JEREMIA 33
33
മറ്റൊരു വാഗ്ദാനം
1യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തിൽ തടവുകാരനായിരിക്കുമ്പോൾ സർവേശ്വരന്റെ അരുളപ്പാട് വീണ്ടും ഉണ്ടായി. 2“ഭൂമിയെ സൃഷ്‍ടിച്ചവനും അതിനു രൂപം നല്‌കി ഉറപ്പിക്കുകയും ചെയ്ത സർവേശ്വരൻ, സർവേശ്വരൻ എന്നു നാമമുള്ളവൻ തന്നെ അരുളിച്ചെയ്യുന്നു: 3“എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ ഉത്തരമരുളും; നീ അറിഞ്ഞിട്ടില്ലാത്ത ശ്രേഷ്ഠവും രഹസ്യവുമായ കാര്യങ്ങൾ നിന്നോടു പറയും. 4ഉപരോധത്തിനുവേണ്ടി ശത്രുക്കൾ നിർമിച്ച മൺകൂനകളെയും വാളിനെയും ചെറുക്കാൻ വേണ്ടി പൊളിച്ചെടുത്ത ഈ നഗരത്തിലെ വീടുകളെയും യെഹൂദാരാജാവിന്റെ കൊട്ടാരങ്ങളെയും കുറിച്ച് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 5എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ നശിപ്പിക്കാൻ പോകുന്ന മനുഷ്യരുടെ മൃതശരീരങ്ങൾക്കൊണ്ടു തങ്ങളെ എതിർക്കുന്നവരുടെ ഭവനങ്ങൾ നിറയ്‍ക്കാൻ ബാബിലോണ്യർ വരുന്നു; അവർ ചെയ്ത സകല തിന്മപ്രവൃത്തികളും നിമിത്തം ഈ നഗരത്തിൽനിന്ന് എന്റെ മുഖം ഞാൻ തിരിച്ചിരിക്കുന്നു. 6എങ്കിലും ഈ നഗരത്തിനു ഞാൻ ആരോഗ്യവും സൗഖ്യവും നല്‌കും; ഞാൻ അവരെ സുഖപ്പെടുത്തും. അവർക്കു സമൃദ്ധമായ ഐശ്വര്യവും സുരക്ഷിതത്വവും ഞാൻ നല്‌കും. 7യെഹൂദായ്‍ക്കും ഇസ്രായേലിനും മുമ്പുണ്ടായിരുന്ന ഐശ്വര്യം ഞാൻ വീണ്ടും നല്‌കും. പൂർവസ്ഥിതിയിൽ അവരെ ഞാൻ ആക്കും. 8എനിക്കെതിരെ ചെയ്ത അവരുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധീകരിക്കും; എനിക്കെതിരെയുള്ള പാപത്തിന്റെയും മത്സരത്തിന്റെയും സകല അപരാധവും ഞാൻ അവരോടു ക്ഷമിക്കും. 9ഞാൻ അവർക്കു ചെയ്യാൻ പോകുന്ന സകല നന്മകളെക്കുറിച്ചും കേൾക്കുന്ന സകല ജനതകളുടെയും ഇടയിൽ ഈ നഗരം എനിക്കു സന്തോഷകരമായ നാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിനു ചെയ്യുന്ന നന്മയും നല്‌കുന്ന സമൃദ്ധിയും നിമിത്തം അവർ ഭയന്നു വിറയ്‍ക്കും.
10സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്ത്, മനുഷ്യനോ മൃഗമോ വസിക്കാത്ത യെഹൂദാനഗരങ്ങളിലും യെരൂശലേമിന്റെ വീഥികളിലും 11വീണ്ടും ആനന്ദഘോഷവും സന്തോഷശബ്ദവും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും കേൾക്കും; ‘സർവശക്തനായ സർവേശ്വരനു സ്തോത്രം ചെയ്യുവിൻ, അവിടുന്നു നല്ലവനല്ലോ; അവിടുത്തെ സുസ്ഥിരസ്നേഹം ശാശ്വതമാകുന്നു’ എന്ന് അവിടുത്തെ ആലയത്തിലേക്കു സ്തോത്രവഴിപാടുകൾ കൊണ്ടുവരുന്നവർ പാടുന്ന പാട്ടിന്റെ ശബ്ദവും അവിടെ മുഴങ്ങും; ദേശത്തിന് ആദ്യകാലത്തേതുപോലെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”
12സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായി കിടക്കുന്ന ഈ സ്ഥലത്തും അതിന്റെ എല്ലാ നഗരങ്ങളിലും ആട്ടിൻപറ്റങ്ങൾക്കു വിശ്രമം കൊടുക്കുന്ന ഇടയന്മാരുടെ പാർപ്പിടങ്ങൾ ഉണ്ടാകും. 13മലനാട്ടിലെയും താഴ്‌വരയിലെയും നെഗബിലെയും നഗരങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാനഗരങ്ങളിലും ഇടയന്മാർ തങ്ങളുടെ ആടുകളെ എണ്ണുന്ന കാലം വീണ്ടും വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
14ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും ചെയ്തിരുന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്ന കാലം വരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 15ആ നാളുകളിൽ ദാവീദിന്റെ വംശത്തിൽനിന്നു നീതിയുള്ള ഒരു ശാഖ മുളപ്പിക്കും; അവൻ ദേശത്തു നീതിയും ധർമവും നടപ്പാക്കും. 16അന്നു യെഹൂദാ രക്ഷിക്കപ്പെടുകയും യെരൂശലേംനിവാസികൾ സുരക്ഷിതരായി പാർക്കുകയും ചെയ്യും. ‘സർവേശ്വരൻ നമ്മുടെ നീതി’ എന്ന പേരിലായിരിക്കും ഈ നഗരം ഇനി വിളിക്കപ്പെടുക.
17ഇസ്രായേലിന്റെ സിംഹാസനത്തിൽ വാണരുളുന്നതിന് ദാവീദിന്റെ വംശത്തിൽ ഒരാൾ ഇല്ലാതെ പോകുകയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 18എന്റെ സന്നിധിയിൽ ഹോമയാഗവും ധാന്യയാഗവും മറ്റു യാഗങ്ങളും ദിനംതോറും അർപ്പിക്കാൻ ലേവ്യരുടെ ഇടയിൽ ഒരു പുരോഹിതൻ ഇല്ലാതെ പോകുകയുമില്ല.
19യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 20അവിടുന്ന് അരുളിച്ചെയ്യുന്നു: “നിർദിഷ്ട സമയങ്ങളിൽ രാവും പകലും ഉണ്ടാകാത്തവിധം രാത്രിയോടും പകലിനോടുമുള്ള എന്റെ ഉടമ്പടി ലംഘിക്കാൻ കഴിയുമോ? 21എങ്കിൽ മാത്രമേ, ദാവീദിന്റെ സിംഹാസനത്തിൽ വാണരുളാൻ ഒരു പുത്രൻ ഇല്ലാതാകുംവിധം എന്റെ ദാസനായ ദാവീദിനോടുള്ള എന്റെ ഉടമ്പടി ലംഘിക്കപ്പെടുകയുള്ളൂ; എന്റെ ശുശ്രൂഷകരായ ലേവ്യപുരോഹിതന്മാരുമായുള്ള ഉടമ്പടിയും അങ്ങനെതന്നെ. 22ആകാശത്തിലെ നക്ഷത്രജാലങ്ങളെ എണ്ണാനും കടൽത്തീരത്തെ മണൽ അളന്നു തീർക്കാനും കഴിയാത്തതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതികളെ ഞാൻ വർധിപ്പിക്കും; എന്നെ ശുശ്രൂഷിക്കുന്ന ലേവ്യ പുരോഹിതന്മാരെയും അങ്ങനെതന്നെ.”
23സർവേശ്വരൻ യിരെമ്യായോട് അരുളിച്ചെയ്തു: 24സർവേശ്വരൻ തിരഞ്ഞെടുത്ത ഇസ്രായേലിനെയും യെഹൂദായെയും അവിടുന്നു തിരസ്കരിച്ചിരിക്കുന്നു എന്ന് ഈ ജനം പറയുന്നതു നീ ശ്രദ്ധിച്ചില്ലേ? അവർ എന്റെ ജനത്തെ നിന്ദിച്ചിരിക്കുന്നു; അവരെ ഒരു ജനതയായിപ്പോലും അംഗീകരിക്കുന്നുമില്ല. 25സർവേശ്വരൻ അരുളിച്ചെയ്യുന്നു: “രാത്രിയോടും പകലിനോടും ഞാൻ ഉടമ്പടി ചെയ്തിട്ടില്ലെങ്കിൽ, ആകാശത്തിനും ഭൂമിക്കുമുള്ള ചട്ടങ്ങൾ ഞാൻ നല്‌കിയിട്ടില്ലെങ്കിൽ മാത്രമേ 26യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതികളെ ഞാൻ ഉപേക്ഷിക്കുമായിരുന്നുള്ളൂ. അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികളെ ഭരിക്കാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും ഒരു സന്തതിയെ തിരഞ്ഞെടുക്കാതെ ഇരിക്കുമായിരുന്നുള്ളൂ; ഞാൻ അവരുടെ ഐശ്വര്യം പുനഃസ്ഥാപിക്കും; അവരോടു കരുണ കാണിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 33: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.