ISAIA 39

39
ദൂതന്മാർ ബാബിലോണിൽനിന്ന്
(2 രാജാ. 20:12-19)
1അക്കാലത്ത് ബലദാന്റെ പുത്രനായ മെരോദക്ക്-ബലദാൻ എന്ന ബാബിലോൺരാജാവ് ഹിസ്കിയാരാജാവിന്റെ രോഗവും അതിൽനിന്നുള്ള വിടുതലും അറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കൽ എഴുത്തും സമ്മാനവുമായി ദൂതന്മാരെ അയച്ചു. 2ഹിസ്കിയാരാജാവ് അവരെ സ്വീകരിച്ചു. തന്റെ ഭണ്ഡാരവും സ്വർണം, വെള്ളി, സുഗന്ധദ്രവ്യങ്ങൾ, അമൂല്യതൈലങ്ങൾ, ആയുധശേഖരം എന്നിങ്ങനെ തന്റെ സംഭരണശാലകളിലുള്ള സർവവും അവർക്കു കാണിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ അവരെ കാണിക്കാത്ത യാതൊന്നും ഉണ്ടായിരുന്നില്ല. 3യെശയ്യാപ്രവാചകൻ ഹിസ്കിയാ രാജാവിന്റെ അടുക്കൽ ചെന്നു: “ഈ മനുഷ്യർ പറയുന്നത് എന്ത്? ഇവർ അങ്ങയുടെ അടുക്കൽ എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു. “ഇവർ വിദൂരസ്ഥലമായ ബാബിലോണിൽനിന്നു വന്നവരാണെന്നു” ഹിസ്കിയ മറുപടി പറഞ്ഞു. 4“അവർ അങ്ങയുടെ കൊട്ടാരത്തിൽ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകൻ ചോദിച്ചു. “എന്റെ കൊട്ടാരത്തിലുള്ളതെല്ലാം അവർ കണ്ടു. ഞാൻ കാണിച്ചു കൊടുക്കാത്തതായി എന്റെ ഭണ്ഡാരത്തിൽ ഇനി ഒന്നും ഇല്ല” എന്നു ഹിസ്കിയാ പറഞ്ഞു.
5അപ്പോൾ യെശയ്യാ ഹിസ്കിയായോടു പറഞ്ഞു: “സർവശക്തനായ സർവേശ്വരന്റെ അരുളപ്പാടു കേൾക്കുക. 6“ഇതാ അങ്ങയുടെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചിട്ടുള്ളതും അങ്ങയുടെ ഭണ്ഡാരത്തിൽ സ്വരൂപിച്ചിട്ടുള്ളതുമായ സർവസ്വവും ബാബിലോണിലേക്കു കൊണ്ടുപോകുന്ന നാൾ വരുന്നു. ഒന്നും തന്നെ ശേഷിക്കുകയില്ല; 7അങ്ങയുടെ സ്വന്തം പുത്രന്മാരിൽ ചിലരെ ബാബിലോണിലേക്കു കൊണ്ടുപോകും. അവർ ബാബിലോൺരാജാവിന്റെ കൊട്ടാരത്തിലെ ഷണ്ഡന്മാരായിരിക്കും.” 8തന്റെ ഭരണകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കും എന്നു കരുതി ഹിസ്കിയാ യെശയ്യായോടു പറഞ്ഞു. “അങ്ങ് അറിയിച്ച സർവേശ്വരന്റെ അരുളപ്പാടു നല്ലതു തന്നെ.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 39: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക