JEREMIA 21
21
യെരൂശലേമിന്റെ നാശത്തെപ്പറ്റി
1സിദെക്കീയാരാജാവ് മല്‌ക്കീയായുടെ പുത്രനായ പശ്ഹൂരിനെയും മയസെയായുടെ പുത്രനായ സെഫന്യാപുരോഹിതനെയും യിരെമ്യായുടെ അടുക്കൽ അയച്ചു പറയിച്ചു: 2“ബാബിലോണിലെ രാജാവായ നെബുഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നു; അതേപ്പറ്റി സർവേശ്വരന്റെ ഹിതം ആരായണമേ; ഒരുപക്ഷേ അവിടുന്നു ഞങ്ങൾക്കുവേണ്ടി അദ്ഭുതം പ്രവർത്തിച്ച് അയാളെ മടക്കി അയച്ചേക്കാം.” 3അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാ പ്രവാചകനുണ്ടായി. യിരെമ്യാ അവരോടു പറഞ്ഞു: “സിദെക്കീയാ രാജാവിനോട് ഇപ്രകാരം പറയണം. 4ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നഗരമതിലുകൾക്കു പുറത്തു നിങ്ങളെ ഉപരോധിക്കുന്ന ബാബിലോൺ രാജാവിനോടും അദ്ദേഹത്തിന്റെ #21:4 കല്ദയരോടും എന്നു മൂലഭാഷയിൽ.സൈന്യത്തോടും യുദ്ധം ചെയ്യാൻ നിങ്ങൾ കൈയിൽ പിടിച്ചിരിക്കുന്ന ആയുധങ്ങൾ ഞാൻ നഗരമധ്യത്തിൽ കൂട്ടിയിടും. 5നീട്ടിപ്പിടിച്ച കരംകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും രോഷത്തോടും ഉഗ്രക്രോധത്തോടും ഞാൻ നിങ്ങളോടു യുദ്ധം ചെയ്യും. 6ഈ നഗരവാസികളെയെല്ലാം ഞാൻ സംഹരിക്കും; വലിയ മഹാമാരികൊണ്ടു മനുഷ്യരും മൃഗങ്ങളും നശിക്കും. 7യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ സേവകരെയും മഹാമാരി, വാൾ, ക്ഷാമം എന്നിവയെ അതിജീവിക്കുന്ന നഗരവാസികളെയും ബാബിലോൺരാജാവായ നെബുഖദ്നേസരിന്റെയും അവരുടെ ജീവനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശത്രുക്കളുടെയും കൈയിൽ ഏല്പിക്കും; അയാൾ അവരെ സംഹരിക്കും; അവരോടു കരുണയോ വിട്ടുവീഴ്ചയോ അനുകമ്പയോ കാണിക്കയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”
8നീ ഈ ജനത്തോടു പറയണം, സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ ഞാൻ ജീവന്റെയും മരണത്തിന്റെയും മാർഗങ്ങൾ നിങ്ങളുടെ മുമ്പിൽ വയ്‍ക്കുന്നു. 9ഈ നഗരത്തിൽ വസിക്കുന്നവർ വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും; എന്നാൽ പുറത്തുചെന്നു നിങ്ങളെ വളഞ്ഞിരിക്കുന്ന ബാബിലോൺസൈന്യത്തിനു കീഴടങ്ങുന്നവൻ ജീവിക്കും; അവനു സ്വജീവനെങ്കിലും രക്ഷിക്കാൻ കഴിയും. 10നന്മയ്‍ക്കായിട്ടല്ല, പ്രത്യുത തിന്മയ്‍ക്കായിട്ടാണ് എന്റെ മുഖം ഈ നഗരത്തിന്റെ നേരേ തിരിച്ചിരിക്കുന്നതെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; അതു ബാബിലോൺ രാജാവിന്റെ കൈയിൽ ഏൽപിക്കപ്പെടും; അയാൾ അത് അഗ്നിക്കിരയാക്കും.
രാജകുടുംബത്തിന്മേൽ ന്യായവിധി
11സർവേശ്വരന്റെ വാക്കു കേൾക്കുക എന്നു യെഹൂദാരാജാവിന്റെ ഭവനത്തോടു നീ പറയണം. 12ദാവീദുഗൃഹമേ, അവിടുന്ന് അരുളിച്ചെയ്യുന്നു: “ദിനംതോറും നീതി നടത്തുവിൻ; കൊള്ളയടിക്കപ്പെട്ടവനെ മർദകരുടെ കൈയിൽനിന്നു രക്ഷിക്കുവിൻ; അല്ലെങ്കിൽ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾ നിമിത്തം എന്റെ ക്രോധം അഗ്നിപോലെ ആളിക്കത്തും; ആർക്കും അതു ശമിപ്പിക്കാൻ കഴിയുകയില്ല. 13സമതലപ്രദേശത്ത് ഉയർന്നു നില്‌ക്കുന്ന പാറയിൽ പാർക്കുന്ന യെരൂശലേംനിവാസികളേ, ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ആരു ഞങ്ങൾക്കെതിരെ വരും? ഞങ്ങളുടെ പാർപ്പിടങ്ങളിൽ ആരു പ്രവേശിക്കും എന്നു നിങ്ങൾ പറയുന്നു. 14നിങ്ങളുടെ പ്രവൃത്തികൾക്കു അനുസൃതമായി ഞാൻ നിങ്ങളെ ശിക്ഷിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. അവളുടെ വനത്തിനു ഞാൻ തീവയ്‍ക്കും; ചുറ്റുമുള്ള സകലത്തെയും അതു ദഹിപ്പിക്കും”. ഇതു സർവേശ്വരന്റെ വചനം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 21: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.