HOSEA 11
11
മത്സരിക്കുന്ന ജനത്തോടു ദൈവത്തിന്റെ സ്നേഹം
1ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്തിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു. 2ഞാൻ വിളിക്കുന്തോറും അവർ അകന്നുപൊയ്‍ക്കൊണ്ടിരുന്നു. അകന്നുപോകുന്തോറും അവർ ബാൽദേവന്മാർക്കു ബലിയും വിഗ്രഹങ്ങൾക്കു ധൂപവും അർപ്പിച്ചുകൊണ്ടിരുന്നു. 3ഞാനാണ് എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത്; എന്റെ കൈകളിൽ ഞാൻ അവരെ എടുത്തുകൊണ്ടു നടന്നു. എന്നിട്ടും ഞാൻ ആണ് അവർക്കു സൗഖ്യം നല്‌കിയതെന്ന് അവർ അറിഞ്ഞില്ല. 4സ്നേഹത്തിന്റെ കയർകൊണ്ടും കരുണയുടെ പാശംകൊണ്ടും ഞാൻ അവരെ നയിച്ചു. അവരുടെ താടിയെല്ലിൽനിന്നു നുകം അയച്ചുകൊടുക്കുന്നവനെപ്പോലെ ഞാൻ വർത്തിച്ചു. ഞാൻ കുനിഞ്ഞ് അവർക്ക് ആഹാരം നല്‌കി.
5അവർ എങ്കലേക്കു തിരിയാൻ വിസമ്മതിക്കുന്നതുകൊണ്ട് അവർ ഈജിപ്തിലേക്കു മടങ്ങിപ്പോകും. അസ്സീറിയാ അവരെ ഭരിക്കും. 6അവരുടെ നഗരങ്ങൾക്കു നേരെ വാൾ ആഞ്ഞുവീശും. നഗരകവാടങ്ങളുടെ ഓടാമ്പലുകൾ തകർക്കും. അവരുടെ ആലോചനയാൽ തന്നെ അവർ നശിക്കും. 7എന്റെ ജനം എന്നെ വിട്ടു പിന്തിരിയാൻ ഒരുങ്ങിയിരിക്കുന്നതിനാൽ അവർക്കു നുകം വച്ചിരിക്കുന്നു. ആരും അത് എടുത്തുമാറ്റുകയില്ല. 8എഫ്രയീമേ, ഞാൻ എങ്ങനെ നിന്നെ ഉപേക്ഷിക്കും? ഇസ്രായേലേ, ഞാൻ എങ്ങനെ നിന്നെ കൈവിടും? നിന്നെ ഞാൻ എങ്ങനെ അദ്മായെപ്പോലെ ആക്കും? നിന്നോടു ഞാൻ എങ്ങനെ സെബോയീമിനോടെന്നപോലെ പെരുമാറും? എന്റെ ഹൃദയം അതിന് എന്നെ അനുവദിക്കുന്നില്ല. എന്റെ അനുകമ്പ ഊഷ്മളവും ആർദ്രവുമായിത്തീരുന്നു. 9ഞാൻ കോപം അഴിച്ചുവിടുകയില്ല. എഫ്രയീമിനെ വീണ്ടും ഞാൻ നശിപ്പിക്കുകയില്ല. കാരണം ഞാൻ ദൈവമാണ്, മനുഷ്യനല്ല. ഞാൻ നിങ്ങളുടെ മധ്യേ ഉള്ള പരിശുദ്ധൻ തന്നെ; ഞാൻ നിങ്ങളെ നശിപ്പിക്കാൻ വരികയില്ല.
10അവർ സർവേശ്വരനെ അനുഗമിക്കും. അവിടുന്നു സിംഹത്തെപ്പോലെ ഗർജിക്കും; അതേ, അവിടുന്നു ഗർജിക്കും; അപ്പോൾ അവിടുത്തെ പുത്രന്മാർ ഭയഭക്തിയോടെ വിറപൂണ്ടു പടിഞ്ഞാറുനിന്ന് ഓടിവരും. 11പക്ഷികളെപ്പോലെ അവർ ഈജിപ്തിൽനിന്നു വേഗം വന്നെത്തും; പ്രാക്കളെപ്പോലെ അസ്സീറിയായിൽനിന്നും പാഞ്ഞുവരും. ഞാൻ അവരെ സ്വഭവനങ്ങളിൽ പാർപ്പിക്കും. ഇതു സർവേശ്വരന്റെ വചനം.
ഇസ്രായേലും യെഹൂദായും വിധിക്കപ്പെടുന്നു
12എഫ്രയീം അസത്യംകൊണ്ടും ഇസ്രായേൽഭവനം വഞ്ചനകൊണ്ടും എന്നെ വളഞ്ഞിരിക്കുന്നു. എന്നാൽ യെഹൂദായെ ദൈവം ഇന്നും അറിയുന്നു. അവൻ പരിശുദ്ധനായവനോടു വിശ്വസ്തത പുലർത്തുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
HOSEA 11: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.