GENESIS 29:1-14

GENESIS 29:1-14 MALCLBSI

യാക്കോബു യാത്ര തുടർന്ന് കിഴക്കുള്ള ജനതയുടെ ദേശത്ത് എത്തി. അവിടെ അയാൾ വെളിമ്പ്രദേശത്ത് ഒരു കിണറു കണ്ടു; അതിനടുത്തു മൂന്നു ആട്ടിൻപറ്റങ്ങൾ കിടന്നിരുന്നു. ആടുകൾക്കു കുടിക്കാനുള്ള വെള്ളം ആ കിണറ്റിൽനിന്നായിരുന്നു കോരിയിരുന്നത്. കിണറു മൂടിയിരുന്ന കല്ല് വളരെ വലുതായിരുന്നു. ആട്ടിൻപറ്റങ്ങളെല്ലാം എത്തിക്കഴിയുമ്പോൾ ഇടയന്മാർ ആ കല്ല് ഉരുട്ടിമാറ്റും. ആടുകൾക്കു കുടിക്കാൻ വേണ്ട വെള്ളം കോരിക്കഴിഞ്ഞാൽ കല്ലുകൊണ്ട് കിണറിന്റെ വായ് വീണ്ടും മൂടുക പതിവായിരുന്നു. “സ്നേഹിതരേ, നിങ്ങൾ എവിടെനിന്നു വരുന്നു?” യാക്കോബ് അവരോടു ചോദിച്ചു. “ഹാരാനിൽനിന്ന്” എന്ന് അവർ മറുപടി പറഞ്ഞു. അയാൾ ചോദിച്ചു: “നാഹോരിന്റെ പുത്രനായ ലാബാനെ നിങ്ങൾ അറിയുമോ?” “ഞങ്ങൾക്കറിയാം” അവർ പറഞ്ഞു. “അദ്ദേഹത്തിനു സുഖം തന്നെയോ?” എന്ന് അയാൾ വീണ്ടും ചോദിച്ചു. “സുഖം തന്നെ; അദ്ദേഹത്തിന്റെ പുത്രി റാഹേൽ അതാ ആടുകളോടുകൂടി വരുന്നു” അവർ പറഞ്ഞു. “നേരം ഉച്ചകഴിഞ്ഞതേയുള്ളൂ; ആട്ടിൻപറ്റങ്ങളെ ആലയിൽ അടയ്‍ക്കേണ്ട സമയം ആയിട്ടില്ല; അതുകൊണ്ട് നിങ്ങളുടെ ആടുകൾക്ക് വെള്ളം കൊടുത്ത് അവയെ മേയാൻ വിടുക” എന്നു യാക്കോബു പറഞ്ഞു. അവർ പറഞ്ഞു: “എല്ലാ പറ്റങ്ങളും എത്തിയാലേ കിണറിന്റെ വായ്‍ക്കലുള്ള കല്ല് ഉരുട്ടിമാറ്റാൻ സാധ്യമാകൂ. കല്ലു മാറ്റിയിട്ടേ വെള്ളം കോരാൻ പറ്റുകയുള്ളല്ലോ.” യാക്കോബ് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ റാഹേൽ തന്റെ പിതാവിന്റെ ആടുകളുമായി അവിടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്. യാക്കോബ് മാതൃസഹോദരനായ ലാബാന്റെ പുത്രി റാഹേലിനെയും കൂടെയുണ്ടായിരുന്ന ആട്ടിൻപറ്റത്തെയും കണ്ടപ്പോൾ എഴുന്നേറ്റു കല്ലുരുട്ടി മാറ്റി ആടുകൾക്കു വെള്ളം കൊടുത്തു. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. അവളുടെ പിതാവിന്റെ സഹോദരി റിബേക്കായുടെ പുത്രനാണ് താൻ എന്ന് അയാൾ പറഞ്ഞു. അതു കേട്ട മാത്രയിൽ അവൾ ഓടിപ്പോയി പിതാവിനെ വിവരം അറിയിച്ചു. സഹോദരീപുത്രനായ യാക്കോബാണെന്ന് കേട്ടപ്പോൾ ലാബാൻ ഓടിയെത്തി അയാളെ ആലിംഗനംചെയ്തു ചുംബിച്ചു. ലാബാൻ അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. യാക്കോബ് ലാബാനോടു തന്റെ വിവരങ്ങളെല്ലാം പറഞ്ഞു. അതു കേട്ടു ലാബാൻ യാക്കോബിനോടു പറഞ്ഞു: “നീ എന്റെ അസ്ഥിയും മാംസവും തന്നെയാണ്.” ഒരു മാസം യാക്കോബ് അവിടെ താമസിച്ചു.

GENESIS 29 വായിക്കുക

GENESIS 29:1-14 - നുള്ള വീഡിയോ