ISAIA 1

1
1യെഹൂദാരാജാക്കന്മാരായ ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കീയാ എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയുംകുറിച്ച് ആമോസിന്റെ മകനായ യെശയ്യായ്‍ക്കുണ്ടായ ദർശനം.
സ്വജനത്തെ ശാസിക്കുന്നു
2ആകാശമേ കേൾക്കുക; ഭൂതലമേ ശ്രദ്ധിക്കുക; സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ പോറ്റി വളർത്തിയ എന്റെ മക്കൾ എന്നോടു മത്സരിക്കുന്നു. 3കാളയ്‍ക്കു തന്റെ ഉടമയെയും കഴുതയ്‍ക്കു യജമാനന്റെ പുൽത്തൊട്ടിയെയും അറിയാം; എന്നാൽ ഇസ്രായേൽ ഒന്നും അറിയുന്നില്ല; എന്റെ ജനം ഒന്നും മനസ്സിലാക്കുന്നില്ല. 4ഹാ! പാപികളായ ജനത! അകൃത്യഭാരംകൊണ്ട് അമർന്ന ജനം! ദുഷ്കർമികളുടെ സന്തതികൾ! ദുർവൃത്തരായ മക്കൾ! അവർ സർവേശ്വരനെ പരിത്യജിച്ചിരിക്കുന്നു; ഇസ്രായേലിന്റെ പരിശുദ്ധനെ വെറുത്തിരിക്കുന്നു. അവർ തീർത്തും അകന്നു പോയിരിക്കുന്നു.
5ഇനി നിങ്ങളെ അടിച്ചിട്ട് എന്തു കാര്യം? നിങ്ങൾ നിരന്തരം അനുസരണക്കേടു കാട്ടുന്നു. നിങ്ങളുടെ ശിരസ്സു മുഴുവൻ രോഗഗ്രസ്തം; ഹൃദയം ആകെ തളർച്ചയും. 6നിങ്ങളുടെ ഉള്ളങ്കാൽമുതൽ ഉച്ചിവരെ വ്രണമാണ്; ക്ഷതങ്ങളും വ്രണങ്ങളും ചോരയൊലിക്കുന്ന മുറിവുകളും മാത്രം. അവ നന്നായി കഴുകുകയോ, വച്ചുകെട്ടുകയോ എണ്ണ പുരട്ടുകയോ ചെയ്തിട്ടില്ല. 7നിങ്ങളുടെ ദേശം ശൂന്യമായിത്തീർന്നിരിക്കുന്നു. നിങ്ങളുടെ നഗരങ്ങൾ അഗ്നിക്കിരയായി. നിങ്ങളുടെ കൺമുമ്പിൽവച്ചു തന്നെ പരദേശികൾ നിങ്ങളുടെ ദേശം നശിപ്പിച്ചിരിക്കുന്നു; അതു ശൂന്യമായി കിടക്കുന്നു. 8മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ കാവൽമാടംപോലെയും ഉപരോധിക്കപ്പെട്ട നഗരംപോലെയും യെരൂശലേം പരിത്യജിക്കപ്പെട്ടിരിക്കുന്നു. 9സർവശക്തനായ സർവേശ്വരൻ നമുക്കുവേണ്ടി ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ, സൊദോമും ഗൊമോറായുംപോലെ നാമും ആകുമായിരുന്നു.
10സൊദോമിന്റെ അധിപതികളേ, സർവേശ്വരന്റെ അരുളപ്പാട് കേൾക്കുവിൻ. ഗൊമോറാ നിവാസികളേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനം ശ്രദ്ധിക്കുവിൻ. 11“നിങ്ങൾ അർപ്പിക്കുന്ന അസംഖ്യമായ യാഗങ്ങൾ എനിക്ക് എന്തിന്?” എന്ന് അവിടുന്നു ചോദിക്കുന്നു. മുട്ടാടുകളെ അർപ്പിച്ചുകൊണ്ടുള്ള ഹോമയാഗങ്ങളും കൊഴുപ്പിച്ച മൃഗങ്ങളുടെ മേദസ്സും എനിക്കു മതിയായി. കാളകളുടെയോ കുഞ്ഞാടുകളുടെയോ ആൺകോലാടുകളുടെയോ രക്തത്തിൽ ഞാൻ പ്രസാദിക്കുകയില്ല. 12എന്റെ സാന്നിധ്യത്തിൽ ഇവയുമായി വന്ന് എന്റെ അങ്കണം ചവുട്ടിമെതിക്കാൻ ആരു നിങ്ങളോടാവശ്യപ്പെട്ടു? 13വ്യർഥമായ വഴിപാടുകൾ ഇനി കൊണ്ടുവരരുത്; ധൂപം ഞാൻ വെറുക്കുന്നു; നിങ്ങളുടെ അമാവാസിയും ശബത്തും സമ്മേളനങ്ങളും നിങ്ങളുടെ അധാർമികത നിറഞ്ഞ ഉത്സവങ്ങളും എനിക്ക് അസഹ്യമാണ്. 14നിങ്ങളുടെ അമാവാസി ആഘോഷങ്ങളും ഉത്സവങ്ങളും ഞാൻ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്ക് അസഹ്യം. 15നിങ്ങൾ കൈ ഉയർത്തി പ്രാർഥിക്കുമ്പോൾ ഞാൻ മുഖം തിരിച്ചുകളയും. നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല; നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്. 16നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ ദുഷ്കർമങ്ങൾ എന്റെ കൺമുമ്പിൽനിന്നു നീക്കിക്കളയുവിൻ; ദുർവൃത്തിയിൽനിന്നു വിരമിക്കുവിൻ. 17നന്മ ചെയ്യാൻ പരിശീലിക്കുവിൻ; നീതി ഉറപ്പു വരുത്തുവിൻ; മർദിതനു സഹായം ചെയ്യുവിൻ; അനാഥനു സംരക്ഷണം നല്‌കുവിൻ; വിധവയ്‍ക്കുവേണ്ടി വാദിക്കുവിൻ.
18“വരൂ, നമുക്കു രമ്യതപ്പെടാം ” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പാണെങ്കിലും ഹിമംപോലെ വെൺമയുള്ളവയായിത്തീരും. അവ രക്താംബരംപോലെ കടുംചുവപ്പാണെങ്കിലും പഞ്ഞിപോലെ വെൺമയുള്ളതാകും. 19നിങ്ങൾ സ്വന്തമനസ്സാലെ അനുസരിക്കുമെങ്കിൽ ദേശത്തിന്റെ നന്മ അനുഭവിക്കും. 20എന്നാൽ മത്സരിച്ചാൽ വാളിനിരയായിത്തീരും. ഇതു സർവേശ്വരന്റെ വചനം.
പാപപങ്കിലയായ നഗരം
21നീതിനിഷ്ഠയും വിശ്വസ്തയുമായ നഗരം വേശ്യയായിത്തീർന്നതെങ്ങനെ? നീതിയും ധർമവും കുടികൊണ്ടിരുന്ന നഗരത്തിൽ ഇന്നു കൊലപാതകികൾ വസിക്കുന്നു. 22നിന്റെ വെള്ളി കീടമായിത്തീർന്നിരിക്കുന്നു. നിന്റെ വീഞ്ഞിൽ വെള്ളം കലർന്നിരിക്കുന്നു. 23നിങ്ങളുടെ രാജാക്കന്മാർ കലഹപ്രിയരും കള്ളന്മാരുടെ കൂട്ടാളികളുമാണ്. എല്ലാവരും കോഴ കൊതിക്കുന്നു. സമ്മാനങ്ങളുടെ പിമ്പേ പായുന്നു. അവർ അനാഥരെ സംരക്ഷിക്കുന്നില്ല; വിധവകളുടെ കാര്യം പരിഗണിക്കുന്നില്ല.
24അതുകൊണ്ട് സർവശക്തനായ ദൈവം, ഇസ്രായേലിന്റെ സർവശക്തൻ അരുളിച്ചെയ്യുന്നു: “അതേ, എന്റെ ക്രോധം എന്റെ ശത്രുക്കളുടെമേൽ ചൊരിയും; എന്റെ വൈരികളോടു ഞാൻ പ്രതികാരം ചെയ്യും. 25നിനക്കെതിരെ എന്റെ കൈ തിരിക്കും; ഞാൻ നിന്നെ ഉരുക്കി ശുദ്ധി ചെയ്യും; നിന്നിലുള്ള സകല കലർപ്പും നീക്കിക്കളയും. 26നിന്റെ ന്യായാധിപന്മാരെയും ഉപദേഷ്ടാക്കളെയും പുനഃസ്ഥാപിക്കും. നീ നീതിയുടെ നഗരമെന്നും വിശ്വസ്തനഗരമെന്നും വിളിക്കപ്പെടും. യെരൂശലേം ന്യായംകൊണ്ടു മനംതിരിയും.
27അതിലെ പശ്ചാത്തപിക്കുന്ന ജനം നീതികൊണ്ട് വീണ്ടെടുക്കപ്പെടും. 28എന്നാൽ മത്സരികളും പാപികളും സമൂലം നശിക്കും. സർവേശ്വരനെ ഉപേക്ഷിക്കുന്നവർ സംഹരിക്കപ്പെടും. 29നിങ്ങൾ പൂജയ്‍ക്കായി തിരഞ്ഞെടുത്ത കരുവേലകമരങ്ങളും കാവുകളും നിമിത്തം നിങ്ങൾ ലജ്ജിക്കും. 30ഇല കൊഴിഞ്ഞ കരുവേലകംപോലെയും വെള്ളം ലഭിക്കാത്ത തോട്ടംപോലെയും നിങ്ങൾ ആയിത്തീരും. 31ബലവാൻ ചണനാരുപോലെ ആകും; അവന്റെ പ്രവൃത്തി തീപ്പൊരിപോലെയും. രണ്ടും ഒരുമിച്ചു കത്തിനശിക്കും; കെടുത്താൻ ആരും ഉണ്ടായിരിക്കുകയില്ല.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക