EXODUS 17
17
പാറയിൽനിന്നു ജലം
1സർവേശ്വരന്റെ കല്പനപ്രകാരം ഇസ്രായേൽജനം മുഴുവൻ സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ട് രെഫീദീമിൽ എത്തി പാളയമടിച്ചു; അവിടെ അവർക്കു കുടിക്കാൻ വെള്ളമില്ലായിരുന്നു. 2“ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരിക” എന്നു പറഞ്ഞു ജനങ്ങൾ മോശയോട് ആവലാതിപ്പെട്ടു. മോശ അവരോടു പറഞ്ഞു: “നിങ്ങൾ എന്നോടു കലഹിക്കുന്നതെന്ത്? സർവേശ്വരനെ എന്തിനു പരീക്ഷിക്കുന്നു?” 3ദാഹിച്ചു വലഞ്ഞ ജനം പിറുപിറുത്തുകൊണ്ടു മോശയോടു പറഞ്ഞു: “ഞങ്ങളും ഞങ്ങളുടെ കുട്ടികളും കന്നുകാലികളും ദാഹിച്ചു മരിക്കാനാണോ നീ ഈജിപ്തിൽനിന്നു ഞങ്ങളെ വിടുവിച്ചു കൊണ്ടുവന്നത്?” 4മോശ സർവേശ്വരനോടു നിലവിളിച്ചു പറഞ്ഞു: “ഈ ജനത്തോടു ഞാൻ എന്തു ചെയ്യും? നിമിഷങ്ങൾക്കകം എന്നെ അവർ കല്ലെറിയും.” 5സർവേശ്വരൻ മോശയോട് കല്പിച്ചു: “ഏതാനും ഇസ്രായേൽപ്രമാണിമാരുമൊത്ത് നീ ജനത്തിന്റെ മുമ്പേ പോകുക. നദിയെ അടിച്ച വടിയും കൈയിൽ എടുക്കുക. 6ഞാൻ ഹോറേബ്മലയിലെ ഒരു പാറമേൽ നില്‌ക്കും; നീ ആ പാറയിൽ അടിക്കണം; അപ്പോൾ ജനങ്ങൾക്കു കുടിക്കാൻ വെള്ളം അതിൽനിന്നു പുറപ്പെടും.” ഇസ്രായേൽപ്രമാണിമാർ കാൺകെ മോശ അപ്രകാരം ചെയ്തു. 7“സർവേശ്വരൻ നമ്മുടെ കൂടെ ഉണ്ടോ” എന്നു ചോദിച്ച് ഇസ്രായേൽജനം അവിടെവച്ചു പിറുപിറുക്കുകയും അവിടുത്തെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് ആ സ്ഥലത്തിനു #17:7 മസ്സാ = പരീക്ഷ, *മെരീബാ = കലഹംമസ്സാ-മെരീബാ എന്നു പേരിട്ടു.
അമാലേക്യരുമായി യുദ്ധം
8അമാലേക്യർ വന്ന് രെഫീദീമിൽ വച്ച് ഇസ്രായേൽജനത്തെ ആക്രമിച്ചു. 9മോശ യോശുവയോടു പറഞ്ഞു: “നീ നാളെ തിരഞ്ഞെടുത്ത ഏതാനും ആളുകളുമായി ചെന്ന് അമാലേക്യരോടു യുദ്ധം ചെയ്യുക; ദിവ്യശക്തിയുള്ള വടി പിടിച്ചുകൊണ്ട് ഞാൻ കുന്നിന്റെ മുകളിൽ നില്‌ക്കും.” 10മോശ പറഞ്ഞതുപോലെ യോശുവ അമാലേക്യരോടു യുദ്ധം ചെയ്തു; മോശയും അഹരോനും ഹൂരും കുന്നിന്റെ മുകളിൽ കയറിനിന്നു. 11മോശയുടെ കൈ ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ ഇസ്രായേല്യർ ജയിച്ചു. കൈ താഴ്ത്തിയപ്പോൾ അമാലേക്യർ ജയിച്ചു. 12കുറെ കഴിഞ്ഞപ്പോൾ മോശയുടെ കൈകൾ കുഴഞ്ഞു; അപ്പോൾ അഹരോനും ഹൂരും ചേർന്ന് മോശയ്‍ക്ക് ഇരിക്കാൻ ഒരു കല്ല് കൊണ്ടുവന്നു; മോശ അതിൽ ഇരുന്നു. അവർ മോശയുടെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. അങ്ങനെ സന്ധ്യവരെ മോശയുടെ കൈകൾ ഉയർന്നുനിന്നു. 13യോശുവ അമാലേക്യരെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തി. 14സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇതിന്റെ ഓർമ നിലനില്‌ക്കാനായി ഈ വിവരം ഒരു പുസ്തകത്തിലെഴുതി വയ്‍ക്കുക; യോശുവയെ അതു വായിച്ചു കേൾപ്പിക്കണം; അമാലേക്യരെക്കുറിച്ചുള്ള ഓർമപോലും ഞാൻ ഭൂമിയിൽനിന്നു മായിച്ചുകളയും. 15മോശ അവിടെ ഒരു യാഗപീഠം പണിത് അതിനു ‘സർവേശ്വരൻ എന്റെ വിജയക്കൊടി’ എന്നു പേരിട്ടു. 16മോശ പറഞ്ഞു: “സർവേശ്വരന്റെ സിംഹാസനം ഉയർന്നിരിക്കട്ടെ. അമാലേക്യരോടുള്ള അവിടുത്തെ യുദ്ധം തലമുറകളിലൂടെ തുടർന്നുകൊണ്ടിരിക്കും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EXODUS 17: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.