GENESIS 31:2-21

GENESIS 31:2-21 MALCLBSI

ലാബാന് തന്നോടു താൽപര്യം കുറയുന്നതായി അദ്ദേഹം മനസ്സിലാക്കി. അപ്പോൾ സർവേശ്വരൻ യാക്കോബിനോടു പറഞ്ഞു: “നിന്റെ പിതൃദേശത്തുള്ള ബന്ധുക്കളുടെ അടുത്തേക്കു മടങ്ങിപ്പോകുക; ഞാൻ നിന്റെകൂടെ ഉണ്ടായിരിക്കും.” തന്റെ ആട്ടിൻപറ്റം മേഞ്ഞിരുന്ന വയലിലേക്ക് എത്താൻ യാക്കോബ് റാഹേലിനെയും ലേയായെയും വിളിപ്പിച്ചു. അവരോടു പറഞ്ഞു: “നിങ്ങളുടെ പിതാവിന് എന്നോടിപ്പോൾ പണ്ടത്തെപ്പോലെ താൽപര്യമില്ല. എന്നാൽ ദൈവം എന്റെകൂടെ ഉണ്ട്. എന്റെ സർവകഴിവുകളും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനെ ഞാൻ സേവിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. നിങ്ങളുടെ പിതാവാകട്ടെ എന്നെ ചതിച്ചു; പത്തു പ്രാവശ്യം എന്റെ പ്രതിഫലത്തിനു മാറ്റം വരുത്തി; എങ്കിലും എന്നെ ഉപദ്രവിക്കാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല. ‘മറുകുള്ള ആടുകൾ നിനക്കു പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞതിനുശേഷം ആട്ടിൻപറ്റത്തിൽ ഉണ്ടായ ആട്ടിൻകുട്ടികളെല്ലാം മറുകുള്ളവയായിത്തീർന്നു. ‘വരയുള്ള ആടുകൾ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നു പറഞ്ഞശേഷം ഉണ്ടായവയെല്ലാം വരയുള്ളവ ആയിരുന്നു. ഇങ്ങനെ ദൈവം നിങ്ങളുടെ പിതാവിന്റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്കു നല്‌കിയിരിക്കുന്നു. ആടുകൾ ഇണചേരുന്ന സമയത്തു ഞാൻ ഒരു സ്വപ്നം കണ്ടു; ആ സ്വപ്നത്തിൽ ഇണചേർന്നതായി കണ്ട മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയായിരുന്നു; ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ ‘യാക്കോബേ’ എന്നു വിളിച്ചു. ‘ഇതാ ഞാൻ’ എന്നു ഞാൻ വിളികേട്ടു. ദൂതൻ പറഞ്ഞു: “നോക്കൂ, ഇണചേരുന്ന മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയാണ്; ലാബാൻ നിന്നോടു ചെയ്യുന്നതെല്ലാം ഞാൻ കാണുന്നുണ്ട്. നീ തൂണു നാട്ടി എണ്ണ അഭിഷേകം ചെയ്ത് എന്നോട് പ്രതിജ്ഞചെയ്ത ബേഥേലിൽവച്ചു നിന്നെ സന്ദർശിച്ച ദൈവമാണു ഞാൻ. നീ ഇവിടം വിട്ടു നിന്റെ ജന്മസ്ഥലത്തേക്കു പോകുക.” റാഹേലും ലേയായും പറഞ്ഞു: “പിതാവിന്റെ ഭവനത്തിൽ ഞങ്ങൾക്ക് ഇനി എന്തെങ്കിലും അവകാശമുണ്ടോ? അന്യരായിട്ടല്ലേ പിതാവ് ഞങ്ങളെ കരുതുന്നത്. ഞങ്ങളെ അദ്ദേഹം വിറ്റു; വിറ്റുകിട്ടിയ പണവും ചിലവഴിച്ചു. പിതാവിൽനിന്ന് ദൈവം എടുത്തുകളഞ്ഞ സ്വത്തുമുഴുവൻ ഞങ്ങൾക്കും ഞങ്ങളുടെ സന്താനങ്ങൾക്കും അവകാശപ്പെട്ടതാണ്; അതുകൊണ്ട് ദൈവം അങ്ങയോടു കല്പിച്ചതുപോലെ ചെയ്യുക.” യാക്കോബു രാവിലെ എഴുന്നേറ്റു ഭാര്യമാരെയും കുട്ടികളെയും ഒട്ടകപ്പുറത്തു കയറ്റി. പദ്ദൻ-അരാമിൽവച്ചു നേടിയ ആടുമാടുകൾ, മൃഗങ്ങൾ അങ്ങനെ സർവസമ്പാദ്യങ്ങളുമായി യാക്കോബ് കനാനിൽ തന്റെ പിതാവായ ഇസ്ഹാക്കിന്റെ അടുക്കലേക്കു പുറപ്പെട്ടു. അപ്പോൾ ലാബാൻ ആടുകളുടെ രോമം കത്രിക്കാൻ പോയിരിക്കുകയായിരുന്നു. ആ തക്കം നോക്കി റാഹേൽ തന്റെ പിതാവിന്റെ കുലദേവവിഗ്രഹങ്ങൾ അപഹരിച്ചു. നാടുവിടുന്ന വിവരം യാക്കോബ് ലാബാനെ അറിയിച്ചില്ല. സകലസമ്പാദ്യങ്ങളുമായിട്ടാണ് യാക്കോബ് പുറപ്പെട്ടത്. യൂഫ്രട്ടീസ്നദി കടന്ന് ഗിലെയാദ് മലകൾ ലക്ഷ്യമാക്കി അവർ നീങ്ങി.

GENESIS 31 വായിക്കുക

GENESIS 31:2-21 - നുള്ള വീഡിയോ