ISAIA 48

48
ഇസ്രായേലിന്റെ നിർബന്ധബുദ്ധി
1ഇസ്രായേൽ എന്നു പേരു വിളിക്കപ്പെട്ടവരും യെഹൂദായുടെ കടിപ്രദേശത്തു നിന്ന് ഉദ്ഭവിച്ചവരും സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും ഇസ്രായേലിന്റെ ദൈവത്തെ ഏറ്റുപറയുന്നവരുമായ യാക്കോബുഗൃഹമേ, ഇതു കേൾക്കുക. 2കാരണം, അവർ തങ്ങളെത്തന്നെ വിശുദ്ധനഗരം എന്നു വിളിക്കുകയും ഇസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്നു; സൈന്യങ്ങളുടെ സർവേശ്വരൻ എന്നാകുന്നു അവിടുത്തെ നാമം.
3കഴിഞ്ഞ കാര്യങ്ങൾ ഞാൻ പണ്ടുതന്നെ പ്രഖ്യാപിച്ചു. അവ എന്റെ വായിൽനിന്നു പുറപ്പെട്ടു; ഞാൻ അവയെ വെളിപ്പെടുത്തി. പിന്നീട് പെട്ടെന്ന് ഞാൻ അവ ചെയ്തു. അവ സംഭവിക്കുകയും ചെയ്തു. 4നീ നിർബന്ധബുദ്ധിയുള്ളവനെന്നും നിന്റെ കഴുത്ത് ഇരുമ്പ് കണ്ഡരയാണെന്നും നിന്റെ നെറ്റി പിച്ചളയാണെന്നും എനിക്കറിയാം. 5ഞാൻ അവ പണ്ടുതന്നെ പ്രഖ്യാപിച്ചു; “എന്റെ വിഗ്രഹം അതു ചെയ്തു എന്നും എന്റെ കൊത്തുവിഗ്രഹവും വാർപ്പുവിഗ്രഹവുമാണ് അവ കല്പിച്ചത് എന്നും നീ പറയാതിരിക്കാൻ അവ സംഭവിക്കും മുമ്പേ ഞാൻ അവ നിന്നോട് അറിയിച്ചു.
6നീ കേട്ടു കഴിഞ്ഞു; ഇപ്പോൾ ഇതെല്ലാം കാണുക; നീ അതു പ്രഖ്യാപിക്കുകയില്ലേ? ഇപ്പോൾ മുതൽ ഞാൻ നിന്നെ പുതിയ കാര്യങ്ങൾ കേൾപ്പിക്കും; 7നിനക്ക് അറിയാൻ പാടില്ലാത്ത മറഞ്ഞിരിക്കുന്ന കാര്യങ്ങൾ. അവ പണ്ടല്ല ഇപ്പോൾതന്നെ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്നു; എനിക്ക് അറിയാമെന്ന് പറയാതിരിക്കാൻ ഇന്നുവരെ നീ അവയെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല. 8നീ ഒരിക്കലും കേൾക്കുകയോ അറിയുകയോ ചെയ്തിട്ടില്ല. നിന്റെ ചെവി പണ്ടുമുതൽ തുറക്കപ്പെട്ടിട്ടുമില്ല. കാരണം നീ ദ്രോഹപരമായി പെരുമാറുമെന്നും ജനനംമുതൽ നീ നിഷേധിയെന്നു വിളിക്കപ്പെടുമെന്നും ഞാൻ അറിഞ്ഞു.
9എന്റെ നാമത്തെ പ്രതി ഞാൻ എന്റെ കോപത്തെ കീഴ്പെടുത്തി; എന്റെ പുകഴ്ചയെ പ്രതി ഞാനതു നിനക്കുവേണ്ടി അടക്കുന്നു. അങ്ങനെ ഞാൻ നിന്നെ ഛേദിക്കാതിരുന്നു. 10ഇതാ, ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു; വെള്ളിപോലെ അല്ല ഞാൻ നിന്നെ കഷ്ടതയാകുന്ന ചൂളയിൽ ശോധന ചെയ്തിരിക്കുന്നു. 11എനിക്കുവേണ്ടി, എനിക്കുവേണ്ടിത്തന്നെ ഞാനതു ചെയ്യുന്നു, കാരണം എന്റെ നാമം എങ്ങനെ അശുദ്ധമാകും? എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കുകയില്ല.
12യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന ഇസ്രായേലേ, എന്റെ വാക്കു ശ്രദ്ധിച്ചുകേൾക്കുവിൻ! ഞാനാണു ദൈവം, ഞാൻ ആദിയും അന്തവുമാകുന്നു. 13ഭൂമിക്ക് അടിസ്ഥാനമിട്ടത് എന്റെ കൈയാണ്, ആകാശത്തെ വിരിച്ചത് എന്റെ വലതുകരമാണ്; ഞാൻ അവയെ വിളിക്കുമ്പോൾ അവ ഒരുമിച്ചു മുമ്പോട്ടുവന്നു നില്‌ക്കുന്നു.
14നിങ്ങൾ എല്ലാവരും ഒന്നിച്ചുകൂടി കേൾക്കുവിൻ! അവരിൽ ആരാണ് ഈ കാര്യങ്ങൾ പ്രഖ്യാപിച്ചത്? സർവേശ്വരൻ അവനെ സ്നേഹിക്കുന്നു; ബാബിലോണിൽ അവിടുത്തെ ലക്ഷ്യം നിറവേറ്റും; കൽദായർക്ക് എതിരായിരിക്കും അവന്റെ കരം. 15ഞാൻ, ഞാനാണ് അവനെ വിളിച്ച് അവനോട് സംസാരിച്ചത്; ഞാനാണ് അവനെ കൊണ്ടുവന്നത് അവൻ അവന്റെ മാർഗം വിജയകരമാക്കും. 16എന്റെ അടുക്കൽവന്നു നിങ്ങൾ ഇതു കേൾക്കൂ: “ആദിമുതൽ ഞാൻ രഹസ്യത്തിലല്ല സംസാരിച്ചത്; അത് ഉണ്ടായതു മുതൽ ഞാനവിടെ ഉണ്ടായിരുന്നു. ഇപ്പോൾ സർവേശ്വരനായ ദൈവം എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.”
17ഇസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിനക്ക് നന്മയുണ്ടാകാൻ അഭ്യസിപ്പിക്കുകയും നീ പോകേണ്ട വഴിയിൽ നിന്നെ നയിക്കുകയും ചെയ്യുന്ന ഞാനാണ് നിന്റെ ദൈവമായ സർവേശ്വരൻ.”
18ഹാ, നീ എന്റെ കല്പനകൾ ശ്രദ്ധിച്ചു കേട്ടിരുന്നെങ്കിൽ! നിന്റെ സമാധാനം ഒരു നദിപോലെയും നിന്റെ നീതി കടലിലെ തിരമാലകൾപോലെയും ആകുമായിരുന്നു. 19നിന്റെ സന്തതികൾ മണൽപോലെയും നിന്റെ പിൻഗാമികൾ മണൽത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്നിൽനിന്ന് ഒരിക്കലും വിച്ഛേദിക്കപ്പെടുകയോ നശിപ്പിക്കുകയോ ഇല്ലായിരുന്നു.
20ബാബിലോണിൽനിന്നു പുറപ്പെടുക; കൽദായരെ വിട്ട് ഓടിപ്പോകുക, സന്തോഷത്തോടെ ഇതു പ്രഖ്യാപിക്കുക, ഇതു പ്രസ്താവിക്കുക, സർവേശ്വരൻ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു ഭൂമിയുടെ അതിർത്തികളോളം പറയുവിൻ. 21അവിടുന്ന് അവരെ മരുഭൂമികളിൽകൂടി നയിച്ചപ്പോൾ അവർക്കു ദാഹിച്ചില്ല; അവിടുന്ന് അവർക്കുവേണ്ടി പാറയിൽനിന്നും വെള്ളം ഒഴുക്കി; അവിടുന്നു പാറ പിളർന്നു, വെള്ളം കുതിച്ചു ചാടി. 22“ദുഷ്ടന്മാർക്ക് സമാധാനമില്ല” എന്ന് സർവേശ്വരൻ അരുളിച്ചെയ്യുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 48: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക