GALATIA 6
6
ഭാരങ്ങൾ പരസ്പരം വഹിക്കുക
1സഹോദരരേ, ആത്മാവിനാൽ നയിക്കപ്പെട്ട നിങ്ങൾ, ഒരാൾ ഏതെങ്കിലും തെറ്റിൽ വീണുപോയാൽ സൗമ്യതയോടെ അയാളെ വീഴ്ചയിൽനിന്ന് ഉദ്ധരിക്കുക. നിങ്ങളും പ്രലോഭനങ്ങൾക്ക് അടിപ്പെടാതെ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളണം. 2ഭാരങ്ങൾ ചുമക്കുന്നതിൽ അന്യോന്യം സഹായിക്കുക. ഇങ്ങനെ നിങ്ങൾ ക്രിസ്തുവിന്റെ നിയമം നിറവേറ്റണം. 3ഒരുവൻ കേവലം നിസ്സാരനായിരിക്കെ വലിയവനാണെന്നു ഭാവിച്ചാൽ, തന്നെത്തന്നെ വഞ്ചിക്കുകയാണു ചെയ്യുന്നത്. 4ഓരോ വ്യക്തിയും അവരവരുടെ ചെയ്തികളെ വിധിക്കട്ടെ. അവ നല്ലതാണെങ്കിൽ അന്യരുടെ അംഗീകാരത്തെ ആശ്രയിക്കാതെ താൻ ചെയ്തതിനെക്കുറിച്ച് അഭിമാനം കൊള്ളുവാൻ കഴിയും. 5ഓരോ വ്യക്തിയും താന്താങ്ങളുടെ ഭാരം ചുമക്കേണ്ടിയിരിക്കുന്നു.
6ക്രിസ്തുവിന്റെ സുവിശേഷം പഠിച്ചുകൊണ്ടിരിക്കുന്നവൻ പഠിപ്പിക്കുന്നവന് തനിക്കുള്ള എല്ലാ നല്ല വസ്തുക്കളും പങ്കിടണം.
7നിങ്ങൾ സ്വയം വഞ്ചിക്കരുത്; ദൈവത്തെ വഞ്ചിക്കുവാൻ ആർക്കും സാധ്യമല്ല. ഒരുവൻ വിതച്ചതുതന്നെ കൊയ്യും. 8പ്രാകൃതമായ അഭിലാഷങ്ങളുടെ വിളഭൂമിയിലാണു വിതയ്‍ക്കുന്നതെങ്കിൽ, അതിൽനിന്ന് അവൻ നാശം കൊയ്യും; ആത്മാവിന്റെ വിളഭൂമിയിലാണു വിതയ്‍ക്കുന്നതെങ്കിൽ അവൻ കൊയ്യുന്നത് അനശ്വരജീവനായിരിക്കും. 9നന്മ ചെയ്യുന്നതിൽ നാം ക്ഷീണിച്ചു പോകരുത്; ക്ഷീണിക്കാതിരുന്നാൽ യഥാകാലം അതിന്റെ വിളവെടുക്കാം. 10അതുകൊണ്ട് എല്ലാവർക്കും വിശിഷ്യ സഹവിശ്വാസികൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം നന്മചെയ്യണം; വിശ്വാസികളായ നാമെല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണല്ലോ.
മുന്നറിയിപ്പും ആശീർവാദവും
11എന്റെ സ്വന്തം കൈകൊണ്ട് എത്ര വലിയ അക്ഷരത്തിലാണ് ഞാൻ എഴുതിയിരിക്കുന്നതെന്നു നോക്കൂ! 12പരിച്ഛേദനം ചെയ്യാൻ നിങ്ങളെ ഹേമിക്കുന്നത്, പുറമേയുള്ള കാര്യങ്ങളെപ്പറ്റി ആത്മപ്രശംസ ചെയ്യുന്നവരാണ്. ക്രിസ്തുവിന്റെ കുരിശിനുവേണ്ടി പീഡനം സഹിക്കാതിരിക്കുവാനാണ് അവർ അപ്രകാരം ചെയ്യുന്നത്. 13പരിച്ഛേദനകർമത്തിനു വിധേയരായവർപോലും നിയമം അനുസരിക്കുന്നില്ല. ഈ ബാഹ്യകർമത്തിനു നിങ്ങൾ വഴങ്ങിയെന്നു പൊങ്ങച്ചം പറയുന്നതിനുവേണ്ടിയാണ് നിങ്ങൾ പരിച്ഛേദനം നടത്തണമെന്ന് അവർ ആഗ്രഹിക്കുന്നത്. 14ഞാനാകട്ടെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിനെക്കുറിച്ചു മാത്രമേ അഭിമാനം കൊള്ളുകയുള്ളൂ. എന്തുകൊണ്ടെന്നാൽ, അവിടുത്തെ കുരിശു മുഖേന ലോകം എനിക്കും, ഞാൻ ലോകത്തിനും മരിച്ചിരിക്കുന്നു. 15ഒരുവൻ പരിച്ഛേദനകർമത്തിനു വിധേയനാകട്ടെ, വിധേയനാകാതിരിക്കട്ടെ അതിൽ അർഥമൊന്നുമില്ല. ഒരുവൻ പുതിയ സൃഷ്‍ടിയായിത്തീരുന്നതാണു പ്രധാനം. 16ഈ പ്രമാണമനുസരിച്ചു ജീവിക്കുന്ന എല്ലാ ദൈവജനത്തോടും കൂടി സമാധാനവും കാരുണ്യവും ഉണ്ടായിരിക്കട്ടെ.
17ഇനി ആരും എന്നെ വിഷമിപ്പിക്കരുത്; എന്തെന്നാൽ എന്റെ ശരീരത്തിലുള്ള പാടുകൾ ഞാൻ യേശുവിന്റെ വകയാണെന്നു വ്യക്തമാക്കുന്നു.
18സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. ആമേൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
GALATIA 6: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.