകൊണ്ട് വീഴും; ക്ഷാമംകൊണ്ടു നശിക്കും; വലിയവർമുതൽ ചെറിയവർവരെ എല്ലാവരും യുദ്ധവും ക്ഷാമവുംകൊണ്ടു മരിക്കും. അവർ ശാപത്തിനും ഭീതിക്കും പരിഹാസത്തിനും നിന്ദയ്ക്കും പാത്രമാകും. 13വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു യെരൂശലേമിനെ ഞാൻ ശിക്ഷിച്ചതുപോലെ ഈജിപ്തിൽ വന്നു പാർക്കുന്നവരെയും ഞാൻ ശിക്ഷിക്കും. 14ഈജിപ്തുദേശത്തു പാർക്കാൻ വന്ന യെഹൂദ്യരിൽ ശേഷിച്ചവരാരും രക്ഷപെടുകയോ അവശേഷിക്കുകയോ ഇല്ല; യെഹൂദ്യദേശത്തു തിരിച്ചുപോയി പാർക്കാൻ ആഗ്രഹിക്കുന്നവരിൽ ആരും മടങ്ങിപ്പോകയുമില്ല; പലായനം ചെയ്യുന്ന ചിലരല്ലാതെ ആരും അവിടെ എത്തുകയുമില്ല.”
15തങ്ങളുടെ ഭാര്യമാർ അന്യദേവന്മാർക്കു ധൂപാർച്ചന ചെയ്തിരുന്നു എന്നറിഞ്ഞ പുരുഷന്മാരും അവിടെ നിന്നിരുന്ന വലിയ സംഘം സ്ത്രീകളും ഈജിപ്തിലെ പത്രോസ് ദേശത്തു പാർത്തിരുന്ന ജനങ്ങളും യിരെമ്യായോടു പറഞ്ഞു: 16“സർവേശ്വരന്റെ നാമത്തിൽ അങ്ങു സംസാരിച്ച കാര്യങ്ങൾ ഞങ്ങൾ അനുസരിക്കുകയില്ല. 17ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാനഗരങ്ങളിലും യെരൂശലേം വീഥികളിലും ആയിരുന്നപ്പോൾ ചെയ്തതുപോലെ ആകാശരാജ്ഞിക്കു ധൂപാർച്ചന നടത്തുക, പാനീയ ബലി അർപ്പിക്കുക തുടങ്ങി ഞങ്ങൾ ചെയ്തിട്ടുള്ള എല്ലാ പ്രതിജ്ഞകളും നിറവേറ്റും. അന്നു ഞങ്ങൾക്കു ധാരാളം ഭക്ഷണവും ഐശ്വര്യവും ഉണ്ടായിരുന്നു; അനർഥമൊന്നും ഞങ്ങൾക്ക് നേരിട്ടിരുന്നുമില്ല; 18എന്നാൽ ആകാശരാജ്ഞിക്കു ധൂപാർച്ചന നടത്തുന്നതും പാനീയബലി അർപ്പിക്കുന്നതും അവസാനിപ്പിച്ചപ്പോൾ മുതൽ എല്ലാത്തിനും ക്ഷാമമാണ്; യുദ്ധത്തിനും ക്ഷാമത്തിനും ഞങ്ങൾ ഇരയാവുകയും ചെയ്യുന്നു.” 19സ്ത്രീകൾ ചോദിച്ചു: “ഞങ്ങൾ ആകാശരാജ്ഞിക്ക് ധൂപാർച്ചന നടത്തിയതും പാനീയബലി അർപ്പിച്ചതും ആ ദേവിയുടെ രൂപത്തിൽ അടകൾ ഉണ്ടാക്കിയതും പാനീയം അർപ്പിച്ചതും ഭർത്താക്കന്മാരുടെ അനുവാദം കൂടാതെ ആയിരുന്നുവോ?”
20അപ്പോൾ ഇങ്ങനെ സംസാരിച്ച സ്ത്രീപുരുഷന്മാരടക്കം സർവജനത്തോടും യിരെമ്യാ പറഞ്ഞു: 21“യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേംവീഥികളിലും വച്ചു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനങ്ങളും നടത്തിയ ധൂപാർച്ചനയെപ്പറ്റി സർവേശ്വരൻ സ്മരിച്ചില്ലേ? അതിനെപ്പറ്റി അവിടുന്നു ചിന്തിച്ചില്ലേ? 22നിങ്ങൾ ചെയ്ത തിന്മപ്രവൃത്തികളും മ്ലേച്ഛതകളും സർവേശ്വരനു ദുസ്സഹമായിരിക്കയാണ്. അതുകൊണ്ടു നിങ്ങളുടെ ദേശം ഇന്നു കിടക്കുന്നതുപോലെ ആൾപാർപ്പില്ലാതെ ശൂന്യവും ഭീതിദവും ശാപഗ്രസ്തവുമായി കിടക്കുന്നു; 23നിങ്ങൾ ധൂപാർച്ചന നടത്തുകയും സർവേശ്വരനെതിരെ പാപം ചെയ്യുകയും അവിടുത്തെ കല്പന ശ്രദ്ധിക്കാതെ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും ലംഘിക്കയും ചെയ്തതുകൊണ്ടാണ് ഇന്നത്തേതുപോലെയുള്ള അനർഥങ്ങൾ നിങ്ങളുടെമേൽ നിപതിച്ചിരിക്കുന്നത്.”
24യിരെമ്യാ സർവജനത്തോടും പ്രത്യേകിച്ച് സ്ത്രീകളോടുമായി പറഞ്ഞു: “യെഹൂദാദേശക്കാരും ഇപ്പോൾ ഈജിപ്തിൽ വന്നു പാർക്കുന്നവരുമായ നിങ്ങൾ സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ; 25ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; ആകാശരാജ്ഞിക്കു ധൂപാർച്ചന നടത്തുമെന്നും പാനീയബലി അർപ്പിക്കുമെന്നും നിങ്ങളും നിങ്ങളുടെ ഭാര്യമാരും ചെയ്ത പ്രതിജ്ഞ നിറവേറ്റുമെന്നു നാവുകൊണ്ടു പറഞ്ഞിരുന്നത് നിങ്ങളുടെ കരങ്ങൾകൊണ്ട് നിറവേറ്റി; ഇപ്പോൾ നിങ്ങളുടെ നേർച്ചകൾ ഉറപ്പാക്കുകയും നിറവേറ്റുകയും ചെയ്യുവിൻ. 26ഈജിപ്തിൽ പാർക്കുന്ന സർവ യെഹൂദ്യരുമേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ. ജീവിക്കുന്ന ദൈവമായ സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്യാൻ ഈജിപ്തിൽ വന്നു പാർക്കുന്ന യെഹൂദ്യരിലാരും തങ്ങളുടെ വായ് പൊളിച്ച് എന്റെ നാമം ഉപയോഗിക്കുകയില്ല എന്ന് എന്റെ മഹാനാമത്തിൽ ഞാൻ പ്രതിജ്ഞ ചെയ്തിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 27ഞാൻ അവരെ ശ്രദ്ധിക്കുന്നത് അവർക്കു നന്മ ചെയ്യാനല്ല, അനർഥങ്ങൾ വരുത്താനാണ്; ഈജിപ്തിൽ പാർക്കുന്ന യെഹൂദന്മാരെല്ലാം പൂർണമായി നശിക്കുന്നതുവരെ വാളും ക്ഷാമവുംകൊണ്ട് അവർ സംഹരിക്കപ്പെടും. 28വാളിൽനിന്നു രക്ഷപെടുന്ന ഒരു ചെറിയകൂട്ടം ഈജിപ്തിൽനിന്നു യെഹൂദ്യാദേശത്തു മടങ്ങിവരും; അപ്പോൾ ഈജിപ്തിൽ പാർക്കുന്നതിനുവേണ്ടി, യെഹൂദ്യാദേശത്തുനിന്നു വന്ന ശിഷ്ടജനം ഞാൻ കല്പിച്ച വചനങ്ങളാണോ അതോ അവർ പറഞ്ഞ കാര്യങ്ങളാണോ നിലനില്ക്കുന്നതെന്ന് അറിയും. 29ഇതായിരിക്കും നിങ്ങൾക്കു ലഭിക്കുന്ന അടയാളം എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; എന്റെ വാക്കുകൾ നിങ്ങളുടെ അനർഥത്തിനുവേണ്ടിയുള്ളതാണെന്നു നിങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി ഈ സ്ഥലത്തുവച്ചു തന്നെ ഞാൻ നിങ്ങളെ ശിക്ഷിക്കും. 30അവിടുന്ന് അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവായ സിദെക്കീയായെ തന്റെ ശത്രുവും തന്നെ നശിപ്പിക്കാൻ നോക്കിയിരുന്നവനുമായ ബാബിലോണിലെ നെബുഖദ്നേസർരാജാവിന്റെ കൈയിൽ ഏല്പിച്ചതുപോലെ, ഈജിപ്തുരാജാവായ ഫറവോ ഹോഫ്രയെ അവന്റെ ശത്രുക്കളുടെയും അവനെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവരുടെയും കൈയിൽ ഏല്പിക്കും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 44: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.