GENESIS 37
37
യോസേഫും സഹോദരന്മാരും
1കനാനിൽ തന്റെ പിതാവു കുടിയേറിപ്പാർത്തിരുന്ന സ്ഥലത്തുതന്നെ യാക്കോബു വസിച്ചു. 2യാക്കോബിന്റെ കുടുംബചരിത്രം: തന്റെ പിതാവിനു ബിൽഹാ, സില്പാ എന്നീ ദാസിമാരിൽ പിറന്ന തന്റെ സഹോദരന്മാരോടൊപ്പം യോസേഫ് ആടുകളെ മേയിക്കുകയായിരുന്നു. അവന് അപ്പോൾ പതിനേഴു വയസ്സായിരുന്നു. അവരെക്കുറിച്ചുള്ള ദുർവാർത്തകൾ അവൻ പിതാവിനെ അറിയിച്ചു. 3വാർധക്യകാലത്തു ജനിച്ച പുത്രൻ ആകയാൽ യോസേഫിനെ യാക്കോബ് മറ്റു മക്കളെക്കാളെല്ലാം കൂടുതലായി സ്നേഹിച്ചു; കൈനീളമുള്ള ഒരു നിലയങ്കി അവനു തയ്പിച്ചുകൊടുത്തിരുന്നു. 4പിതാവു യോസേഫിനെ തങ്ങളെക്കാൾ അധികമായി സ്നേഹിച്ചിരുന്നതുകൊണ്ട് മറ്റു സഹോദരന്മാർ യോസേഫിനെ വെറുത്തു; അവർ അവനോടു സ്നേഹത്തോടെ സംസാരിക്കുകപോലും ചെയ്തില്ല. 5ഒരിക്കൽ യോസേഫ് ഒരു സ്വപ്നം കണ്ടു; അതിനെക്കുറിച്ച് സഹോദരന്മാരോടു പറഞ്ഞപ്പോൾ അവർ അവനെ കൂടുതൽ വെറുത്തു. 6അവൻ അവരോടു പറഞ്ഞു: 7“ഞാൻ ഒരു സ്വപ്നം കണ്ടു: നാം വയലിൽ കറ്റ കൊയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.” 8അപ്പോൾ സഹോദരന്മാർ അവനോടു ചോദിച്ചു: “നീ ഞങ്ങളെ ഭരിക്കാൻ പോകുകയാണോ? നീ ഞങ്ങളുടെ രാജാവാകുമെന്നോ?” അവന്റെ സ്വപ്നവും വാക്കുകളും കാരണം അവർ അവനെ അധികം വെറുത്തു. 9യോസേഫ് വേറൊരു സ്വപ്നം കണ്ടു; അതും അവൻ സഹോദരന്മാരോടു പറഞ്ഞു: “കേൾക്കുക; ഞാൻ മറ്റൊരു സ്വപ്നം കണ്ടു. സൂര്യചന്ദ്രന്മാരും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണു വണങ്ങി.” 10അവൻ ഈ സ്വപ്നം പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോൾ പിതാവ് അവനെ ശാസിച്ചു: “ഇതെന്തു സ്വപ്നമാണ്? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്റെ മുമ്പിൽ മുട്ടുകുത്തുമെന്നാണോ നീ പറയുന്നത്?” 11സഹോദരന്മാർക്ക് അവനോട് അസൂയ തോന്നി. എന്നാൽ പിതാവ് ഈ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിച്ചു.
യോസേഫ് വിൽക്കപ്പെടുന്നു
12യോസേഫിന്റെ സഹോദരന്മാർ പിതാവിന്റെ ആടുകളെ മേയിച്ചുകൊണ്ടു ശെഖേമിൽ എത്തി. 13യാക്കോബ് യോസേഫിനെ വിളിച്ചു പറഞ്ഞു: “നിന്റെ സഹോദരന്മാർ ആടുകളെ മേയ്‍ക്കാൻ ശെഖേമിലേക്കു പോയിരിക്കുകയാണല്ലോ; ഞാൻ നിന്നെ അവരുടെ അടുക്കലേക്കു വിടുകയാണ്.” 14യോസേഫ് അതിനു സമ്മതിച്ചു. പിതാവ് അവനോടു പറഞ്ഞു: “നീ ഇപ്പോൾത്തന്നെ പോകൂ; സഹോദരന്മാർക്കും ആടുകൾക്കും ക്ഷേമം തന്നെയോ എന്ന് അന്വേഷിച്ചു വരിക.” അങ്ങനെ പിതാവ് അവനെ ഹെബ്രോൻ താഴ്‌വരയിൽനിന്നു യാത്രയാക്കി. യോസേഫ് ശെഖേമിൽ എത്തി; 15അവൻ അവിടെ ചുറ്റിനടക്കുന്നതു കണ്ട് ഒരാൾ ചോദിച്ചു: “നീ എന്താണ് അന്വേഷിക്കുന്നത്?” 16“ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുകയാണ്. അവർ എവിടെയാണ് ആടുകളെ മേയിക്കുന്നത് എന്ന് അറിയാമോ?” 17അയാൾ പറഞ്ഞു: “അവർ ഇവിടെനിന്നു പോയി; ‘ദോഥാനിലേക്കു പോകാം’ എന്നു പറയുന്നതു ഞാൻ കേട്ടു.” യോസേഫ് അവരെ പിന്തുടർന്നു, ദോഥാനിൽവച്ച് അവരെ കണ്ടുമുട്ടി. 18ദൂരെവച്ചുതന്നെ യോസേഫ് വരുന്നതു കണ്ട സഹോദരന്മാർ അവനെ വകവരുത്താൻ ഗൂഢാലോചന നടത്തി. 19അവർ പറഞ്ഞു: “അതാ, സ്വപ്നക്കാരൻ വരുന്നു. 20വരിക, അവനെ കൊന്ന് ഏതെങ്കിലും കുഴിയിൽ തള്ളിയിടാം. ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു എന്നു നമുക്കു പറയുകയും ചെയ്യാം. അവന്റെ സ്വപ്നം എന്താകുമെന്ന് കാണാമല്ലോ.” 21രൂബേൻ ഇതു കേട്ട് അവനെ രക്ഷിക്കാൻ ആഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “അവനെ കൊല്ലേണ്ടാ; 22അവന്റെ രക്തം ചൊരിയേണ്ടാ; ഈ വിജനപ്രദേശത്തുള്ള ഏതെങ്കിലും കുഴിയിൽ അവനെ ഇട്ടുകളയാം.” എങ്ങനെയെങ്കിലും അവനെ അവരിൽനിന്നു രക്ഷിച്ചു പിതാവിനെ ഏല്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു അയാൾ അങ്ങനെ പറഞ്ഞത്. 23യോസേഫ് അവന്റെ സഹോദരന്മാരുടെ അടുക്കലെത്തിയപ്പോൾ അവർ അവന്റെ വിശേഷപ്പെട്ട അങ്കി ഊരിയെടുത്തു. 24പിന്നീട് അവനെ ഒരു കുഴിയിൽ ഇട്ടു. അത് ഒരു പൊട്ടക്കിണറായിരുന്നു. 25അവർ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഗിലെയാദിൽനിന്നു സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോകുന്ന ഇശ്മായേല്യർ ആ വഴി വരുന്നതു കണ്ടു. 26അപ്പോൾ യെഹൂദാ സഹോദരന്മാരോടു പറഞ്ഞു: “നമ്മുടെ സഹോദരനെ കൊന്ന് ആ പാതകം മറച്ചുവച്ചാൽ നമുക്ക് എന്തു പ്രയോജനം? 27അവനെ നമുക്ക് ഉപദ്രവിക്കേണ്ടാ; അവൻ നമ്മുടെ സഹോദരനും നമ്മുടെ സ്വന്തം മാംസവുമാണല്ലോ. നമുക്കവനെ ഇശ്മായേല്യർക്കു വിറ്റുകളയാം.” അവന്റെ സഹോദരന്മാർ അതിനു സമ്മതിച്ചു. 28മിദ്യാന്യവ്യാപാരികൾ അതുവഴി കടന്നുപോയപ്പോൾ, അവർ യോസേഫിനെ പൊട്ടക്കിണറ്റിൽനിന്നു പുറത്തെടുത്ത് ഇരുപതു വെള്ളിനാണയങ്ങൾക്ക് അവനെ ഇശ്മായേല്യർക്കു വിറ്റു. അവർ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി. 29രൂബേൻ പൊട്ടക്കിണറ്റിന്റെ അരികിൽ ചെന്നു നോക്കിയപ്പോൾ യോസേഫിനെ കണ്ടില്ല. അവൻ തന്റെ വസ്ത്രം ദുഃഖംകൊണ്ട് വലിച്ചുകീറി; 30സഹോദരന്മാരുടെ അടുത്തുചെന്നു പറഞ്ഞു: “ബാലനെ അവിടെ കണ്ടില്ല; ഇനി ഞാൻ എന്തു ചെയ്യും?” 31അവർ ഒരു കോലാടിനെ കൊന്ന് യോസേഫിന്റെ അങ്കി രക്തത്തിൽ മുക്കി; 32അവർ അതു പിതാവിന്റെ അടുക്കൽ കൊണ്ടുചെന്നിട്ടു ചോദിച്ചു: “ഞങ്ങൾക്കു കിട്ടിയ ഈ അങ്കി അങ്ങയുടെ പുത്രൻറേതു തന്നെയോ എന്നു നോക്കിയാലും.” 33യാക്കോബ് അങ്കി തിരിച്ചറിഞ്ഞു: “എന്റെ മകന്റെ അങ്കിതന്നെ; ഏതോ കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു; അത് അവനെ കടിച്ചുകീറിയിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു. 34യാക്കോബു സ്വന്തം അങ്കി കീറി ചാക്കുടുത്തു വളരെക്കാലം അവനെയോർത്തു വിലപിച്ചു. 35അദ്ദേഹത്തിന്റെ പുത്രീപുത്രന്മാർ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ആശ്വാസംകൊണ്ടില്ല. യാക്കോബു പറഞ്ഞു: “ഞാൻ വിലാപത്തോടെ പാതാളത്തിൽ എന്റെ മകന്റെ അടുക്കലേക്കു പോകും.” ഇങ്ങനെ അദ്ദേഹം യോസേഫിനെ ഓർത്ത് വിലപിച്ചുകൊണ്ടിരുന്നു. 36ഇതിനിടയിൽ മിദ്യാന്യവ്യാപാരികൾ ഈജിപ്തിൽ എത്തി. യോസേഫിനെ ഫറവോയുടെ അകമ്പടിസേനാനായകനായ പൊത്തീഫറിനു വിറ്റു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
GENESIS 37: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.