ISAIA 56
56
1സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ന്യായം പാലിക്കൂ, നീതി പ്രവർത്തിക്കൂ, എന്റെ രക്ഷ താമസിയാതെ വന്നെത്തും. എന്റെ മോചനം വെളിപ്പെടും. 2ശബത്തിനെ അശുദ്ധമാക്കാതെ പാലിക്കുന്നവൻ തിന്മയിൽനിന്നു തന്റെ കൈകൾ അകറ്റി നിർത്തുന്നതുകൊണ്ട് ഇതു ചെയ്യുന്ന മനുഷ്യനും ഇതിൽ മുറുകെപ്പിടിക്കുന്ന മനുഷ്യപുത്രനും അനുഗൃഹീതൻ.
3“സർവേശ്വരൻ തീർച്ചയായും അവിടുത്തെ ജനത്തിൽനിന്ന് എന്നെ വേർതിരിക്കും” എന്ന് സർവേശ്വരനോടു ചേർന്നിട്ടുള്ള പരദേശിയും “കാണുക, ഞാൻ ഒരു ഉണക്കമരമാണെന്ന്” ഷണ്ഡനും പറയാതിരിക്കട്ടെ. കാരണം, സർവേശ്വരൻ അരുളിച്ചെയ്യുന്നു: 4“എന്റെ ശബത്തുകൾ പാലിക്കുകയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയും എന്റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്ന 5ഷണ്ഡന്മാർക്ക് ഞാൻ എന്റെ ആലയത്തിലും എന്റെ മതിലുകൾക്കുള്ളിലും എന്റെ പുത്രീപുത്രന്മാരെക്കാൾ ശ്രേഷ്ഠമായൊരു സ്മാരകവും നാമവും നല്കും. വിച്ഛേദിക്കപ്പെടാത്തതും എന്നും നിലനില്ക്കുന്നതുമായ ഒരു നാമവും ഞാൻ അവർക്കു നല്കും.
6സർവേശ്വരനെ സേവിച്ച്, അവിടുത്തെ നാമത്തെ സ്നേഹിച്ച്, അവിടുത്തെ ദാസരായിരിക്കാൻ അവിടുത്തോടു ചേർന്നുനില്ക്കുന്ന പരദേശികളേ, ശബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്നവരെ 7ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്കു കൊണ്ടുവന്ന് എന്റെ പ്രാർഥനാലയത്തിൽ അവർക്കും സന്തോഷം നല്കും. എന്റെ യാഗപീഠത്തിൽ അവരുടെ ദഹനയാഗങ്ങളും യാഗങ്ങളും സ്വീകരിക്കും. എന്റെ ആലയം എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും. 8ഇസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിവരുത്തുന്ന സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “ഇപ്പോൾ കൂടിവന്നിരിക്കുന്നവരെ കൂടാതെ മറ്റുള്ളവരെയും ഞാൻ കൂട്ടിവരുത്തും.”
9വയലിലെയും കാട്ടിലെയും സകല മൃഗങ്ങളുമേ, വന്നു ഭക്ഷിക്കുവിൻ. അവന്റെ കാവല്ക്കാർ അന്ധരാണ്; അവർ എല്ലാവരും അറിവില്ലാത്തവരാണ്; 10അവർ എല്ലാം കുരയ്ക്കാൻ കഴിയാത്ത ഊമനായ്ക്കളാണ്; അവർ ഉറക്കപ്രിയരായി സ്വപ്നം കണ്ടു കിടക്കുന്നു. 11ഈ നായ്ക്കൾക്കു വല്ലാത്ത വിശപ്പാണ്; ഇവയ്ക്ക് ഒരിക്കലും തൃപ്തിവരുന്നില്ല. ഇടയന്മാർക്ക് ഒന്നും മനസ്സിലാകുന്നില്ല; അവർ എല്ലാവരും അവനവന്റെ നേട്ടത്തിനുവേണ്ടി അവനവന്റെ വഴിക്കുപോകുന്നു. 12അവർ പറയുന്നു: “വരൂ പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു ലഹരിപാനീയം നിറയെ കുടിക്കാം. ഇന്നത്തെപ്പോലെ നാളെയും അളവില്ലാതെ കുടിക്കാം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 56: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.