HEBRAI 12:4-11

HEBRAI 12:4-11 MALCLBSI

പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയേണ്ടിവരുന്നതുവരെ നിങ്ങൾ എതിർത്തുനിന്നിട്ടില്ലല്ലോ. മക്കളോടെന്നപോലെ ദൈവം നിങ്ങളോട് അരുൾചെയ്തിട്ടുള്ള പ്രബോധനം നിങ്ങൾ മറന്നുപോയോ? എന്റെ മകനേ, സർവേശ്വരന്റെ ശിക്ഷണത്തെ നിസ്സാരമായി കരുതരുത്; അവിടുന്ന് നിന്നെ ശാസിക്കുമ്പോൾ അധൈര്യപ്പെടുകയുമരുത്. താൻ സ്നേഹിക്കുന്നവരെ അവിടുന്നു ശിക്ഷണത്തിനു വിധേയരാക്കുന്നു. താൻ പുത്രനായി സ്വീകരിക്കുന്നവനെ അടിക്കുന്നു. നിങ്ങൾ സഹിക്കുന്നത് ശിക്ഷണത്തിനുവേണ്ടിയത്രേ. മക്കളോടെന്നവണ്ണം ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവു ശിക്ഷിക്കാത്ത മക്കളുണ്ടോ? എല്ലാവർക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങൾക്കു ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ മക്കളല്ല, ജാരസന്തതികളത്രേ. നമ്മെ ശിക്ഷണത്തിൽ വളർത്തിയ ലൗകികപിതാക്കന്മാരെ നാം ബഹുമാനിക്കുന്നു. അങ്ങനെയെങ്കിൽ നമ്മുടെ സ്വർഗീയ പിതാവിന് അതിനെക്കാൾ എത്രയധികം കീഴ്പ്പെട്ടു ജീവിക്കേണ്ടതാണ്. ലൗകികപിതാക്കന്മാർ അല്പകാലത്തേക്കു മാത്രം അവർക്കു യുക്തമെന്നു തോന്നിയ വിധത്തിൽ ശിക്ഷണം നടത്തുന്നു. എന്നാൽ തന്റെ വിശുദ്ധിയിൽ പങ്കാളികളാകുവാൻവേണ്ടി നമ്മുടെ നന്മയ്‍ക്കായി ദൈവം നമുക്കു ശിക്ഷണം നല്‌കുന്നു. ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാൽ ശിക്ഷണത്തിനു വിധേയരാകുന്നവർക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തിൽ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തിൽ ലഭിക്കും.

HEBRAI 12 വായിക്കുക