EZRA 7

7
എസ്രാ യെരൂശലേമിൽ
1പേർഷ്യൻ രാജാവായ അർത്ഥക്സേർക്സസിന്റെ ഭരണകാലത്ത് എസ്രാ ബാബിലോണിൽനിന്നു യെരൂശലേമിൽ വന്നു. അദ്ദേഹം സെരായായുടെ പുത്രൻ; സെരായാ അസര്യായുടെ പുത്രൻ; അസര്യാ ഹില്‌കീയായുടെ പുത്രൻ; 2ഹില്‌കീയാ ശല്ലൂമിന്റെ പുത്രൻ; ശല്ലൂം സാദോക്കിന്റെ പുത്രൻ; സാദോക്ക് അഹീത്തൂബിന്റെ പുത്രൻ; 3അഹീത്തൂബ് അമര്യായുടെ പുത്രൻ; അമര്യാ അസര്യായുടെ പുത്രൻ; അസര്യാ മെരായോത്തിന്റെ പുത്രൻ; 4മെരായോത്ത് സെരഖ്യായുടെ പുത്രൻ; സെരഖ്യാ ഉസ്സിയുടെ പുത്രൻ; 5ഉസ്സി ബുക്കിയുടെ പുത്രൻ; ബുക്കി അബീശൂവയുടെ പുത്രൻ; അബീശൂവ ഫീനെഹാസിന്റെ പുത്രൻ; ഫീനെഹാസ് എലെയാസറിന്റെ പുത്രൻ; എലെയാസർ മഹാപുരോഹിതനായ അഹരോന്റെ പുത്രൻ. 6എസ്രാ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ മോശയിലൂടെ നല്‌കിയ ധർമശാസ്ത്രത്തിൽ അവഗാഹമുള്ളവനായിരുന്നു. ദൈവമായ സർവേശ്വരന്റെ അനുഗ്രഹം അദ്ദേഹത്തിന്റെമേൽ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടതെല്ലാം രാജാവു നല്‌കിയിരുന്നു. 7അദ്ദേഹത്തോടൊപ്പം ഇസ്രായേൽജനങ്ങളിലും പുരോഹിതന്മാരിലും ലേവ്യരിലും ഗായകരിലും ദ്വാരപാലകന്മാരിലും ദേവാലയ ശുശ്രൂഷകരിലും ചിലർകൂടി അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം യെരൂശലേമിൽ വന്നു. 8രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം അഞ്ചാം മാസത്തിലായിരുന്നു അദ്ദേഹം യെരൂശലേമിൽ എത്തിയത്. 9ഒന്നാം മാസം ഒന്നാം ദിവസം അദ്ദേഹം ബാബിലോണിൽനിന്നു യാത്ര പുറപ്പെട്ടു; ദൈവാനുഗ്രഹത്താൽ അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിലെത്തി. 10സർവേശ്വരന്റെ ധർമശാസ്ത്രം പഠിക്കുവാനും അത് അനുഷ്ഠിക്കുവാനും അതിന്റെ ചട്ടങ്ങളും വിധികളും ഇസ്രായേലിൽ പഠിപ്പിക്കുവാനും എസ്രാ മനസ്സുവച്ചിരുന്നു.
അർത്ഥക്സേർക്സസിന്റെ കല്പന
11ഇസ്രായേലിനു സർവേശ്വരൻ നല്‌കിയ കല്പനകളുടെയും ചട്ടങ്ങളുടെയും കാര്യത്തിൽ അഭിജ്ഞനും പുരോഹിതനുമായ എസ്രായ്‍ക്ക് അർത്ഥക്സേർക്സ് രാജാവു നല്‌കിയ എഴുത്തിന്റെ പകർപ്പ്: 12“രാജാധിരാജനായ അർത്ഥക്സേർക്സസ് രാജാവ് സ്വർഗസ്ഥനായ ദൈവത്തിന്റെ ധർമശാസ്ത്രത്തിൽ അഭിജ്ഞനായ എസ്രാപുരോഹിതനു എഴുതുന്നത്: 13എന്റെ രാജ്യത്തു വസിക്കുന്ന ഏത് ഇസ്രായേല്യനും പുരോഹിതനും ലേവ്യനും നിന്നോടൊപ്പം യെരൂശലേമിലേക്കു പോകാൻ ആഗ്രഹമുണ്ടെങ്കിൽ ഞാൻ അതിന് അനുവാദം തന്നിരിക്കുന്നു. 14നിന്റെ ദൈവത്തിൽനിന്നു ലഭിച്ച ധർമശാസ്ത്രം യെഹൂദ്യയിലും യെരൂശലേമിലും എങ്ങനെ പരിപാലിക്കപ്പെടുന്നു എന്ന് അന്വേഷിക്കാനാണ് രാജാവും തന്റെ ഏഴു മന്ത്രിമാരും ചേർന്ന് നിന്നെ അയയ്‍ക്കുന്നത്. 15യെരൂശലേമിൽ വസിക്കുന്ന ഇസ്രായേലിന്റെ ദൈവത്തിന് രാജാവും മന്ത്രിമാരും സ്വമേധാദാനമായി അർപ്പിക്കുന്ന വെള്ളിയും സ്വർണവും നിങ്ങൾ കൊണ്ടുപോകണം. 16കൂടാതെ ബാബിലോൺ പ്രദേശത്തുനിന്നു നിങ്ങൾ സംഭരിച്ച വെള്ളിയും സ്വർണവും യെരൂശലേമിലെ തങ്ങളുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ജനങ്ങളും പുരോഹിതന്മാരും നല്‌കുന്ന സ്വമേധാദാനങ്ങളും കൊണ്ടുപോകുന്നതിനും കൂടിയാണ് നിന്നെ അയയ്‍ക്കുന്നത്. 17“ഈ ദ്രവ്യംകൊണ്ട് ശ്രദ്ധാപൂർവം കാളകൾ, മുട്ടാടുകൾ, കുഞ്ഞാടുകൾ എന്നിവയും ധാന്യയാഗത്തിനും പാനീയയാഗത്തിനും വേണ്ട വസ്തുക്കളും വാങ്ങി യെരൂശലേമിലെ നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കണം. 18ശേഷിക്കുന്ന വെള്ളിയും സ്വർണവും നിനക്കും നിന്റെ സഹോദരന്മാർക്കും ഉചിതമെന്നു തോന്നുന്നതുപോലെ നിങ്ങളുടെ ദൈവത്തിനു പ്രസാദകരമാംവിധം ഉപയോഗിക്കാം. 19നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്‍ക്കുവേണ്ടി നിന്നെ ഏല്പിച്ചിട്ടുള്ള പാത്രങ്ങൾ യെരൂശലേമിലെ ദൈവത്തിന്റെ സന്നിധിയിൽ സമർപ്പിക്കണം. 20നിന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി മറ്റെന്തെങ്കിലും ആവശ്യമായി വന്നാൽ അതും രാജഭണ്ഡാരത്തിൽനിന്ന് എടുത്തുകൊള്ളുക.” 21അർത്ഥക്സേർക്സസ് രാജാവായ നാം നദിക്ക് അക്കരെയുള്ള പ്രദേശത്തെ ഭണ്ഡാരവിചാരകരോടു കല്പിക്കുന്നു: “സ്വർഗസ്ഥനായ ദൈവത്തിന്റെ ധർമശാസ്ത്രത്തിൽ പാണ്ഡിത്യമുള്ള എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതെല്ലാം ശുഷ്കാന്തിയോടെ നല്‌കണം. 22വെള്ളി നൂറു താലന്തുവരെയും കോതമ്പ് നൂറുകോർവരെയും വീഞ്ഞും എണ്ണയും നൂറു ബത്തുവരെയും ഉപ്പ് ആവശ്യംപോലെയും കൊടുക്കണം. 23സ്വർഗസ്ഥനായ ദൈവത്തിന്റെ ക്രോധം രാജാവിന്റെയും പുത്രന്മാരുടെയും രാജ്യത്തിന്മേൽ പതിക്കാതിരിക്കാൻ അവിടുന്നു കല്പിക്കുന്നതെല്ലാം അവിടുത്തെ ആലയത്തിനുവേണ്ടി നല്‌കേണ്ടതാണ്. 24പുരോഹിതന്മാർ, ലേവ്യർ, ഗായകർ, ദ്വാരപാലകർ, ദേവാലയഭൃത്യന്മാർ, ദൈവത്തിന്റെ ഈ ആലയത്തിലെ മറ്റു ശുശ്രൂഷകർ എന്നിവരിൽനിന്നു കരമോ, ചുങ്കമോ, നികുതിയോ ചുമത്തുന്നതു നിയമവിരുദ്ധമായിരിക്കുമെന്നു നാം കല്പിക്കുന്നു.” 25“അല്ലയോ എസ്രാ, നിന്റെ ദൈവത്തിൽനിന്നു നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനം ഉപയോഗിച്ചു നദിക്ക് അക്കരെയുള്ള ജനത്തിനു ന്യായപാലനം ചെയ്യാൻ നിന്റെ ദൈവത്തിന്റെ നിയമം അറിയാവുന്നവരിൽനിന്ന് നിയമപാലകരെയും ന്യായാധിപന്മാരെയും നിയമിക്കണം. അത് അറിയാത്തവരെ പഠിപ്പിക്കുകയും വേണം. 26നിന്റെ ദൈവത്തിന്റെയോ രാജാവിന്റെയോ നിയമം ലംഘിക്കുന്ന എല്ലാവരെയും കർശനമായി ശിക്ഷിക്കണം; വധശിക്ഷയോ, നാടുകടത്തലോ, വസ്തു കണ്ടുകെട്ടലോ, തടവുശിക്ഷയോ നല്‌കാവുന്നതാണ്.
എസ്രാ ദൈവത്തെ സ്തുതിക്കുന്നു
27യെരൂശലേമിൽ സർവേശ്വരന്റെ ആലയം മനോഹരമാക്കുന്നതിനു രാജാവിനെ പ്രേരിപ്പിച്ച നമ്മുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ. 28രാജാവിന്റെയും മന്ത്രിമാരുടെയും പ്രബലരായ പ്രഭുക്കന്മാരുടെയും മുമ്പിൽ എന്നോട് അവിടുന്നു സുസ്ഥിരസ്നേഹം പ്രദർശിപ്പിച്ചു. എന്റെ ദൈവമായ സർവേശ്വരന്റെ അനുഗ്രഹം എന്റെമേൽ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേലിലെ പ്രമുഖരെ വിളിച്ചുകൂട്ടി എന്റെകൂടെ പോരുന്നതിന് അവരെ പ്രേരിപ്പിക്കാൻ എനിക്കു ധൈര്യമുണ്ടായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZRA 7: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക