EZRA 6
6
ദാരിയൂസിന്റെ ഉത്തരവ്
1ദാരിയൂസിന്റെ കല്പന അനുസരിച്ചു ബാബിലോണിൽ സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ചു. 2മേദ്യപ്രവിശ്യയുടെ തലസ്ഥാനമായ എക്ബാത്താനയിൽ അവർ ഒരു ചുരുൾ കണ്ടെത്തി. അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: 3“സൈറസ്‍രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷം യെരൂശലേംദേവാലയത്തെക്കുറിച്ച് പുറപ്പെടുവിച്ച കല്പന: കാഴ്ചകളും ഹോമയാഗങ്ങളും അർപ്പിക്കുന്ന ആലയം വീണ്ടും പണിയണം. അതിന്റെ ഉയരം അറുപതു മുഴവും വീതി അറുപതു മുഴവും ആയിരിക്കണം. 4മൂന്നു നിര കല്ലുകൾക്കുമീതെ ഒരു നിര തടി എന്ന ക്രമത്തിലായിരിക്കണം അതു പണിയേണ്ടത്. ചെലവ് രാജഭണ്ഡാരത്തിൽനിന്നു നല്‌കേണ്ടതാണ്. 5യെരൂശലേമിലെ ദേവാലയത്തിൽനിന്നു നെബുഖദ്നേസർ ബാബിലോണിലേക്കു കൊണ്ടുപോയതും സ്വർണം, വെള്ളി എന്നിവകൊണ്ടു നിർമ്മിച്ചതുമായ പാത്രങ്ങൾ മടക്കിക്കൊടുക്കണം; അവ യെരൂശലേംദേവാലയത്തിൽ അതതു സ്ഥാനത്ത് വയ്‍ക്കണം.”
6ദാരിയൂസ് ഇപ്രകാരം മറുപടി നല്‌കി: “നദിക്ക് അക്കരെയുള്ള പ്രദേശത്തിന്റെ ഗവർണർ തത്നായിയും, ശെഥർ-ബോസ്നായിയും അവരുടെ സഹപ്രവർത്തകരായ അധികാരികളും പണിക്കു തടസ്സം നില്‌ക്കരുത്; 7ദേവാലയത്തിന്റെ പണി നിർബാധം നടക്കട്ടെ. യെഹൂദന്മാരുടെ ദേശാധിപതിയും അവരുടെ പ്രമാണികളും ഈ ദേവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ. 8ദേവാലയത്തിന്റെ പുനർനിർമ്മാണത്തിനു യെഹൂദാപ്രമാണികൾക്കു നിങ്ങൾ ചെയ്തു കൊടുക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള എന്റെ കല്പന ഇതാണ്. നദിക്കക്കരെ നികുതി ഇനത്തിൽ ലഭിക്കുന്ന രാജകീയ വരുമാനത്തിൽനിന്ന് ചെലവ് പൂർണമായി ഉടൻതന്നെ അവരെ ഏല്പിക്കണം. 9സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം കഴിക്കാൻ കാളക്കുട്ടികൾ, മുട്ടാടുകൾ, കുഞ്ഞാടുകൾ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാർ ആവശ്യപ്പെടുന്നത്ര കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും മുടക്കം കൂടാതെ ദിനംതോറും നല്‌കണം. 10അങ്ങനെ അവർ സ്വർഗത്തിലെ ദൈവത്തിനു ഹിതകരമായ യാഗം അർപ്പിക്കുകയും രാജാവിന്റെയും പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യട്ടെ. 11ആരെങ്കിലും മേല്പറഞ്ഞ കല്പന ലംഘിച്ചാൽ അവന്റെ വീടിന്റെ ഒരു തുലാം ഇളക്കിയെടുത്ത് ഒരറ്റം കൂർപ്പിച്ച് അതിന്മേൽ അവനെ കോർത്ത് തുലാം നാട്ടി നിറുത്തണം. അവന്റെ വീട് കുപ്പക്കുന്ന് ആക്കുകയും വേണം എന്നു ഞാൻ കല്പിക്കുന്നു. 12ഈ കല്പന ലംഘിക്കുകയോ തന്റെ നാമം സ്ഥാപിക്കുന്നതിനു ദൈവം തിരഞ്ഞെടുത്ത യെരൂശലേമിലെ ഈ ദേവാലയം നശിപ്പിക്കാനോ ശ്രമിക്കുന്ന ഏതൊരു രാജാവിനെയും ജനത്തെയും ദൈവം നശിപ്പിക്കും. ദാരിയൂസായ ഞാൻ ഈ ഉത്തരവു നല്‌കുന്നു. അതു വീഴ്ചകൂടാതെ നടപ്പാക്കണം.”
ദേവാലയം പ്രതിഷ്ഠിക്കുന്നു
13നദിക്ക് ഇക്കരെയുള്ള പ്രദേശത്തിന്റെ അധിപൻ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ സഹപ്രവർത്തകരും രാജകല്പന അക്ഷരംപ്രതി അനുസരിച്ചു. 14ഹഗ്ഗായിപ്രവാചകന്റെയും ഇദ്ദോയുടെ പുത്രൻ സെഖര്യാപ്രവാചകന്റെയും പ്രവചനങ്ങളാൽ പ്രേരിതരായി, യെഹൂദാപ്രമാണികളുടെ നേതൃത്വത്തിൽ പണി അതിവേഗം പുരോഗമിച്ചു. ഇസ്രായേലിന്റെ ദൈവത്തിന്റെ കല്പനപ്രകാരവും പേർഷ്യൻരാജാക്കന്മാരായ സൈറസ്, ദാരിയൂസ്, അർത്ഥക്സേർക്സസ് എന്നിവരുടെ ആജ്ഞയനുസരിച്ചും അവർ പണി പൂർത്തിയാക്കി. 15ദാരിയൂസ് രാജാവിന്റെ വാഴ്ചയുടെ ആറാം വർഷം ആദാർ മാസം മൂന്നാം ദിവസം ആണു ദേവാലയത്തിന്റെ പണി പൂർത്തിയാക്കിയത്. 16പുരോഹിതന്മാരും ലേവ്യരും മടങ്ങിവന്ന മറ്റു പ്രവാസികളും ചേർന്ന ഇസ്രായേൽജനം ദേവാലയത്തിന്റെ പ്രതിഷ്ഠ ആഹ്ലാദപൂർവം ആഘോഷിച്ചു. 17ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ചു ദേവാലയത്തിന്റെ പ്രതിഷ്ഠയ്‍ക്ക് നൂറു കാളകളെയും ഇരുനൂറു മുട്ടാടുകളെയും നാനൂറു കുഞ്ഞാടുകളെയും സമസ്ത ഇസ്രായേലിനും വേണ്ടിയുള്ള പാപപരിഹാരയാഗത്തിനു പന്ത്രണ്ട് ആൺകോലാടുകളെയും യാഗം കഴിച്ചു. 18മോശയുടെ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ യെരൂശലേമിൽ ദൈവശുശ്രൂഷയ്‍ക്കുവേണ്ടി പുരോഹിതന്മാരെ ഗണമനുസരിച്ചും ലേവ്യരെ തവണയനുസരിച്ചും നിയമിച്ചു.
പെസഹ
19മടങ്ങിവന്ന പ്രവാസികൾ ഒന്നാം മാസം പതിന്നാലാം ദിവസം പെസഹ ആചരിച്ചു. 20പുരോഹിതന്മാരും ലേവ്യരും ഒരുമിച്ചു തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. അങ്ങനെ എല്ലാവരും ശുദ്ധിയുള്ളവരായിത്തീർന്നു. അവർ മടങ്ങിവന്ന എല്ലാ പ്രവാസികൾക്കും സഹോദരന്മാരായ പുരോഹിതന്മാർക്കും തങ്ങൾക്കുംവേണ്ടി പെസഹാകുഞ്ഞാടിനെ കൊന്നു.
21പ്രവാസത്തിൽനിന്നു മടങ്ങിവന്ന ഇസ്രായേൽജനങ്ങളും ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നതിനുവേണ്ടി തദ്ദേശീയരുടെ മ്ലേച്ഛതകൾ ഉപേക്ഷിച്ച് അവരോടു ചേർന്നവരും പെസഹ ഭക്ഷിച്ചു. 22സർവേശ്വരൻ അവരെ സന്തുഷ്ടരാക്കുകയും ഇസ്രായേലിന്റെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ അവരെ സഹായിക്കുംവിധം അസ്സീറിയാരാജാവിന്റെ ഹൃദയം അവർക്ക് അനുകൂലമാക്കുകയും ചെയ്തതുകൊണ്ട് അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴു ദിവസം ആഹ്ലാദപൂർവം ആചരിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EZRA 6: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.