EXODUS 19
19
ഇസ്രായേൽജനം സീനായ്മലയിൽ
1ഇസ്രായേൽജനം രെഫീദീമിൽനിന്നു യാത്ര തുടർന്നു; ഈജിപ്തിൽനിന്നു പുറപ്പെട്ട് കൃത്യം മൂന്നു മാസം പൂർത്തിയായപ്പോൾ സീനായ്മരുഭൂമിയിൽ എത്തിച്ചേർന്നു. 2അവിടെ അവർ സീനായ്മലയ്ക്ക് അഭിമുഖമായി പാളയമടിച്ചു. 3മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. സർവേശ്വരൻ മലയിൽനിന്ന് മോശയെ വിളിച്ച് യാക്കോബിന്റെ വംശജരായ ഇസ്രായേല്യരോട് ഇപ്രകാരം പറയാൻ കല്പിച്ചു: 4“ഞാൻ ഈജിപ്തുകാരോടു പ്രവർത്തിച്ചതും കഴുകൻ തന്റെ കുഞ്ഞുങ്ങളെ ചിറകിൽ വഹിച്ചുകൊണ്ടു വരുന്നതുപോലെ നിങ്ങളെ എന്റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ. 5നിങ്ങൾ എന്റെ വാക്കുകേട്ട് എന്റെ ഉടമ്പടി പാലിച്ചാൽ സകല ജനതകളിലുംവച്ചു നിങ്ങൾ എനിക്ക് പ്രത്യേക ജനം ആയിരിക്കും; ഭൂമി മുഴുവനും എൻറേതാണെങ്കിലും. 6നിങ്ങൾ എനിക്ക് ഒരു പുരോഹിതവംശവും വിശുദ്ധജനതയും ആയിരിക്കും.” 7മോശ ജനനേതാക്കന്മാരെ വിളിച്ചുകൂട്ടി സർവേശ്വരന്റെ കല്പന അവരെ അറിയിച്ചു. 8“സർവേശ്വരൻ കല്പിച്ചതെല്ലാം ഞങ്ങൾ ചെയ്യും” എന്നു ജനം ഏകസ്വരത്തിൽ പ്രതിവചിച്ചു; ജനത്തിന്റെ വാക്ക് മോശ സർവേശ്വരനെ അറിയിച്ചു. 9സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇതാ ഞാൻ കാർമേഘത്തിൽ നിന്റെ അടുക്കൽ വരുന്നു; ഞാൻ നിന്നോടു സംസാരിക്കുന്നതു ജനം കേൾക്കട്ടെ. അങ്ങനെ അവർ എന്നും നിന്നെ വിശ്വസിക്കാൻ ഇടയാകും.” പിന്നീട് മോശ ജനത്തിന്റെ വാക്ക് സർവേശ്വരനെ അറിയിച്ചു. 10സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ജനങ്ങളുടെ അടുത്തു ചെന്ന് അവരെ ഇന്നും നാളെയും ശുദ്ധീകരിക്കണം. 11അവർ വസ്ത്രം അലക്കി വെടിപ്പാക്കി മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; അന്നു സീനായ്മലയിൽ ജനം കാൺകെ ഞാൻ ഇറങ്ങി വരും. 12മലയ്ക്കു ചുറ്റും അതിർത്തി കല്പിച്ചുകൊണ്ട് അവരോടു പറയണം: നിങ്ങൾ മലയിൽ കയറുകയോ അതിരിനുള്ളിൽ പ്രവേശിക്കുകയോ അരുത്. മലയെ സ്പർശിക്കുന്നവൻ കൊല്ലപ്പെടണം. 13ആരും അവനെ തൊടരുത്; കല്ലെറിഞ്ഞോ അമ്പെയ്തോ അവനെ കൊല്ലണം; അവനെ സ്പർശിക്കുന്നവൻ മനുഷ്യനോ മൃഗമോ ആകട്ടെ ജീവിച്ചിരിക്കരുത്. നീണ്ട കാഹളധ്വനി കേൾക്കുമ്പോൾ ജനം മലയുടെ സമീപം വരട്ടെ.” 14മോശ മലയിൽനിന്ന് ഇറങ്ങിച്ചെന്ന് ജനങ്ങളെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കി വെടിപ്പാക്കി. 15അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുക. അതിനിടയിൽ സ്ത്രീസമ്പർക്കം അരുത്.” 16മൂന്നാം ദിവസം പ്രഭാതത്തിൽ വലിയ ഇടിയും മിന്നലും ഉണ്ടായി; വലിയ കാർമേഘം മലമുകളിൽ പ്രത്യക്ഷപ്പെട്ടു; പാളയത്തിലെ ജനം നടുങ്ങത്തക്കവിധം കാഹളം ഉച്ചത്തിൽ മുഴങ്ങി. 17ദൈവത്തെ ദർശിക്കാൻ മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് മലയുടെ അടിവശത്തു നിർത്തി. 18സർവേശ്വരൻ അഗ്നിയിലൂടെ ഇറങ്ങി വന്നതിനാൽ സീനായ്മല പുകകൊണ്ടു മൂടി; ചൂളയിൽ നിന്നെന്നപോലെ പുക പൊങ്ങി; മല ശക്തമായി കുലുങ്ങി; 19കാഹളധ്വനി അടിക്കടി ഉച്ചത്തിലായിക്കൊണ്ടിരുന്നു. അപ്പോൾ മോശ ദൈവത്തോടു സംസാരിച്ചു. അവിടുന്ന് ഇടിമുഴക്കത്തിലൂടെ ഉത്തരമരുളി. 20സർവേശ്വരൻ സീനായ്മലമുകളിൽ ഇറങ്ങി; മോശയെ കൊടുമുടിയിലേക്കു വിളിച്ചു. അദ്ദേഹം അവിടേക്കു ചെന്നു. 21സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ ഇറങ്ങിച്ചെന്നു മുന്നറിയിപ്പ് നല്കുക. അല്ലെങ്കിൽ എന്നെ കാണാൻ ജനം അതിർത്തി ലംഘിച്ച് അനേകർ മരിക്കാൻ ഇടയാകും. 22സർവേശ്വരനെ സമീപിക്കാൻ ശ്രമിക്കുന്ന പുരോഹിതന്മാരും ശിക്ഷിക്കപ്പെടാതിരിക്കണമെങ്കിൽ സ്വയം ശുദ്ധീകരിക്കണം. 23മോശ സർവേശ്വരനോടു പറഞ്ഞു: “സീനായ്മലയ്ക്ക് ചുറ്റും അതിരു കല്പിച്ച് അതിനെ വിശുദ്ധീകരിക്കണമെന്ന് അവിടുന്നുതന്നെ ജനങ്ങളോടു കല്പിച്ചതുകൊണ്ട് ജനങ്ങൾക്ക് കയറിവരാൻ സാധ്യമല്ല.” 24സർവേശ്വരൻ മോശയോടു പറഞ്ഞു: “നീ ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടു വരിക; പുരോഹിതന്മാരും ജനവും അതിർത്തി ലംഘിച്ച് എന്നെ സമീപിക്കരുത്; അതിരുകടന്നാൽ അവർ ശിക്ഷിക്കപ്പെടും. 25മോശ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് സർവേശ്വരന്റെ വാക്ക് അവരെ അറിയിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EXODUS 19: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.