സർവേശ്വരാ, അവിടുന്നാണ് എന്റെ ദൈവം. അങ്ങയെ ഞാൻ പുകഴ്ത്തും. അവിടുത്തെ നാമം ഞാൻ പ്രകീർത്തിക്കും. അവിടുന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്തിരിക്കുന്നു. പണ്ടേ ആവിഷ്കരിച്ച പദ്ധതികൾ അവിടുന്നു വിശ്വസ്തതയോടും സത്യത്തോടും നിറവേറ്റി. അവിടുന്നു നഗരം കല്ക്കൂമ്പാരമാക്കി. സുരക്ഷിതനഗരം ശൂന്യമാക്കി. വിദേശികളുടെ കൊട്ടാരങ്ങൾ എന്നേക്കുമായി തകർന്നു. അതിനു പുനർനിർമാണം ഉണ്ടാകയില്ല. അതിനാൽ കരുത്തുള്ള ജനത അങ്ങയുടെ മഹത്ത്വം പ്രകീർത്തിക്കും. നിർദയരായ ജനതകളുടെ നഗരങ്ങൾ അങ്ങയെ ഭയപ്പെടും. അവിടുന്നു ദരിദ്രരുടെ രക്ഷാസങ്കേതവും ആശ്രയമറ്റവർക്കു കഷ്ടതകളിൽ അഭയസ്ഥാനവുമാണ്. കൊടുങ്കാറ്റിൽ അഭയവും കൊടുംവെയിലിൽ തണലും. ക്രൂരജനതയുടെ ആക്രമണം മതിലിനെതിരെ വീശുന്ന കൊടുങ്കാറ്റുപോലെയാണ്. വരണ്ട ഭൂമിയിലെ ഉഷ്ണം എന്നപോലെ, അവിടുന്നു വിദേശികളുടെ ആരവം അടക്കുന്നു. മേഘത്തിന്റെ മറവിൽ വെയിൽ എന്നപോലെ, ക്രൂരന്മാരുടെ ഗാനം നിലയ്ക്കുന്നു. സർവശക്തനായ സർവേശ്വരൻ ഈ പർവതത്തിൽ സർവജനതകൾക്കുംവേണ്ടി ഒരു വിരുന്ന് ഒരുക്കും. മേൽത്തരം വീഞ്ഞും കൊഴുപ്പേറിയ സ്വാദിഷ്ഠഭോജ്യങ്ങളും വിളമ്പുന്ന വിരുന്ന്. സർവജനതകളെയും മൂടിയിരിക്കുന്ന വിലാപത്തിന്റെ ആവരണവും സകല ജനതകളുടെയും മേലുള്ള ദുഃഖത്തിന്റെ വിരിയും ഈ പർവതത്തിൽ വച്ചു സർവേശ്വരൻ നശിപ്പിക്കും. അവിടുന്നു മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും. എല്ലാവരുടെയും കണ്ണീർ തുടച്ചുകളയും. തന്റെ ജനത്തിന്റെ അപമാനം നീക്കുകയും ചെയ്യും. സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു. അന്ന് എല്ലാവരും ഇങ്ങനെ പറയും: “ഇതാ, നമ്മുടെ ദൈവം! അവിടുത്തെയാണു നാം കാത്തിരുന്നത്. അവിടുന്ന് നമ്മെ രക്ഷിക്കും. അവിടുന്നുതന്നെ നമ്മുടെ സർവേശ്വരൻ. അവിടുത്തേക്കു വേണ്ടിയാണു നാം കാത്തിരുന്നത്. അവിടുത്തെ രക്ഷയിൽ നമുക്ക് ആനന്ദിച്ചുല്ലസിക്കാം.”
ISAIA 25 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 25:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ