JAKOBA 5

5
ധനവാന്മാർക്ക് മുന്നറിയിപ്പ്
1ധനവാന്മാരേ, നിങ്ങൾക്കു വരുവാൻ പോകുന്ന ദുരിതങ്ങൾ ഓർത്ത് വിലപിച്ചു കരയുക. 2നിങ്ങളുടെ സമ്പത്തു ജീർണിച്ചും നിങ്ങളുടെ വസ്ത്രങ്ങൾ പുഴു കരണ്ടും നശിച്ചിരിക്കുന്നു. 3നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും. തീ എന്നപോലെ അതു നിങ്ങളുടെ മാംസം കാർന്നുതിന്നും. അന്ത്യനാളുകൾക്കുവേണ്ടി നിങ്ങൾ നിക്ഷേപം കൂട്ടിവയ്‍ക്കുന്നു. 4ഇതാ, നിങ്ങളുടെ നിലം കൊയ്ത തൊഴിലാളികളെ വഞ്ചിച്ചു പിടിച്ചുവച്ച കൂലി ഉച്ചത്തിൽ നിലവിളിക്കുന്നു. ആ കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ ദൈവത്തിന്റെ ചെവികളിൽ എത്തിയിരിക്കുന്നു. 5ഭൂമിയിൽ നിങ്ങൾ ആഡംബരത്തിലും സുഖലോലുപതയിലും ജീവിച്ചു; കശാപ്പു നടത്തുന്ന ദിവസത്തേക്കെന്നവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു. 6നിങ്ങൾ നീതിമാനെ കുറ്റവാളിയെന്നു വിധിച്ചുകൊന്നു. അവിടുന്നാകട്ടെ നിങ്ങളോട് എതിർത്തുനില്‌ക്കുന്നില്ല.
ക്ഷമയും പ്രാർഥനയും
7സഹോദരരേ, കർത്താവിന്റെ ആഗമനംവരെ ക്ഷമയോടെ ഇരിക്കുക. ഭൂമിയിൽനിന്നു മെച്ചപ്പെട്ട ഫലം കിട്ടുന്നതിനു കർഷകൻ മുൻമഴയ്‍ക്കായും പിൻമഴയ്‍ക്കായും ക്ഷമാപൂർവം കാത്തിരിക്കുന്നുവല്ലോ. 8നിങ്ങളും ക്ഷമയോടുകൂടിയിരിക്കുക. നിങ്ങളുടെ മനസ്സ് ഉറപ്പിക്കുക. കർത്താവിന്റെ ആഗമനം അടുത്തിരിക്കുന്നു. 9സഹോദരരേ, നിങ്ങൾ വിധിക്കപ്പെടാതെയിരിക്കുവാൻ അന്യോന്യം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുക. ഇതാ, വിധികർത്താവ് വാതില്‌ക്കൽ നില്‌ക്കുന്നു. 10സഹോദരരേ, സർവേശ്വരന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാർ നിങ്ങൾക്കു സഹനത്തിന്റെയും ക്ഷമയുടെയും മാതൃകയായിരിക്കട്ടെ. 11അചഞ്ചലരായി ഉറച്ചുനിന്നിട്ടുള്ളവരെ അനുഗൃഹീതരെന്നു നാം പ്രകീർത്തിക്കുന്നു. യോബിന്റെ സഹിഷ്ണുതയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. യോബിനെപ്പറ്റി സർവേശ്വരന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവും ഉള്ളവനെന്നും നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.
12സഹോദരരേ, സർവോപരി സ്വർഗത്തെയോ, ഭൂമിയെയോ, മറ്റേതെങ്കിലും ഒന്നിനെയോ ചൊല്ലി സത്യം ചെയ്യരുത്. നിങ്ങൾ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ നിങ്ങൾ ‘അതെ’ എന്നു പറയുന്നത് ‘അതെ’ എന്നും ‘അല്ല’ എന്നു പറയുന്നത് ‘അല്ല’ എന്നും ആയിരിക്കട്ടെ.
13നിങ്ങളിൽ കഷ്ടത സഹിക്കുന്നവൻ പ്രാർഥിക്കട്ടെ; സന്തോഷിക്കുന്നവൻ സ്തോത്രഗാനം ആലപിക്കട്ടെ. 14രോഗശയ്യയിൽ കിടക്കുന്നവൻ സഭാമുഖ്യരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പൂശി ആ രോഗിക്കുവേണ്ടി പ്രാർഥിക്കട്ടെ. 15വിശ്വാസത്തോടുകൂടിയ പ്രാർഥന രോഗിയെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കുകയും ചെയ്യും. 16നിങ്ങൾക്കു രോഗശാന്തി ഉണ്ടാകേണ്ടതിന് പരസ്പരം പാപം ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി മറ്റൊരുവൻ പ്രാർഥിക്കുക. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു.
17ഏലിയാ നമ്മെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കുവാൻവേണ്ടി അദ്ദേഹം ശുഷ്കാന്തിയോടെ പ്രാർഥിച്ചു. അതിന്റെ ഫലമായി മൂന്നര വർഷം ഭൂമിയിൽ മഴ പെയ്തില്ല. 18അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നല്‌കി; ഭൂമി അതിന്റെ ഫലങ്ങൾ നല്‌കുകയും ചെയ്തു.
19എന്റെ സഹോദരരേ, നിങ്ങളിൽ ആരെങ്കിലും സത്യത്തിൽനിന്നു വ്യതിചലിക്കുകയും, മറ്റൊരാൾ അയാളെ തിരിച്ചു വരുത്തുകയും ചെയ്താൽ, 20പാപിയെ അവന്റെ വഴിയിൽനിന്നു തിരിക്കുന്നവൻ, അവന്റെ ആത്മാവിനെ മരണത്തിൽനിന്നു രക്ഷിക്കുകയും അവന്റെ അസംഖ്യമായ പാപങ്ങൾ മറയ്‍ക്കുകയും ചെയ്യുന്നു എന്നുള്ളത് ഓർത്തുകൊള്ളുക.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JAKOBA 5: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

JAKOBA 5 - നുള്ള വീഡിയോ