JEREMIA 22

22
യിരെമ്യായുടെ സന്ദേശം
1സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ ചെന്ന് അവിടെ ഈ വചനം പ്രസ്താവിക്കുക. 2ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന യെഹൂദാ രാജാവേ, അങ്ങും അങ്ങയുടെ സേവകരും ഈ വാതിലുകളിൽകൂടി പ്രവേശിക്കുന്ന അങ്ങയുടെ ജനവും സർവേശ്വരന്റെ അരുളപ്പാടു ശ്രദ്ധിക്കട്ടെ. 3അവിടുന്ന് അരുളിച്ചെയ്യുന്നു: നീതിയും ന്യായവും നടത്തുവിൻ; കൊള്ളയടിക്കപ്പെട്ടവനെ മർദകന്റെ കൈയിൽനിന്നു രക്ഷിക്കുവിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായമായി പെരുമാറരുത്; അക്രമം കാട്ടരുത്; നിഷ്കളങ്കരുടെ രക്തം ചൊരിയുകയുമരുത്. 4ഇവ നിങ്ങൾ യഥാർഥമായി അനുസരിച്ചാൽ ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാരും അവരുടെ സേവകരും ജനങ്ങളും കൊട്ടാരവാതിലുകളിലൂടെ രഥങ്ങളിലും കുതിരപ്പുറത്തും കയറിവരും. 5എന്നാൽ ഈ വാക്കുകൾ ശ്രദ്ധിക്കാതെയിരുന്നാൽ, ഈ കൊട്ടാരം നാശത്തിന്റെ കൂമ്പാരം ആയിത്തീരും. എന്റെ നാമത്തിൽ ഞാൻ സത്യം ചെയ്യുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു”. 6യെഹൂദാരാജാവിന്റെ കൊട്ടാരത്തെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്യുന്നു: “നീ എനിക്കു മനോഹരമായ ഗിലെയാദുപോലെയും ലെബാനോന്റെ കൊടുമുടിപോലെയുമാകുന്നു; എങ്കിലും ഞാൻ നിന്നെ മരുഭൂമിയാക്കും; ജനവാസമില്ലാത്ത നഗരങ്ങൾപോലെ, 7ആയുധധാരികളായ സംഹാരകരെ നിനക്കെതിരെ ഞാൻ ഒരുക്കും. അവർ നിന്റെ വിശിഷ്ടദേവദാരുക്കൾ വെട്ടി തീയിലിടും. 8അനേകം ജനതകൾ ഈ നഗരത്തിനടുത്തുകൂടെ കടന്നുപോകും; ഓരോരുവനും അയൽക്കാരനോടു ചോദിക്കും: “ദൈവം എന്തുകൊണ്ട് ഈ മഹാനഗരത്തോട് ഇങ്ങനെ പ്രവർത്തിച്ചു? 9തങ്ങളുടെ ദൈവമായ സർവേശ്വരന്റെ ഉടമ്പടി വിസ്മരിച്ച് അന്യദേവന്മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതുകൊണ്ടാണെന്ന് അവർ ഉത്തരം പറയും.”
10മരിച്ചവനെ ഓർത്തു കരയരുത്; വിലപിക്കയുമരുത്; നാടുവിട്ടുപോകുന്നവനെയോർത്തു പൊട്ടിക്കരയുക; ജന്മദേശം കാണാൻ അവൻ തിരിച്ചു വരികയില്ലല്ലോ.
11യോശീയായുടെ പുത്രനും യെഹൂദാരാജാവും പിതാവായ യോശീയായ്‍ക്കു പകരം രാജ്യം ഭരിച്ചവനും ഈ ദേശം വിട്ടുപോയവനുമായ ശല്ലൂമിനെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: ‘അവൻ ഇനി ഒരിക്കലും മടങ്ങിവരികയില്ല; 12അവനെ തടവുകാരനായി പിടിച്ചുകൊണ്ടുപോയിരിക്കുന്ന ദേശത്തുവച്ച് അവൻ മരിക്കും; ഇനി ഒരിക്കലും ഈ ദേശം അവൻ കാണുകയില്ല.”
യെഹോയാക്കീമിനെക്കുറിച്ചുള്ള സന്ദേശം
13അധർമംകൊണ്ടു ഭവനവും അനീതികൊണ്ടു മാളികമുറികളും പണിയുന്നവനു ഹാ ദുരിതം! അവൻ കൂലി കൊടുക്കാതെ അയൽക്കാരനെക്കൊണ്ടു പണി ചെയ്യിക്കുന്നു. 14വിശാലമായ മാളികമുറികളുള്ള വലിയ ഭവനം ഞാൻ പണിയും എന്നയാൾ പറയുന്നു; അതിനു ജനാലകൾ അയാൾ വെട്ടിയുണ്ടാക്കുന്നു; ദേവദാരുകൊണ്ടു തട്ടമിടുകയും ചായില്യംകൊണ്ടു ചായമിടുകയും ചെയ്യുന്നു. 15ദേവദാരുവിന്റെ കാര്യത്തിൽ മികച്ചവനായതുകൊണ്ടു നീ ശ്രേഷ്ഠനായ രാജാവാണെന്നു കരുതുന്നുവോ? നിന്റെ പിതാവ് രാജോചിതമായ ജീവിതമല്ലേ നയിച്ചത്? അയാൾ നീതിമാനും ധർമിഷ്ഠനുമായിരുന്നു; അന്ന് അയാൾക്കെല്ലാം ശുഭമായിരുന്നു. 16അയാൾ ദരിദ്രർക്കും എളിയവർക്കും നീതി നടത്തിക്കൊടുത്തു; അപ്പോൾ എല്ലാം നന്നായിരുന്നു; ‘എന്നെ അറിയുകയെന്നത് ഇതു തന്നെയല്ലേ’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 17സത്യവിരുദ്ധമായ നേട്ടങ്ങളിലും നിഷ്കളങ്കരുടെ രക്തം ചൊരിയുന്നതിലും അക്രമവും മർദനവും അഴിച്ചു വിടുന്നതിലും മാത്രം നിന്റെ കണ്ണും മനസ്സും വ്യാപൃതമായിരിക്കുന്നു.
18അതുകൊണ്ട് യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിനെ സംബന്ധിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഹാ! എന്റെ സഹോദരാ എന്നോ, ഹാ! എന്റെ സഹോദരീ എന്നോ പറഞ്ഞ് അവർ അയാളെ ചൊല്ലി വിലപിക്കുകയില്ല; ഹാ! എന്റെ നാഥൻ എന്നോ, ഹാ! എന്റെ പ്രഭോ എന്നോ പറഞ്ഞു കരയുകയുമില്ല. 19കഴുതയെപ്പോലെ അയാൾ സംസ്കരിക്കപ്പെടും; യെരൂശലേംകവാടത്തിനു പുറത്തേക്ക് അയാളെ വലിച്ചെറിയും.’
യെരൂശലേമിനെക്കുറിച്ചുള്ള സന്ദേശം
20ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്കുക; ബാശാനിൽ നിന്റെ ശബ്ദം ഉയർത്തുക; അബാരീമിൽനിന്നു നിലവിളിക്കുക. നിന്റെ കൂട്ടുകാർ തകർന്നിരിക്കുന്നു. 21നിന്റെ ഐശ്വര്യകാലത്തു ഞാൻ നിന്നോടു സംസാരിച്ചു; എന്നാൽ, ഞാൻ കേൾക്കുകയില്ല എന്നു നീ പറഞ്ഞു; നിന്റെ യൗവനം മുതൽ ഇതായിരുന്നു നിന്റെ ശീലം; എന്റെ വാക്ക് നീ കേട്ടില്ല. 22നിന്റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും; നിന്റെ സ്നേഹിതരെല്ലാം പ്രവാസത്തിലേക്കു പോകും; അപ്പോൾ നീ നിന്റെ ദുഷ്ടതയോർത്തു ലജ്ജിക്കുകയും പരിഭ്രമിക്കുകയും ചെയ്യും. 23ദേവദാരുക്കളുടെ ഇടയിൽ കൂടുകെട്ടി ലെബാനോനിൽ വസിക്കുന്നവളേ, ഈറ്റുനോവിലായിരിക്കുന്നവളെപ്പോലെ നീ വേദനപ്പെടുമ്പോൾ നീ എങ്ങനെ ആയിരിക്കും ഞരങ്ങുക?
യെഹോയാഖീനെക്കുറിച്ചുള്ള സന്ദേശം
24സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹോയാക്കീമിന്റെ പുത്രനും യെഹൂദാ രാജാവുമായ #22:24 യെഹോയാഖീൻ കോനിയ എന്നറിയപ്പെടുന്നു.യെഹോയാഖീൻ എന്റെ വലത്തു കൈയിലെ മുദ്രമോതിരം ആയിരുന്നെങ്കിലും ഞാൻ അവനെ ദൂരെ എറിഞ്ഞുകളയുമെന്നു ശപഥം ചെയ്യുന്നു. 25നിനക്കു ജീവഹാനി വരുത്താൻ നോക്കുന്നവരുടെ കൈയിൽ, നീ ഭയപ്പെടുന്ന നെബുഖദ്നേസരിന്റെയും അവന്റെ സൈന്യത്തിന്റെയും കൈയിൽതന്നെ ഞാൻ നിന്നെ ഏല്പിക്കും. 26നിന്നെയും നിനക്കു ജന്മം നല്‌കിയ നിന്റെ മാതാവിനെയും മറ്റൊരു ദേശത്തേക്കു ഞാൻ ചുഴറ്റിയെറിയും; നിന്റെ ജന്മദേശമല്ലാത്ത ആ സ്ഥലത്തു വച്ചു നീ മരിക്കും. 27തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവർ മടങ്ങിവരികയില്ല. 28ഈ യെഹോയാഖീൻ ആർക്കും വേണ്ടാതെ തള്ളിക്കളഞ്ഞ പൊട്ടക്കലമാണോ? അയാളും അയാളുടെ സന്തതികളും അവർക്കജ്ഞാതമായ നാട്ടിലേക്കു ചുഴറ്റിയെറിയപ്പെട്ടത് എന്തുകൊണ്ട്? 29ദേശമേ, ദേശമേ, ദേശമേ, സർവേശ്വരന്റെ വാക്കു കേൾക്കുക. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ മനുഷ്യൻ സന്തതി ഇല്ലാത്തവനെന്നും അവന്റെ ജീവിതകാലത്ത് ഒരിക്കലും വിജയം കൈവരിക്കാത്തവനെന്നും എഴുതിവയ്‍ക്കുക. ദാവീദിന്റെ സിംഹാസനത്തിലിരുന്ന് യെഹൂദ്യയിൽ ഭരണം നടത്താൻ അയാളുടെ സന്തതികളിലാർക്കും ഇനി സാധ്യമാകയില്ല.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JEREMIA 22: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക