HEBRAI 10

10
1നിയമസംഹിത സാക്ഷാലുള്ളതിന്റെ പൂർണവും സൂക്ഷ്മവുമായ പ്രതിരൂപമല്ല, വരുവാനുള്ള നന്മകളുടെ അവ്യക്തമായ നിഴൽ മാത്രമാണ്. ആണ്ടുതോറും ഒരേ യാഗംതന്നെ മുടങ്ങാതെ ആവർത്തിക്കുന്നതുകൊണ്ട് ദൈവത്തിന്റെ അടുക്കൽ വരുന്നവർ എങ്ങനെയാണ് സമ്പൂർണരായിത്തീരുന്നത്? 2സമ്പൂർണരായിത്തീരുമെങ്കിൽ യാഗാർപ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? യാഗാർപ്പണം ചെയ്യുന്നവർ യഥാർഥത്തിൽ പാപത്തിൽനിന്നുള്ള ശുദ്ധീകരണം പ്രാപിക്കുന്നുവെങ്കിൽ, പാപത്തെക്കുറിച്ചുള്ള ബോധം പിന്നീട് അവർക്ക് ഉണ്ടാകുമായിരുന്നില്ല. 3ഇപ്പോഴാകട്ടെ വർഷംതോറും ജനത്തിന്റെ പാപങ്ങൾ അനുസ്മരിപ്പിക്കുവാനാണ് യാഗങ്ങൾ ഉപകരിക്കുന്നത്; 4എന്തെന്നാൽ കാളകളുടെയും ആടുകളുടെയും രക്തം പാപനിവാരണത്തിനു പര്യാപ്തമല്ല.
5അതിനാൽ ക്രിസ്തു ലോകത്തിലേക്കു വന്നപ്പോൾ അവിടുന്നു പറഞ്ഞു:
യാഗങ്ങളും വഴിപാടുകളും അവിടുന്ന് ആഗ്രഹിച്ചില്ല,
എന്നാൽ അവിടുന്ന് എനിക്കുവേണ്ടി
ഒരു ശരീരം സജ്ജമാക്കിയിരിക്കുന്നു.
6സർവാംഗഹോമങ്ങളിലോ,
പാപപരിഹാരബലികളിലോ
അവിടുന്നു പ്രസാദിച്ചില്ല.
7അപ്പോൾ ഞാൻ പറഞ്ഞു:
വേദഗ്രന്ഥത്തിന്റെ ഏടുകളിൽ
എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ
ദൈവമേ, അവിടുത്തെ ഇഷ്ടം ചെയ്യുവാൻ ഇതാ ഞാൻ വന്നിരിക്കുന്നു.
8സർവാംഗഹോമങ്ങളും പാപപരിഹാര ബലികളും ദൈവം ആഗ്രഹിക്കുകയോ, അവയിൽ അവിടുന്നു പ്രസാദിക്കുകയോ ചെയ്തില്ല എന്ന് ആദ്യമേ പ്രസ്താവിക്കുന്നു. നിയമസംഹിതയനുസരിച്ച് അനുഷ്ഠിച്ചുപോരുന്ന മൃഗബലികൾ ആണിവ. 9പിന്നീട് ‘ദൈവമേ അവിടുത്തെ ഇഷ്ടം ചെയ്യുവാൻ ഞാനിതാ വരുന്നു’ എന്നും പറഞ്ഞു. അങ്ങനെ രണ്ടാമത്തേത് ഉറപ്പിക്കുന്നതിനായി ഒന്നാമത്തേത് നീക്കിക്കളഞ്ഞു. 10യേശുക്രിസ്തു ഒരിക്കൽ മാത്രം അനുഷ്ഠിച്ച ശരീരയാഗത്താൽ ദൈവഹിതം നിറവേറ്റിയതുകൊണ്ട് നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
11ഏതു പുരോഹിതനും നിന്നുകൊണ്ട് നിത്യവും ഒരേ യാഗം തന്നെ പിന്നെയും പിന്നെയും നടത്തുന്നു. ഈ യാഗങ്ങൾക്കു പാപനിവാരണത്തിനുള്ള കഴിവില്ല. 12ക്രിസ്തുവാകട്ടെ, പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അർപ്പിച്ചശേഷം ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. 13തന്റെ ശത്രുക്കളെ ദൈവം പാദപീഠമാക്കുന്നതുവരെ ക്രിസ്തു കാത്തിരിക്കുന്നു. 14പാപത്തിൽനിന്നു ശുദ്ധീകരിച്ചവരെ, ഏക ബലിയാൽ അവിടുന്ന് എന്നെന്നേക്കുമായി സമ്പൂർണരാക്കിത്തീർത്തിരിക്കുന്നു.
15പരിശുദ്ധാത്മാവും ഇങ്ങനെ നമ്മോടു സാക്ഷ്യം പറയുന്നു:
16ആ കാലത്തിനുശേഷം
ഞാൻ അവരോടു ചെയ്യുന്ന ഉടമ്പടി ഇതാകുന്നു:
17എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കുകയും
അവരുടെ മനസ്സിൽ ആലേഖനം ചെയ്യുകയും ചെയ്യും
എന്നും അതിനുശേഷം “അവരുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും ഇനിമേൽ ഞാൻ ഓർക്കുകയില്ല” എന്നും സർവേശ്വരൻ അരുൾ ചെയ്യുന്നു. 18ഇവയെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് പാപപരിഹാരാർഥം ഒരു യാഗവും ഇനി ആവശ്യമില്ല.
വിശ്വാസത്തോടെ ദൈവത്തെ സമീപിക്കുക
19അതുകൊണ്ട് സഹോദരരേ, യേശുവിന്റെ രക്തം ചിന്തിയുള്ള മരണം മുഖേന അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുവാൻ നമുക്ക് ആത്മധൈര്യം ഉണ്ട്. 20ക്രിസ്തു ജീവന്റെ ഒരു നവീനമാർഗം നമുക്കു തുറന്നുതന്നു; അവിടുത്തെ തിരുശരീരം എന്ന തിരശ്ശീലയിൽ കൂടിത്തന്നെ. 21ദൈവഭവനത്തിന്റെമേൽ അധികാരമുള്ള ഒരു ശ്രേഷ്ഠപുരോഹിതൻ നമുക്കുണ്ട്. 22അതിനാൽ ആത്മാർഥഹൃദയത്തോടും പൂർണവിശ്വാസത്തോടും കുറ്റബോധം അകറ്റി ശുദ്ധീകരിക്കപ്പെട്ട മനസ്സോടും ശുദ്ധജലത്തിൽ കഴുകപ്പെട്ട ശരീരത്തോടുംകൂടി ദൈവത്തിന്റെ അടുക്കലേക്കു നമുക്കു ചെല്ലാം. 23നാം ഏറ്റുപറയുന്ന പ്രത്യാശയെ മുറുകെ പിടിച്ചുകൊള്ളുക. അതിൽനിന്നു വ്യതിചലിക്കരുത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തൻ! 24സ്നേഹിക്കുന്നതിനും സൽപ്രവൃത്തികൾ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിൽ ജാഗരൂകരായിരിക്കുക. 25ചിലർ ചെയ്യുന്നതുപോലെ സഭായോഗങ്ങളിൽനിന്നു മാറിനില്‌ക്കരുത്; കർത്താവിന്റെ ദിവസം സമീപിച്ചിരിക്കുന്നതിനാൽ അക്കാര്യത്തിൽ അന്യോന്യം അധികം പ്രോത്സാഹിപ്പിക്കുകയും വേണം.
26സത്യത്തെക്കുറിച്ചുള്ള അറിവു നമുക്കു ലഭിച്ചശേഷവും നാം മനഃപൂർവം പാപം ചെയ്തുകൊണ്ടിരുന്നാൽ പാപപരിഹാരാർഥമുള്ള ഒരു ബലിയും ഇനി അവശേഷിച്ചിട്ടില്ല. 27മറിച്ച്, വരുവാനുള്ള ന്യായവിധിയെയും ദൈവത്തെ എതിർക്കുന്നവരെ നിശ്ശേഷം നശിപ്പിക്കുന്ന ഭയാനകമായ അഗ്നിയെയും നേരിടേണ്ടിവരും. 28മോശയുടെ നിയമം ലംഘിക്കുന്ന ഏതൊരുവനെയും, രണ്ടോ മൂന്നോ സാക്ഷികൾ നല്‌കുന്ന തെളിവിന്മേൽ നിഷ്കരുണം വധശിക്ഷയ്‍ക്കു വിധിക്കുന്നു. 29അങ്ങനെയെങ്കിൽ, ദൈവപുത്രനെ നിന്ദിച്ചു തള്ളിക്കളയുകയും, പാപത്തിൽനിന്നു മനുഷ്യനെ ശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തം നിസ്സാരമായി എണ്ണുകയും കൃപയുടെ ആത്മാവിനെ അധിക്ഷേപിക്കുകയും ചെയ്യുന്നവന് അർഹിക്കുന്ന ശിക്ഷ എത്ര ഭയങ്കരമായിരിക്കുമെന്ന് ഓർത്തുനോക്കുക. 30“പ്രതികാരം എനിക്കുള്ളത്, ഞാൻ പകരം വീട്ടും” എന്നും “സർവേശ്വരൻ തന്റെ ജനത്തെ വിധിക്കും” എന്നും അരുൾചെയ്തിട്ടുള്ളത് നമുക്കറിയാമല്ലോ. 31ജീവിക്കുന്നവനായ ദൈവത്തിന്റെ കൈകളിൽ നിപതിക്കുന്നത് എത്ര ഭയങ്കരം!
32നിങ്ങളുടെ പൂർവകാലത്തെക്കുറിച്ച് ഓർത്തുനോക്കൂ. നിങ്ങൾക്ക് ദിവ്യപ്രകാശം ലഭിച്ചശേഷം നിങ്ങൾ അനേകം കഷ്ടതകളെ നേരിട്ടു ചെറുത്തുനിന്നു. 33പലപ്പോഴും നിങ്ങൾ പരസ്യമായ നിന്ദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാക്കപ്പെടുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ നിങ്ങൾ ഇപ്രകാരം പീഡിപ്പിക്കപ്പെടുന്നവരുടെ കൂട്ടാളികളായിത്തീർന്നിട്ടുമുണ്ട്. 34തടവിൽ കിടന്നവരുടെ വേദനകളിൽ നിങ്ങൾ പങ്കുചേർന്നു. നിങ്ങളുടെ വസ്തുവകകൾ അപഹരിക്കപ്പെട്ടപ്പോൾ നിങ്ങൾക്കു നിലനിൽക്കുന്ന ഉത്തമസമ്പത്തുണ്ടെന്നറിഞ്ഞ് അതും സന്തോഷപൂർവം നിങ്ങൾ സഹിച്ചു. 35ആത്മധൈര്യം പരിത്യജിക്കരുത്. എന്തെന്നാൽ അതിനു വലിയ പ്രതിഫലമുണ്ട്. 36ദൈവം വാഗ്ദാനം ചെയ്യുന്നത് പ്രാപിക്കുന്നതിനും അവിടുത്തെ തിരുഹിതം നിറവേറ്റുന്നതിനുംവേണ്ടി നിങ്ങൾക്കു നിരന്തരക്ഷമ ആവശ്യമാണ്. 37വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ,
ഇനി അല്പകാലംകൂടി മാത്രമേയുള്ളൂ,
വരുവാനുള്ളവൻ വരികതന്നെ ചെയ്യും;
അവിടുന്നു വരാൻ വൈകുകയില്ല.
38എന്നാൽ എന്റെ മുമ്പിൽ നീതിമാനായിരിക്കുന്നവൻ വിശ്വാസത്താൽ ജീവിക്കും;
ആരെങ്കിലും പിന്തിരിഞ്ഞുപോയാൽ
അവനിൽ ഞാൻ പ്രസാദിക്കുകയില്ല.
39നാമാകട്ടെ, പിന്തിരിഞ്ഞു നശിച്ചു പോകുന്നവരുടെ കൂട്ടത്തിലല്ല; പ്രത്യുത, വിശ്വസിച്ചു ജീവൻ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

HEBRAI 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

HEBRAI 10 - നുള്ള വീഡിയോ