HOSEA 1
1
1യെഹൂദാരാജാക്കന്മാരായ ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കിയാ എന്നിവരുടെയും ഇസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാമിന്റെയും ഭരണകാലത്ത് ബെയേരിയുടെ മകൻ ഹോശേയായ്ക്കു സർവേശ്വരനിൽനിന്നു ലഭിച്ച അരുളപ്പാട്:
ഹോശേയായുടെ ഭാര്യയും സന്താനങ്ങളും
2ഹോശേയായിലൂടെ സർവേശ്വരൻ നല്കിയ സന്ദേശത്തിന്റെ തുടക്കം: അവിടുന്ന് അരുളിച്ചെയ്തു: “നീ പോയി ഒരു വേശ്യയെ വിവാഹം കഴിക്കുക; അവളെപ്പോലെതന്നെ ആയിരിക്കും അവളിലുണ്ടാകുന്ന സന്താനങ്ങളും. അതുപോലെ എന്റെ ജനം എന്നെ വിട്ടു വേശ്യാവൃത്തിയിൽ മുഴുകിയിരിക്കുന്നു.” 3അങ്ങനെ ഹോശേയ പോയി ദിബ്ലയീമിന്റെ പുത്രിയായ ഗോമെറിനെ ഭാര്യയായി സ്വീകരിച്ചു. അവൾ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.
4അപ്പോൾ സർവേശ്വരൻ ഹോശേയായോട് അരുളിച്ചെയ്തു: “ആ കുട്ടിക്ക് #1:4 ജെസ്രീൽ = ദൈവം വിതയ്ക്കും.ജെസ്രീൽ എന്നു പേരിടണം. കാരണം അല്പകാലം കഴിഞ്ഞു തന്റെ പൂർവികനായ യേഹൂ, ജെസ്രീലിൽവച്ചു ചെയ്ത കൊലപാതകങ്ങൾ നിമിത്തം ഇസ്രായേൽരാജാവിനെ ഞാൻ ശിക്ഷിക്കും. ഇസ്രായേലിന്റെ രാജത്വം ഞാൻ നാമാവശേഷം ആക്കും. 5ജെസ്രീൽതാഴ്വരയിൽവച്ച് അന്നു ഞാൻ ഇസ്രായേലിന്റെ വില്ലൊടിച്ചുകളയും.
6ഗോമെർ വീണ്ടും ഗർഭിണിയായി ഒരു മകളെ പ്രസവിച്ചു. അപ്പോഴും സർവേശ്വരൻ അരുളിച്ചെയ്തു: ‘അവൾക്കു കരുണ ലഭിക്കാത്തവൾ’ എന്നർഥമുള്ള ‘ലോരുഹാമ’ എന്നു പേരിടുക. കാരണം ഞാൻ ഇനി ഇസ്രായേൽജനത്തോടു കരുണ കാണിക്കുകയോ ക്ഷമിക്കുകയോ ഇല്ല. 7എന്നാൽ യെഹൂദായിലെ ജനത്തോടു കാരുണ്യം കാണിക്കും. അവരുടെ ദൈവവും സർവേശ്വരനും ആയ ഞാൻ അവരെ രക്ഷിക്കും. എന്നാൽ അതു യുദ്ധമോ, വാളോ, വില്ലോ, കുതിരകളോ, കുതിരപ്പടയാളികളോകൊണ്ട് ആയിരിക്കുകയില്ല.
8ആ കുട്ടിയുടെ മുലകുടി മാറിയപ്പോൾ ഗോമെർ വീണ്ടും ഗർഭം ധരിച്ചു മറ്റൊരു മകനെ പ്രസവിച്ചു. 9സർവേശ്വരൻ ഹോശേയായോടു കല്പിച്ചു: “#1:9 ലോ-അമ്മീ = എന്റെ ജനമല്ല.ലോ-അമ്മീ എന്ന് ആ കുട്ടിക്കു പേരിടുക; കാരണം നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങളുടെ ദൈവവുമല്ല.”
ഇസ്രായേൽ വീണ്ടെടുക്കപ്പെടും
10എങ്കിലും എണ്ണാനോ അളക്കാനോ കഴിയാത്തവിധം കടൽപ്പുറത്തെ മണൽപോലെ ഇസ്രായേൽ പെരുകും. “നിങ്ങൾ എന്റെ ജനമല്ല എന്നു പറഞ്ഞെങ്കിലും നിങ്ങൾ ജീവിക്കുന്ന ദൈവത്തിന്റെ മക്കൾ എന്നു പറയുന്ന സമയം വരുന്നു.” 11യെഹൂദായിലെയും ഇസ്രായേലിലെയും ജനം ഒരുമിച്ചുകൂടും; അവർ തങ്ങൾക്ക് ഒരു നേതാവിനെ തെരഞ്ഞെടുക്കും. അവർ ദേശത്തു തഴച്ചുവളരും. ജെസ്രീലിന്റെ നാൾ മഹത്ത്വപൂർണമായിരിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
HOSEA 1: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.