HEBRAI 4

4
1വിശ്രമം നല്‌കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനം ഇപ്പോഴും നിലനില്‌ക്കുന്നു. ആ വിശ്രമം നിങ്ങളിലാർക്കും നഷ്ടപ്പെടാതിരിക്കുന്നതിന് നാം പ്രത്യേകം ശ്രദ്ധിക്കുക. 2എന്തെന്നാൽ അവർ കേട്ടതുപോലെ നമ്മളും സദ്‍വാർത്ത കേട്ടിരിക്കുന്നു. അവർ ദൈവവചനം കേട്ടെങ്കിലും, വിശ്വാസത്തോടുകൂടി കൈക്കൊള്ളായ്കയാൽ അത് അവർക്കു പ്രയോജനപ്പെട്ടില്ല. 3വിശ്വസിക്കുന്നവരായ നാം ദൈവം വാഗ്ദാനം ചെയ്ത ആ വിശ്രമം പ്രാപിക്കുന്നു. വിശ്വസിക്കാത്തവരെക്കുറിച്ച് ദൈവം പറയുന്നത് ഇപ്രകാരമാണ്:
എന്റെ രോഷത്തിൽ ഞാൻ ശപഥം ചെയ്തു.
അവർക്കു ഞാൻ വിശ്രമം നല്‌കുമായിരുന്ന ദേശത്ത്
അവർ ഒരിക്കലും പ്രവേശിക്കുകയില്ല
പ്രപഞ്ചസൃഷ്‍ടിയിൽ അവിടുത്തെ പ്രവൃത്തി പൂർത്തിയായിട്ടും ഇങ്ങനെയാണല്ലോ ദൈവം ശപഥം ചെയ്തത്. 4ഏഴാം നാളിൽ ദൈവം തന്റെ പ്രവർത്തനങ്ങളിൽനിന്നു നിവൃത്തനായി വിശ്രമിച്ചു എന്ന് ഏഴാം നാളായ ശബത്തിനെപ്പറ്റി വേദഗ്രന്ഥത്തിൽ ഒരിടത്തു പറയുന്നുണ്ടല്ലോ. 5അതേ കാര്യത്തെക്കുറിച്ചുതന്നെ വീണ്ടും പറയുന്നു: ‘ഞാൻ അവർക്കു വിശ്രമം നല്‌കുമായിരുന്ന ദേശത്ത് അവർ ഒരിക്കലും പ്രവേശിക്കുകയില്ല!’ 6സുവിശേഷം ആദ്യം കേട്ടവർ അതു വിശ്വസിക്കായ്കയാൽ അവർക്ക് ആ വിശ്രമം ലഭിച്ചില്ല. എന്നാൽ ആ വിശ്രമത്തിൽ പ്രവേശിക്കുവാൻ വേറേ ചിലരുണ്ട്. 7വീണ്ടും ‘ഇന്ന്’ എന്നൊരു പ്രത്യേക ദിവസം ദൈവം നിശ്ചയിക്കുന്നു. മുമ്പ് ഉദ്ധരിച്ചതുപോലെ, ദാവീദു മുഖേന വളരെക്കാലത്തിനുശേഷം അവിടുന്ന് അരുൾചെയ്തു:
ഇന്നു ദൈവത്തിന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ
നിങ്ങൾ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്.
8ദൈവം വാഗ്ദാനം ചെയ്ത വിശ്രമം യോശുവ ജനത്തിനു നല്‌കിയിരുന്നെങ്കിൽ, ദൈവം മറ്റൊരു ദിവസത്തെപ്പറ്റി പിന്നീടു പറയുകയില്ലായിരുന്നു. 9ഒരു വിശ്രമാനുഭവം ദൈവത്തിന്റെ ജനത്തെ കാത്തുനില്‌ക്കുന്നു. 10ദൈവം വാഗ്ദാനം ചെയ്ത വിശ്രമത്തിലേക്കു പ്രവേശിക്കുന്ന ഏതൊരുവനും ദൈവത്തെപ്പോലെ, തന്റെ കർമരംഗത്തുനിന്നു വിരമിച്ചു വിശ്രമിക്കുന്നു. 11അതിനാൽ അവിശ്വാസംമൂലം നമ്മിലാരും ഇസ്രായേൽജനതയെപ്പോലെ പരാജയപ്പെടാതിരിക്കുവാൻ ആ വിശ്രമം ലഭിക്കുന്നതിനു നമുക്കു പരമാവധി പരിശ്രമിക്കാം.
12ദൈവത്തിന്റെ വചനം ജീവനുള്ളതും, പ്രയോഗക്ഷമവും, ഇരുവായ്ത്തലയുള്ള വാളിനെക്കാൾ മൂർച്ചയേറിയതുമാണ്. അത് ആത്മാവും ചേതനയും സന്ധിക്കുന്ന സ്ഥാനംവരെ കടന്നുചെല്ലും. സന്ധിബന്ധങ്ങളും മജ്ജയും വേർപെടുത്തിക്കൊണ്ടു തുളച്ചുകയറും, അത് മനുഷ്യഹൃദയത്തിന്റെ ചിന്തകളെയും ആഗ്രഹങ്ങളെയും വിവേചിച്ചറിയും. 13പ്രപഞ്ചത്തിലുള്ള യാതൊരു സൃഷ്‍ടിക്കും ദൈവത്തിൽനിന്നു മറഞ്ഞിരിക്കുവാൻ സാധ്യമല്ല. സകലവും ഈശ്വരസമക്ഷം തുറന്നുകിടക്കുന്നു; ഒന്നും മറച്ചുവച്ചിട്ടില്ല. അങ്ങനെയുള്ള ദൈവത്തിന്റെ മുമ്പിലാണ് നാം നില്‌ക്കേണ്ടിവരുന്നത്.
മഹാപുരോഹിതനായ യേശു
14ദൈവത്തിന്റെ സന്നിധിയിലേക്ക് ആരോഹണം ചെയ്ത ഒരു മഹാപുരോഹിതൻ നമുക്കുണ്ട് - ദൈവപുത്രനായ യേശുതന്നെ. അതുകൊണ്ട് നാം ഏറ്റുപറയുന്ന വിശ്വാസം നമുക്കു മുറുകെപ്പിടിക്കാം. 15നമ്മുടെ ബലഹീനതയിൽ സഹതപിക്കുവാൻ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്ന ഒരു മഹാപുരോഹിതനത്രേ നമുക്കുള്ളത്. 16അതുകൊണ്ട് ധൈര്യംപൂണ്ട് കൃപയുടെ ഇരിപ്പിടമായ ദൈവസിംഹാസനത്തെ നമുക്കു സമീപിക്കാം. യഥാസമയം നമ്മെ സഹായിക്കുന്ന കൃപ നാം അവിടെ കണ്ടെത്തുകയും ദൈവത്തിന്റെ കരുണ നമുക്കു ലഭിക്കുകയും ചെയ്യും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

HEBRAI 4: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

HEBRAI 4 - നുള്ള വീഡിയോ