ISAIA 35

35
വിശുദ്ധ പാത
1വിജനപ്രദേശവും വരണ്ട നിലവും സന്തോഷിക്കും. മരുഭൂമി ആനന്ദിച്ചു പുഷ്പിക്കും. 2കുങ്കുമച്ചെടിപോലെ സമൃദ്ധമായി പൂക്കൾ വിരിയും. ആനന്ദഗീതം ആലപിച്ച് ആഹ്ലാദിക്കും. ലെബാനോനെപ്പോലെ അതു മനോഹരമായിരിക്കും. ശാരോനിന്റെയും കർമ്മേലിന്റെയും പ്രൗഢി അതിനു ലഭിക്കും. അവർ സർവേശ്വരന്റെ മഹത്ത്വം, നമ്മുടെ ദൈവത്തിന്റെ മഹിമ ദർശിക്കും. 3ദുർബലമായ കരങ്ങളെ ശക്തിപ്പെടുത്തുവിൻ. തളർന്ന കാൽമുട്ടുകളെ ഉറപ്പിക്കുവിൻ. 4ഭീതിയിൽ കഴിയുന്നവനോട്, “ഭയപ്പെടേണ്ടാ, ധൈര്യമായിരിക്കൂ” എന്നു പറയുക. ഇതാ സർവേശ്വരൻ പ്രതികാരവുമായി വരുന്നു! അവിടുന്നു നിങ്ങളുടെ ശത്രുക്കളോടു പകരം വീട്ടുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും. 5അന്ന് അന്ധന്മാരുടെ കണ്ണു തുറക്കും; ബധിരരുടെ ചെവി അടഞ്ഞിരിക്കുകയില്ല. 6അന്നു മുടന്തൻ മാനിനെപ്പോലെ ചാടും. മൂകൻ ആനന്ദിച്ചുപാടും. മരുഭൂമിയിൽ നീരുറവകൾ ഉണ്ടാകും. വരണ്ട പ്രദേശത്ത് അരുവികൾ പൊട്ടിപ്പുറപ്പെടും. 7ചുട്ടുപഴുത്ത മണൽപ്പരപ്പ് ജലാശയമായി മാറും. വരണ്ട ഭൂമി നീരുറവകളായിത്തീരും. കുറുനരികൾ വിഹരിച്ചിരുന്ന വരണ്ട ഭൂമി ചതുപ്പുനിലമായി മാറും. അവിടെ പുല്ലും ഞാങ്ങണയും കോരപ്പുല്ലും വളരും. 8അവിടെ ഒരു പെരുവഴി ഉണ്ടാകും. അതിനു വിശുദ്ധവീഥി എന്ന പേരു വരും. അശുദ്ധർ അതിലൂടെ സഞ്ചരിക്കയില്ല. അവിടെ ബുദ്ധികെട്ടവർക്കുപോലും വഴി തെറ്റുകയില്ല. 9സിംഹം അവിടെ ഉണ്ടായിരിക്കുകയില്ല. ഒരു ക്രൂരമൃഗവും അവിടെ പ്രവേശിക്കുകയില്ല, കാണപ്പെടുകയുമില്ല. വിമോചിതർ മാത്രം ആ വഴിയിലൂടെ സഞ്ചരിക്കും. 10സർവേശ്വരനാൽ വീണ്ടെടുക്കപ്പെട്ടവൻ പാട്ടു പാടിക്കൊണ്ടു സീയോനിലേക്കു മടങ്ങിവരും. ശാശ്വതമായ ആനന്ദം അവരുടെ മുഖങ്ങളിൽ പരിലസിക്കും. അവർക്ക് ആനന്ദവും ഉല്ലാസവും ലഭിക്കും. സങ്കടവും നെടുവീർപ്പും അവരിൽ നിന്ന് ഓടിയകലും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 35: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക