EXODUS 14:1-14

EXODUS 14:1-14 MALCLBSI

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “തിരിച്ചു പോയി മിഗ്ദോലിനും കടലിനുമിടയ്‍ക്ക് ബാൽസെഫോനു മുമ്പിലായി പിഹഹിരോത്തിനു സമീപം കടൽത്തീരത്തു പാളയമടിക്കാൻ ഇസ്രായേൽജനത്തോടു പറയുക.” അപ്പോൾ ഫറവോ, “ഇതാ ഇസ്രായേൽജനം അലഞ്ഞു തിരിയുന്നു. അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു” എന്ന് വിചാരിക്കും. ഫറവോയുടെ ഹൃദയം ഞാൻ കഠിനമാക്കും; അവൻ അവരെ പിന്തുടരും. ഫറവോയുടെയും അവന്റെ സകല സൈന്യങ്ങളുടെയുംമേൽ ഞാൻ മഹത്ത്വം കൈവരിക്കും. അപ്പോൾ ഞാനാണ് സർവേശ്വരൻ എന്ന് ഈജിപ്തുകാർ അറിയും.” സർവേശ്വരൻ കല്പിച്ചതുപോലെ ഇസ്രായേൽജനം ചെയ്തു. ഇസ്രായേൽജനം നാടുവിട്ടു എന്ന് അറിഞ്ഞപ്പോൾ ഈജിപ്തിലെ ഫറവോയുടെയും സേവകരുടെയും മനസ്സു മാറി. “നാം എന്താണു ചെയ്തത്? നമ്മുടെ അടിമകളെ നാം വിട്ടയച്ചുകളഞ്ഞല്ലോ” എന്നവർ പരിതപിച്ചു. ഇസ്രായേല്യരെ പിന്തുടരാൻ ഫറവോ രഥങ്ങളെയും സൈന്യത്തെയും സജ്ജമാക്കി. മികച്ച അറുനൂറു രഥങ്ങൾ ഉൾപ്പെടെ അനേകം രഥങ്ങളും പടനായകന്മാരും അടങ്ങിയ സൈന്യം പുറപ്പെട്ടു. ഈജിപ്തിലെ രാജാവായ ഫറവോയുടെ ഹൃദയം സർവേശ്വരൻ കഠിനമാക്കി; വിജയാഹ്ലാദത്തോടെ യാത്രയായ ഇസ്രായേല്യരെ ഫറവോ പിന്തുടർന്നു. ഫറവോയുടെ സൈന്യം കുതിരകളും രഥങ്ങളും തേരാളികളുമായി ഇസ്രായേൽജനത്തെ പിന്തുടർന്നു. അവർ ബാൽസെഫോന് അഭിമുഖമായി പിഹഹിരോത്തിനു സമീപം കടൽത്തീരത്തു പാളയമടിച്ചിരുന്ന ഇസ്രായേല്യരുടെ അടുത്തെത്തി. ഫറവോയും ഈജിപ്തുകാരും അണിയണിയായി തങ്ങൾക്കു നേരെ വരുന്നത് ഇസ്രായേല്യർ കണ്ടു. ഭയപരവശരായ അവർ സർവേശ്വരനെ വിളിച്ചുകരഞ്ഞു; അവർ മോശയോടു ചോദിച്ചു: “ഈജിപ്തിൽ ശവക്കുഴികളില്ലാഞ്ഞിട്ടാണോ മരിക്കാൻ ഈ മരുഭൂമിയിൽ ഞങ്ങളെ കൊണ്ടുവന്നത്? ഇപ്പോൾ ഞങ്ങളുടെ അവസ്ഥ നോക്കുക. ഞങ്ങളെ വെറുതെ വിട്ടേക്കുക; അടിമപ്പണി ചെയ്ത് ഞങ്ങൾ കഴിഞ്ഞുകൊള്ളാം എന്ന് ഈജിപ്തിൽവച്ച് പറഞ്ഞതല്ലേ? ഈ മരുഭൂമിയിൽവച്ച് മരിക്കുന്നതിലും ഭേദം ഈജിപ്തുകാർക്ക് അടിമവേല ചെയ്യുകയായിരുന്നു.” മോശ ജനത്തോടു പറഞ്ഞു: “ഭയപ്പെടാതെ ഉറച്ചുനില്‌ക്കുക; നിങ്ങളുടെ രക്ഷയ്‍ക്കുവേണ്ടി സർവേശ്വരൻ ഇന്ന് എന്തു ചെയ്യുമെന്നു കാണുക; ഇന്നു കാണുന്ന ഈജിപ്തുകാരെ നിങ്ങൾ ഇനി ഒരിക്കലും കാണുകയില്ല. അവിടുന്നു നിങ്ങൾക്കുവേണ്ടി പൊരുതും; ശാന്തരായിരിക്കുക.”

EXODUS 14 വായിക്കുക

EXODUS 14:1-14 - നുള്ള വീഡിയോ