ISAIA 53
53
1നാം കേട്ടത് ആരു വിശ്വസിച്ചിട്ടുണ്ട്? സർവേശ്വരന്റെ കരം ആർക്കു വെളിപ്പെട്ടിട്ടുണ്ട്? 2അവൻ അവിടുത്തെ മുമ്പിൽ ഒരു ഇളംചെടിപോലെ വരണ്ട ഭൂമിയിൽ നിന്നുള്ള മുളപോലെ വളർന്നു. ആകർഷകമായ രൂപമോ, ഗാംഭീര്യമോ അവനുണ്ടായിരുന്നില്ല. നമ്മെ മോഹിപ്പിക്കത്തക്ക സൗന്ദര്യവും ഇല്ലായിരുന്നു. 3അവൻ മനുഷ്യരാൽ നിന്ദിതനായി പുറന്തള്ളപ്പെട്ടു. അവൻ ദുഃഖിതനും നിരന്തരം കഷ്ടത അനുഭവിക്കുന്നവനും ആയിരുന്നു. കാണുന്നവർ മുഖം തിരിക്കത്തക്കവിധം അവൻ നിന്ദിതനായിരുന്നു. നാം അവനെ ആദരിച്ചുമില്ല.
4നിശ്ചയമായും നമ്മുടെ വ്യഥകളാണ് അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണു ചുമന്നത്. എന്നിട്ടും ദൈവം അവനെ ശിക്ഷിക്കുകയും പ്രഹരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേറ്റു. 5നമ്മുടെ അപരാധങ്ങൾക്കുവേണ്ടി ദണ്ഡനമേറ്റു. അവൻ അനുഭവിച്ച ശിക്ഷ നമുക്കു രക്ഷ നല്കി. അവൻ ഏറ്റ അടിയുടെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു. 6നാമെല്ലാവരും ആടുകളെപ്പോലെ വഴിതെറ്റിപ്പോയി. ഓരോരുത്തരും അവരവരുടെ വഴിക്കു പോയി. നമ്മുടെ അകൃത്യങ്ങളും സർവേശ്വരൻ അവന്റെമേൽ ചുമത്തി.
7മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടും അവൻ നിശ്ശബ്ദനായിരുന്നു. കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പിൽ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം അവലംബിച്ചു. 8മർദനത്താലും ശിക്ഷാവിധിയാലും അവൻ കൊല്ലപ്പെട്ടു. എന്റെ ജനത്തിന്റെ അതിക്രമം നിമിത്തമാണ് അവൻ പീഡനം സഹിക്കുകയും ജീവിക്കുന്നവരുടെ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടുകയും ചെയ്തതെന്ന് അവന്റെ തലമുറയിൽ ആരോർത്തു? 9അവൻ ഒരതിക്രമവും പ്രവർത്തിച്ചില്ല; അവന്റെ നാവിൽ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അവൻ ദുഷ്ടരുടെയും ധനികരുടെയും ഇടയിൽ സംസ്കരിക്കപ്പെട്ടു.
10അവൻ ദണ്ഡിപ്പിക്കപ്പെട്ടത് ദൈവേച്ഛപ്രകാരമായിരുന്നു. അവിടുന്നാണ് അവനെ സങ്കടത്തിലാക്കിയത്. പാപപരിഹാരയാഗമായി സ്വയം അർപ്പിച്ചശേഷം അവൻ ദീർഘായുസ്സോടെയിരുന്നു തന്റെ സന്താനപരമ്പരയെ കാണും. അവനിൽകൂടി സർവേശ്വരന്റെ ഹിതം നിറവേറും. 11തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവൻ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസൻ തന്റെ ജ്ഞാനംകൊണ്ട് അനേകരെ നീതീകരിക്കും. അവരുടെ അകൃത്യങ്ങൾ വഹിക്കും. 12അതുകൊണ്ട് ഞാൻ മഹാന്മാരുടെ കൂടെ അവന് ഓഹരി നല്കും. ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും. അവൻ തന്റെ പ്രാണനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും സ്വയം പാപികളുടെ കൂടെ എണ്ണപ്പെടുകയും ചെയ്തുവല്ലോ. അങ്ങനെ അനേകരുടെ പാപഭാരം അവൻ ചുമന്നു. അതിക്രമക്കാർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 53: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.