ISAIA 54

54
ഇസ്രായേലിനോടുള്ള വാത്സല്യം
1പ്രസവിക്കാത്ത വന്ധ്യേ, പാടുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആർത്തുല്ലസിച്ചു പാടുക. ഭർത്താവ് ഉപേക്ഷിച്ചവളുടെ മക്കൾ ഭർത്തൃമതിയുടെ മക്കളെക്കാൾ അധികമായിരിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 2നിന്റെ കൂടാരം വിസ്തൃതമാക്കുക. പാർപ്പിടങ്ങളുടെ തിരശ്ശീലകൾ നിവർത്തി നീട്ടുക. കൂടാരത്തിന്റെ കയറുകൾ എത്രയും നീട്ടി കുറ്റികൾ ബലപ്പെടുത്തുക. 3നീ ഇടത്തോട്ടും വലത്തോട്ടും അതിദൂരം വ്യാപിക്കും. നിന്റെ സന്താനപരമ്പര ജനതകളെ കീഴടക്കി, ശൂന്യനഗരങ്ങൾ ജനനിബിഡമാക്കും.
4ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല. പരിഭ്രമിക്കേണ്ടാ, നീ അപമാനിതയാവുകയില്ല. നിന്റെ യൗവനത്തിലെ അപമാനം നീ വിസ്മരിക്കും. വൈധവ്യത്തിന്റെ അപകീർത്തി നീ ഓർക്കുകയില്ല. 5കാരണം, നിന്റെ സ്രഷ്ടാവാണു നിന്റെ ഭർത്താവ്. സർവശക്തനായ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം. നിന്റെ വിമോചകനായ അവിടുന്ന് ഇസ്രായേലിന്റെ പരിശുദ്ധനാണ്. സർവഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടുന്നു. 6യൗവനത്തിൽതന്നെ ഉപേക്ഷിക്കപ്പെട്ട ഭാര്യയെപ്പോലെ ദുഃഖിതയും പരിത്യക്തയുമായ നിന്നെ സർവേശ്വരൻ തിരിച്ചുവിളിക്കുന്നു എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു. 7അല്പസമയത്തേക്കു ഞാൻ നിന്നെ ഉപേക്ഷിച്ചു; എന്നാൽ അനുകമ്പാതിരേകത്തോടെ ഞാൻ നിന്നെ തിരിച്ചെടുക്കും. 8കോപാധിക്യംകൊണ്ട് അല്പസമയത്തേക്ക് എന്റെ മുഖം നിന്നിൽനിന്നു മറച്ചു. എന്നാൽ ശാശ്വതമായ സ്നേഹത്തോടെ ഞാൻ നിന്നിൽ കരുണകാട്ടും. നിന്റെ വിമോചകനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.
9എനിക്കീ നാളുകൾ നോഹയുടെ കാലം പോലെയാണ്. ഇനിമേൽ വെള്ളം ഭൂമിയെ മൂടുകയില്ലെന്ന് അന്നു ഞാൻ ശപഥം ചെയ്തിരുന്നു. അതുപോലെ, “ഞാൻ ഇനിമേൽ നിന്നോടു കോപിക്കുകയോ നിന്നെ ശകാരിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്യുന്നു.” 10മലകൾ മാറിപ്പോയേക്കാം, കുന്നുകൾ നീക്കപ്പെട്ടേക്കാം. എങ്കിലും എന്റെ സുസ്ഥിരമായ സ്നേഹം നിന്നെ വിട്ടുമാറുകയില്ല. എന്റെ സമാധാന ഉടമ്പടി മാറ്റപ്പെടുകയില്ല. നിന്നോടനുകമ്പയുള്ള സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.
യെരൂശലേമിന്റെ ഭാവി
11പീഡിതയും കൊടുങ്കാറ്റിൽ ആടിയുലയുന്നവളും ആശ്വാസം ലഭിക്കാതെ കഴിയുന്നവളുമേ, ഇന്ദ്രനീലരത്നംകൊണ്ടു നിന്റെ അടിസ്ഥാനം ഉറപ്പിക്കും. അഞ്ജനക്കല്ലുകൊണ്ട് നിന്നെ നിർമിക്കും. 12നിന്റെ താഴികക്കുടങ്ങൾ പത്മരാഗംകൊണ്ടും ഗോപുരങ്ങൾ പുഷ്യരാഗംകൊണ്ടും ഭിത്തികൾ അനർഘരത്നംകൊണ്ടും ഞാൻ നിർമിക്കും. 13സർവേശ്വരൻ നിന്റെ പുത്രന്മാരെ പഠിപ്പിക്കും. അവർക്കു സമൃദ്ധിയും സമാധാനവും ലഭിക്കും. 14നീ നീതിയിൽ ഉറച്ചുനില്‌ക്കും. പീഡനം നിനക്ക് ഉണ്ടാവുകയില്ല. ഭീതിയും ഭീകരതയും നിന്നെ സമീപിക്കയില്ല. 15ആരെങ്കിലും കലാപം ഇളക്കിവിട്ടാൽ അതു ഞാൻ നിമിത്തമായിരിക്കില്ല. നീ നിമിത്തം അവർ നിലംപതിക്കും. 16തീക്കനൽകൊണ്ട് ഇരുമ്പു പഴുപ്പിച്ച് ആയുധങ്ങൾ നിർമിക്കുന്ന ഇരുമ്പുപണിക്കാരനെ സൃഷ്‍ടിച്ചതു ഞാനാണ്. ഈ ആയുധങ്ങൾകൊണ്ടു മനുഷ്യരെ കൊല്ലുന്നവനെ സൃഷ്‍ടിച്ചതും ഞാൻ തന്നെ. നിന്നെ നശിപ്പിക്കാൻ ഉണ്ടാക്കിയ ഒരായുധവും പ്രയോജനപ്പെടുകയില്ല. 17ന്യായവിധിയിൽ നിനക്കെതിരെ ഉയരുന്ന ഓരോ വാദവും നീ ഖണ്ഡിക്കും. ഇതു സർവേശ്വരന്റെ ദാസന്മാരുടെ അവകാശവും എന്റെ നീതി നടത്തലുമാണെന്ന് സർവേശ്വരൻ അരുളിച്ചെയ്യുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 54: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക