EZEKIELA 32

32
ഫറവോ ഒരു വ്യാളി
1പ്രവാസത്തിന്റെ പന്ത്രണ്ടാം വർഷം പന്ത്രണ്ടാം മാസം ഒന്നാം ദിവസം സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി. 2“മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയെപ്പറ്റി ഈ വിലാപഗാനം ആലപിക്കൂ. “ജനതകളുടെ ഇടയിൽ ഒരു സിംഹം ആണെന്നു നീ ഭാവിക്കുന്നു; എന്നാൽ നീ സമുദ്രത്തിലെ വ്യാളിയെപ്പോലെ ആകുന്നു. നീ നദികൾ ചവിട്ടിക്കലക്കി അവയിലെ വെള്ളം മലിനമാക്കുന്നു. 3സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജനതകളുമായി വന്നു നിന്റെമേൽ എന്റെ വലവീശും. അവർ നിന്നെ കരയ്‍ക്ക് വലിച്ചു കയറ്റും. 4ഞാൻ എന്റെ വലയിൽ നിന്നെ കരയ്‍ക്കു വലിച്ചിടും; തുറസ്സായ സ്ഥലത്ത് ഞാൻ നിന്നെ എറിഞ്ഞുകളയും. അങ്ങനെ ആകാശത്തിലെ പറവകൾക്കും വന്യമൃഗങ്ങൾക്കും നീ ഇരയായിത്തീരും. 5നിന്റെ മാംസം ഞാൻ പർവതങ്ങളിൽ വിതറും. താഴ്‌വരകൾ അതുകൊണ്ടു നിറയ്‍ക്കും. 6നിന്റെ രക്തം ഒഴുകി പർവതങ്ങൾവരെയുള്ള ഭൂമി കുതിർക്കും. അതുകൊണ്ടു നീർച്ചാലുകൾ നിറയും. 7ഞാൻ നിന്നെ ഇല്ലായ്മ ചെയ്യുമ്പോൾ ആകാശത്തെ മൂടും; നക്ഷത്രങ്ങളെ ഇരുട്ടാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്‍ക്കും. ചന്ദ്രൻ നിഷ്പ്രഭമാകും. 8നിന്റെ മുകളിലുള്ള എല്ലാ പ്രകാശഗോളങ്ങളെയും ഞാൻ അന്ധകാരമയമാക്കും. നിന്റെ ദേശത്തെ അന്ധകാരത്തിലാഴ്ത്തും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
9വിജാതീയ ജനതകളുടെ ഇടയിൽ നിനക്ക് അജ്ഞാതമായ ദേശങ്ങളിലേക്കു നിന്നെ അടിമയാക്കിക്കൊണ്ടുപോകുമ്പോൾ പല ജനതകളും അസ്വസ്ഥരാകും. 10നിന്നെ നോക്കി അനേകം ജനതകൾ സ്തബ്ധരാകും; അവർ കാൺകെ ഞാൻ വാൾ വീശുമ്പോൾ അവരുടെ രാജാക്കന്മാർ നിന്നെ പ്രതി പേടിച്ച് അരണ്ടുപോകും; നീ നിപതിക്കുന്ന ദിവസം ഓരോരുത്തരും താന്താങ്ങളുടെ ജീവനെ ഓർത്ത് അനുനിമിഷം വിറയ്‍ക്കും. 11സർവേശ്വരനായ കർത്താവ് ഈജിപ്തിലെ രാജാവിനോട് അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവിന്റെ വാൾ നിന്റെമേൽ പതിക്കും. 12ജനതകളിൽവച്ചു ബലിഷ്ഠരും ഭീകരരും ആയവരുടെ വാളിനു നിന്റെ ജനക്കൂട്ടത്തെ ഞാൻ ഇരയാക്കും. അങ്ങനെ നിന്റെ അഹങ്കാരം അവർ അവസാനിപ്പിക്കും; നിന്റെ ജനസമൂഹം മുഴുവൻ നശിക്കും. 13ജലാശയങ്ങൾക്ക് അടുത്തുള്ള മൃഗങ്ങളെയെല്ലാം ഞാൻ നശിപ്പിക്കും. ഇനിമേൽ യാതൊരു മനുഷ്യന്റെയും കാലുകൾ അവയെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പുകളും അവയെ കലക്കുകയില്ല. 14അവരുടെ ജലാശയങ്ങളിലെ ജലം ഞാൻ തെളിമയുള്ളതാക്കിത്തീർക്കും; അവരുടെ നദികളെ എണ്ണപോലെ ഞാൻ പ്രവഹിപ്പിക്കും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: 15ഈജിപ്തുദേശത്തെ ഞാൻ ശൂന്യമാക്കുകയും അതിലുള്ളതെല്ലാം അപഹരിക്കുകയും അതിൽ നിവസിക്കുന്ന സമസ്ത ജനങ്ങളെയും ഞാൻ സംഹരിക്കുകയും ചെയ്യുമ്പോൾ ഞാനാണു സർവേശ്വരൻ എന്ന് അവർ അറിയും. 16ഇത് ഒരു വിലാപഗാനമാണ്. ജനതകളുടെ പുത്രിമാർ ഈജിപ്തിനും അതിലെ സകല നിവാസികൾക്കുംവേണ്ടി ഇതാലപിക്കും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
മൃതരുടെ ലോകം
17പ്രവാസത്തിന്റെ പന്ത്രണ്ടാം വർഷം ഒന്നാംമാസം പതിനഞ്ചാം ദിവസം സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 18“മനുഷ്യപുത്രാ, ഈജിപ്തിലെ ജനതയെക്കുറിച്ചു നീ വിലപിക്കുക. അവരെയും വിജാതീയരിൽ വിശ്രുതരായവരുടെ പുത്രിമാരെയും പാതാളത്തിൽ പതിക്കുന്നവരുടെകൂടെ അധോലോകത്തേക്ക് അയയ്‍ക്കുക. 19നീ എല്ലാവരെക്കാളും സൗന്ദര്യവതി എന്നു നീ കരുതുന്നുവോ? നീ താഴെ ഇറങ്ങിപ്പോകും; പരിച്ഛേദനമേല്‌ക്കാത്തവരുടെ ഇടയിൽ നീ കിടക്കും. 20വാളിന് ഇരയായവരുടെ ഇടയിൽ ഈജിപ്തിലെ ജനം വീഴും. ഒരു വാൾ അവളുടെ ജനങ്ങളെ മുഴുവനും വീഴ്ത്തും. 21ബലശാലികളായ വീരന്മാർ തങ്ങളുടെ സഹായികളോടൊത്തു പാതാളത്തിൽനിന്ന് അവരെക്കുറിച്ച് ഇങ്ങനെ പറയും: വാളിനിരയായ അപരിച്ഛേദിതർ താഴെയെത്തിയിരിക്കുന്നു. ഇതാ അവർ നിശ്ചലരായി കിടക്കുന്നു.
22അസ്സീറിയായും അവളുടെ സമസ്തജനവും അവിടെയുണ്ട്. അവളുടെ വാൾകൊണ്ട് വധിക്കപ്പെട്ട ജനസമൂഹവും തങ്ങളുടെ ശവക്കുഴികളിൽ അവളുടെ ചുറ്റും ഉണ്ട്. 23അവളുടെ ശവക്കുഴി പാതാളത്തിന്റെ അടിത്തട്ടിലാണ്. അവളുടെ ജനസമൂഹം അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. അവരെല്ലാവരും വാളിനിരയായവരാണ്. ജീവനുള്ളവരുടെ ദേശത്ത് കൊടിയഭീതി പരത്തിയവരാണവർ. 24ഏലാം അവിടെയുണ്ട്; അവളുടെ സർവജനവും അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. അവരെല്ലാം വാളിനാൽ സംഹരിക്കപ്പെട്ടവർ. പരിച്ഛേദനമേല്‌ക്കാതെ അവർ അധോലോകത്തേക്ക് ഇറങ്ങിപ്പോയി. അവർ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരാണ്. എങ്കിലും പാതാളത്തിൽ ഇറങ്ങിയവരോടൊപ്പം അവർ അപമാനം പേറുന്നു. 25കൊല്ലപ്പെട്ടവരുടെ മധ്യേ അവളുടെ ജനസമൂഹത്തോടൊപ്പം അവർ അവൾക്ക് കിടക്ക വിരിച്ചിരിക്കുന്നു. വാളിന് ഇരയായ പരിച്ഛേദനമേല്‌ക്കാത്ത അവരുടെ ശവക്കുഴികൾ അവൾക്കു ചുറ്റുമുണ്ട്. അവർ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരാണ്. എങ്കിലും പാതാളത്തിൽ ഇറങ്ങിയവരോടുകൂടി അവർ അപമാനം വഹിക്കുന്നു. വധിക്കപ്പെട്ടവരോടുകൂടെ അവർ കഴിയുന്നു.
26മേശക്കും തൂബലും അവിടെയുണ്ട്; അവരോടൊപ്പം അവരുടെ സമസ്ത ജനങ്ങളും; അവരുടെ കുഴിമാടങ്ങൾ അവർക്ക് ചുറ്റുമുണ്ട്. ജീവനുള്ളവരുടെ ദേശത്ത് കൊടുംഭീതി പരത്തിയതിനാൽ വാളിന് ഇരയായ അവരെല്ലാവരുംതന്നെ പരിച്ഛേദനമേല്‌ക്കാത്തവരാണ്. 27പട്ടുപോയ പുരാതന വീരന്മാരോടൊപ്പം അവർ കിടക്കുകയില്ല. ആ സമരവീരന്മാർ തങ്ങളുടെ പടക്കോപ്പുകളുമായാണ് അധോലോകത്തിലേക്ക് ഇറങ്ങിച്ചെന്നത്. അവരുടെ വാളുകൾ തലയ്‍ക്കു കീഴിലും പരിച ശരീരത്തിനു മുകളിലും വച്ചിരുന്നു. 28ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരായിരുന്നല്ലോ ആ വീരപുരുഷന്മാർ. വാളിനാൽ വധിക്കപ്പെട്ടവരോടുകൂടി ഈജിപ്തുകാരും തകർക്കപ്പെട്ടു പരിച്ഛേദനം ഏല്‌ക്കാത്തവരോടൊപ്പം കിടക്കും.
29എദോം അവിടെയുണ്ട്; അവളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ശക്തന്മാരായ വീരന്മാരായിരുന്നിട്ടും വാളിന് ഇരയായവരുടെ കൂടെ നിപതിച്ചു. അവർ പാതാളത്തിൽ പരിച്ഛേദനമേല്‌ക്കാത്തവരുടെ കൂടെ കിടക്കുന്നു.
30ഉത്തരദേശത്തെ സകല പ്രഭുക്കന്മാരും സീദോന്യരും അവിടെയുണ്ട്. തങ്ങളുടെ കൈയൂക്കിനാൽ ഭീതി പരത്തിയവരെങ്കിലും അവർ വധിക്കപ്പെട്ട് അപമാനിതരായി താഴേക്കിറങ്ങിയിരിക്കുന്നു. വാളിനിരയായവരുടെ കൂട്ടത്തിൽ അവരും പരിച്ഛേദനമേല്‌ക്കാത്തവരായി കിടക്കുന്നു. പാതാളത്തിൽ ഇറങ്ങുന്നവരോടൊപ്പം അവരും അപമാനഭാരം വഹിക്കുന്നു.
31വാളിനിരയാക്കപ്പെട്ട ഫറവോരാജാവും സൈന്യവും അവരെ കാണുമ്പോൾ സ്വന്തം ജനത്തെക്കുറിച്ചു സമാശ്വസിക്കും എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 32അയാൾ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തി. അതുകൊണ്ട് ഫറവോയും അയാളുടെ സർവജനവും പരിച്ഛേദനമേല്‌ക്കാത്തവരോടൊത്ത്, വാളിനിരയായവരോടുകൂടി കിടക്കും; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZEKIELA 32: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക