ISAIA 19

19
ഈജിപ്തിനെതിരെ
1ഈജിപ്തിനെക്കുറിച്ചുള്ള അരുളപ്പാട്; അതിശീഘ്രം ഗമിക്കുന്ന മേഘത്തെ വാഹനമാക്കി സർവേശ്വരൻ ഈജിപ്തിലേക്കു വരുന്നു. ഈജിപ്തിലെ വിഗ്രഹങ്ങൾ അവിടുത്തെ സന്നിധിയിൽ ഇളകും; ഈജിപ്തുകാരുടെ ഹൃദയം നടുങ്ങും. 2അവരെ തമ്മിൽ ഞാൻ കലഹിപ്പിക്കും, സഹോദരൻ സഹോദരനോടും അയൽക്കാരൻ അയൽക്കാരനോടും നഗരം നഗരത്തോടും രാജ്യം രാജ്യത്തോടും പടവെട്ടും. 3ഈജിപ്തുകാരുടെ മനോവീര്യം ക്ഷയിക്കും. അവരുടെ പദ്ധതികൾ ഞാൻ താറുമാറാക്കും. അവർ വിഗ്രഹങ്ങളോടും മന്ത്രവാദികളോടും വെളിച്ചപ്പാടുകളോടും പ്രശ്നക്കാരോടും ഉപദേശം ചോദിക്കും. 4ഈജിപ്തുകാരെ ഞാൻ ക്രൂരനായ ഒരു യജമാനന്റെ കൈയിൽ ഏല്പിക്കും. ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും എന്നിങ്ങനെ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.
5നൈൽനദിയിലെ വെള്ളം വറ്റും; അതിന്റെ അടിത്തട്ട് ഉണങ്ങി വിണ്ടുകീറും. 6കൈത്തോടുകളിൽനിന്നു ദുർഗന്ധം വമിക്കും. പോഷകനദികൾ വറ്റി വരളും. പുല്ലും ഞാങ്ങണയും ഉണങ്ങിപ്പോകും. 7നൈൽ നദീതടം ശൂന്യമാകും. അവിടെ വിതച്ചതെല്ലാം ഉണങ്ങിക്കരിയും. കാറ്റ് അവയെ പറത്തിക്കളയും. അവിടെ ഒന്നും അവശേഷിക്കയില്ല. 8മീൻപിടിത്തക്കാർ വിലപിക്കും. നൈൽനദിയിൽ ചൂണ്ടയിടുന്നവർ വിഷാദിക്കും. 9ചീകിയെടുത്ത ചണംകൊണ്ടു പണിയെടുക്കുന്നവരും പരുത്തികൊണ്ടു ശുഭ്രവസ്ത്രം നെയ്യുന്നവരും നിരാശരാകും. 10ദേശത്തിലെ നെയ്ത്തുകാർ തകർന്നുപോകും. കൂലിപ്പണിക്കാർ ദുഃഖിക്കും. 11സോവാനിലെ രാജാക്കന്മാർ വെറും ഭോഷന്മാർ! ഫറവോയുടെ ജ്ഞാനികളായ മന്ത്രിമാർ മൂഢമായ ഉപദേശങ്ങൾ നല്‌കുന്നു. “ഞങ്ങൾ ജ്ഞാനികളുടെയും പുരാതനരാജാക്കന്മാരുടെയും പിൻഗാമികൾ എന്ന് അവർക്ക് എങ്ങനെ ഫറവോയോടു പറയാൻ കഴിയും? ഇപ്പോൾ നിന്റെ ജ്ഞാനികൾ എവിടെ? 12സർവശക്തനായ സർവേശ്വരൻ ഈജിപ്തിനെതിരെ എന്താണു തീരുമാനിച്ചിരിക്കുന്നതെന്ന് അവർക്കറിയാമെങ്കിൽ നിനക്കു പറഞ്ഞുതരട്ടെ. 13സോവാനിലെ രാജാക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു. മെംഫീസിലെ രാജാക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഈജിപ്തിലെ ഗോത്രങ്ങളുടെ മൂലക്കല്ലുകൾ ആയിരിക്കുന്നവർ ഈജിപ്തിനെ വഴിതെറ്റിച്ചു. 14സർവേശ്വരൻ ഈജിപ്തിനു ചിന്താക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നു. മദ്യപൻ ഛർദിയിൽ കാലിടറി നടക്കുന്നതുപോലെ ഈജിപ്തിനെ അതിന്റെ സകല പ്രവൃത്തികളിലും ഇടറുമാറാക്കിയിരിക്കുന്നു. 15പ്രധാനനോ അപ്രധാനനോ എളിയവനോ നിസ്സാരനോ ഈജിപ്തിനുവേണ്ടി ഒന്നും ചെയ്യാൻ ആവുകയില്ല. 16ഈജിപ്തുകാരെ ശിക്ഷിക്കാനായി സർവേശ്വരൻ കൈ നീട്ടുമ്പോൾ അവർ സ്‍ത്രീകളെപ്പോലെ ഭയപ്പെട്ടു വിറയ്‍ക്കും. 17യെഹൂദ്യ ഈജിപ്തുകാർക്കു കൊടുംഭീതി ഉളവാക്കും. സർവശക്തനായ സർവേശ്വരൻ ഈജിപ്തിനെ ശിക്ഷിക്കാൻ പോകുന്നതോർത്ത് യെഹൂദ്യയെപ്പറ്റി കേൾക്കുന്നവരെല്ലാം സംഭീതരാകും. 18അന്ന് എബ്രായഭാഷ സംസാരിക്കുന്ന അഞ്ചുപട്ടണങ്ങൾ ഈജിപ്തിലുണ്ടായിരിക്കും. അവ സർവേശ്വരനോടു ശപഥം ചെയ്തു കൂറു പ്രഖ്യാപിക്കും. അവയിൽ ഒന്ന് സൂര്യനഗരം എന്നു വിളിക്കപ്പെടും. 19അന്ന് ഈജിപ്തിന്റെ മധ്യഭാഗത്തു സർവേശ്വരന് ഒരു യാഗപീഠവും അതിന്റെ അതിർത്തിയിൽ അവിടുത്തേക്ക് ഒരു സ്തംഭവും ഉണ്ടായിരിക്കും. 20ഈജിപ്തുദേശത്ത് അതു സർവശക്തനായ സർവേശ്വരന്റെ അടയാളവും സാക്ഷ്യവുമായിരിക്കും. മർദകന്റെ പീഡനംനിമിത്തം അവർ സർവേശ്വരനോടു നിലവിളിക്കുമ്പോൾ അവിടുന്ന് ഒരു രക്ഷകനെ അയയ്‍ക്കും. അവിടുന്ന് അവർക്കുവേണ്ടി പോരാടി അവരെ മോചിപ്പിക്കും. 21അങ്ങനെ അവിടുന്നു തന്നെത്തന്നെ ഈജിപ്തിനു വെളിപ്പെടുത്തുകയും ഈജിപ്തുകാർ സർവേശ്വരനെ അറിഞ്ഞു ഹോമയാഗവും വഴിപാടും കഴിക്കുകയും നേർച്ച നേരുകയും അതു നിറവേറ്റുകയും ചെയ്യും. 22സർവേശ്വരൻ ഈജിപ്തിനെ പ്രഹരിക്കും. പിന്നീട് അവരെ സുഖപ്പെടുത്തും. അവർ സർവേശ്വരനിലേക്കു തിരിയുകയും അവിടുന്ന് അവരുടെ പ്രാർഥന കേട്ട് അവർക്കു സൗഖ്യം നല്‌കുകയും ചെയ്യും. 23അക്കാലത്ത് ഈജിപ്തിൽനിന്ന് അസ്സീറിയയിലേക്ക് ഒരു രാജപാത ഉണ്ടായിരിക്കും. ഈജിപ്തുകാർ അസ്സീറിയയിലേക്കും അസ്സീറിയക്കാർ ഈജിപ്തിലേക്കും പോകും. ഈജിപ്തുകാർ അസ്സീറിയക്കാരോടൊന്നിച്ച് ആരാധന നടത്തും. 24അന്ന് ഈജിപ്തിനോടും അസ്സീറിയയോടും ഒപ്പം ഇസ്രായേൽ ഭൂമിക്കൊരു അനുഗ്രഹം ആയിത്തീരും. 25സർവശക്തനായ സർവേശ്വരൻ അവരെ അനുഗ്രഹിച്ചുകൊണ്ടു പറയും: “എന്റെ ജനമായ ഈജിപ്തും ഞാൻ സൃഷ്‍ടിച്ച അസ്സീറിയയും എന്റെ സ്വന്തജനമായ ഇസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 19: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക