ESTHERI 9

9
യെഹൂദന്മാരുടെ പ്രതികാരം
1പന്ത്രണ്ടാം മാസമായ ആദാർമാസം പതിമൂന്നാം ദിവസമായിരുന്നു രാജകല്പനയും വിളംബരവും നടപ്പാക്കേണ്ടിയിരുന്നത്. യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെമേൽ ആധിപത്യം ഉറപ്പിക്കാമെന്നു വിചാരിച്ചിരുന്നതും അന്നായിരുന്നു. എന്നാൽ അത് യെഹൂദന്മാർക്കു ശത്രുക്കളുടെമേൽ ആധിപത്യം ഉറപ്പിക്കാനുള്ള ദിവസമായി മാറി. 2അന്ന് അഹശ്വേരോശ്‍രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യെഹൂദന്മാർ, തങ്ങളെ നശിപ്പിക്കാൻ ഒരുങ്ങിയിരുന്നവരെ ആക്രമിക്കുന്നതിന് തങ്ങളുടെ പട്ടണങ്ങളിൽ ഒരുമിച്ചുകൂടി; അവരെ സംബന്ധിച്ചുള്ള ഭയം എല്ലാ ജനതകളെയും ബാധിച്ചിരുന്നതുകൊണ്ട് ആർക്കും അവരെ എതിർക്കാൻ കഴിഞ്ഞില്ല. 3സംസ്ഥാനങ്ങളിലെ എല്ലാ പ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യവിചാരകന്മാരും മൊർദ്ദെഖായിയെ ഭയപ്പെട്ടിരുന്നതുകൊണ്ട് യെഹൂദന്മാരെ സഹായിച്ചു. 4മൊർദ്ദെഖായി രാജകൊട്ടാരത്തിൽ ഉന്നതനായിരുന്നു. അയാളുടെ കീർത്തി സകല സംസ്ഥാനങ്ങളിലും പരന്നു. അയാൾ മേല്‌ക്കുമേൽ പ്രബലനായിത്തീർന്നു. 5യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളിന് ഇരയാക്കി, തങ്ങളെ വെറുത്തിരുന്നവരോടു തങ്ങൾക്കിഷ്ടമുള്ളതു പ്രവർത്തിച്ചു. 6തലസ്ഥാനമായ ശൂശനിൽ മാത്രം യെഹൂദർ അഞ്ഞൂറു പേരെ കൊന്നൊടുക്കി. 7-10ഹമ്മേദാഥായുടെ മകനും യെഹൂദന്മാരുടെ ശത്രുവുമായ ഹാമാന്റെ പുത്രന്മാരായ പർശൻദാഥ, ദൽഫോൻ, അസ്പാഥ, പോറാഥാ, അദല്യ, അരീദാഥ, പർമസ്ഥ, അരീസായി, അരീദായി, വയെസാഥ, എന്നീ പത്തു പേരെയും അവർ വധിച്ചു. എന്നാൽ അവരുടെ മുതൽ കൊള്ളയടിച്ചില്ല. 11തലസ്ഥാനമായ ശൂശനിൽ അവർ വധിച്ചവരുടെ സംഖ്യ അന്നുതന്നെ രാജാവിനെ അറിയിച്ചു. 12അപ്പോൾ രാജാവ് എസ്ഥേർ രാജ്ഞിയോടു പറഞ്ഞു: “യെഹൂദന്മാർ ശൂശൻരാജധാനിയിൽ അഞ്ഞൂറു പേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും വധിച്ചു; അങ്ങനെയെങ്കിൽ രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തായിരിക്കും ചെയ്തിരിക്കുക! ഇനി നിന്റെ അപേക്ഷ എന്ത്? അതു നിനക്കു സാധിച്ചുതരും; ഇനി നീ എന്ത് ആഗ്രഹിക്കുന്നു? അതും സാധിച്ചുതരും.” 13അപ്പോൾ എസ്ഥേർ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കിൽ ഇന്നത്തെ വിളംബരമനുസരിച്ച് നാളെയും പ്രവർത്തിക്കാൻ ശൂശനിലുള്ള യെഹൂദരെ അനുവദിക്കണം. ഹാമാന്റെ പത്തു പുത്രന്മാരെ കഴുമരത്തിൽ തൂക്കുകയും വേണം.” 14അങ്ങനെ ചെയ്യാൻ രാജാവു കല്പന നല്‌കി; ശൂശനിൽ അതു വിളംബരം ചെയ്യുകയും ഹാമാന്റെ പത്തു പുത്രന്മാരെ കഴുമരത്തിൽ തൂക്കുകയും ചെയ്തു. 15ശൂശനിലെ യെഹൂദർ ആദാർ മാസം പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി മുന്നൂറു പേരെ കൊന്നു; എങ്കിലും അവരുടെ മുതൽ കൊള്ളയടിച്ചില്ല. 16രാജാവിന്റെ സംസ്ഥാനങ്ങളിലെ മറ്റു യെഹൂദരും ജീവരക്ഷയ്‍ക്കുവേണ്ടി ഒന്നിച്ചുകൂടി ശത്രുക്കളിൽ നിന്നു മോചനം നേടി. അവരുടെ എതിരാളികളിൽ എഴുപത്തയ്യായിരം പേരെ അന്നു വധിച്ചു; എന്നാൽ അവരുടെ മുതൽ കൊള്ള ചെയ്തില്ല. 17ഇത് ആദാർമാസം പതിമൂന്നാം ദിവസം ആയിരുന്നു; പതിന്നാലാം ദിവസം അവർ വിശ്രമിച്ചു; അന്നു വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിനമായി ആചരിച്ചു. 18എന്നാൽ ശൂശനിലെ യെഹൂദർ പതിമൂന്നാം ദിവസവും പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി; പതിനഞ്ചാം ദിവസം അവർ വിശ്രമിച്ചു; അന്ന് വിരുന്നിനും ആഹ്ലാദത്തിനുമുള്ള ദിനമായി അവർ ആചരിച്ചു. 19അതിനാൽ ഗ്രാമങ്ങളിൽ പാർക്കുന്ന യെഹൂദർ ആദാർ മാസം പതിന്നാലാം ദിവസം ആഹ്ലാദത്തിനും വിരുന്നിനും വിശ്രമത്തിനുമുള്ള ദിനമായി ആചരിക്കുന്നു. അന്നു സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നു.
പൂരിം ഉത്സവം
20മൊർദ്ദെഖായി ഇതെല്ലാം രേഖപ്പെടുത്തി. അഹശ്വേരോശ്‍രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലും അടുത്തും അകലെയുമായി പാർക്കുന്ന യെഹൂദർക്കു കത്തുകൾ കൊടുത്തയച്ചു. 21മൊർദ്ദെഖായി ഇങ്ങനെ അനുശാസിച്ചു: “യെഹൂദർ എല്ലാ വർഷവും ആദാർമാസം പതിന്നാലും പതിനഞ്ചും ദിവസങ്ങൾ 22ശത്രുക്കളിൽനിന്നു മോചനം ലഭിച്ച ദിനങ്ങളായും അവരുടെ ദുഃഖം സന്തോഷമായും വിലാപം ഉല്ലാസമായും മാറിയ മാസമായും ആചരിക്കണം. പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ദരിദ്രർക്കു ദാനങ്ങൾ നല്‌കുകയും ചെയ്യുന്ന ദിനങ്ങളായും ആചരിക്കണം. 23അങ്ങനെ തങ്ങൾ തുടങ്ങിവച്ചതുപോലെയും മൊർദ്ദെഖായി എഴുതി അയച്ചതുപോലെയും യെഹൂദന്മാർ ആചരിച്ചു. 24ആഗാഗ്യനായ ഹമ്മെദാഥായുടെ പുത്രനും സകല യെഹൂദന്മാരുടെയും ശത്രുവും ആയ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കാൻ ഉപായം ചിന്തിക്കയും അവരെ തകർത്ത് ഇല്ലാതാക്കാൻ പൂര് അഥവാ നറുക്ക് ഇടുകയും ചെയ്തിരുന്നല്ലോ. 25എന്നാൽ എസ്ഥേർ രാജസന്നിധിയിൽ വന്നപ്പോൾ യെഹൂദന്മാർക്കെതിരെ ഹാമാൻ തയ്യാറാക്കിയ ദുഷ്ടപദ്ധതി അയാളുടെ തലയിൽത്തന്നെ വീഴാൻ ഇടയായി. അയാളെയും പുത്രന്മാരെയും കഴുമരത്തിൽ തൂക്കാൻ രാജാവ് രേഖാമൂലം കല്പന പുറപ്പെടുവിച്ചു. 26അതിനാൽ പൂര് എന്ന പദത്തിൽനിന്ന് ആ ദിവസങ്ങൾക്കു പൂരിം എന്നു പേരുണ്ടായി. ഈ കല്പനയിൽ രേഖപ്പെടുത്തിയിരിക്കുന്ന സകല കാര്യങ്ങളും ഇക്കാര്യത്തിൽ തങ്ങൾക്കു നേരിടേണ്ടി വന്നതും അനുഭവിച്ചതുമായ വസ്തുതകളും പരിഗണിച്ച് 27യെഹൂദന്മാരും അവരുടെ സന്തതികളും അവരോടു ചേരുന്നവരും എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ രണ്ടു ദിവസങ്ങൾ ഓരോ വർഷവും മുടക്കം കൂടാതെ ആചരിക്കണമെന്നു തീരുമാനിച്ചു. 28അങ്ങനെ ഓരോ തലമുറയിലും ഓരോ കുടുംബത്തിലും ഓരോ സംസ്ഥാനത്തും ഓരോ പട്ടണത്തിലും പൂരിം ദിവസങ്ങൾ അനുസ്മരിക്കുകയും ആചരിക്കുകയും വേണം. പൂരിമിന്റെ ഈ ഉത്സവം യെഹൂദന്മാർ ഒരിക്കലും ആചരിക്കാതെ പോകരുത്. ഈ ദിവസങ്ങളുടെ അനുസ്മരണം അവരുടെ പിൻതലമുറകൾ നിലനിർത്തുകയും വേണം. 29പൂരിം സംബന്ധിച്ച ഈ രണ്ടാമത്തെ കത്ത് അബീഹയിലിന്റെ പുത്രിയായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും രേഖാമൂലം ആധികാരികമായി സ്ഥിരീകരിച്ചു. 30അഹശ്വേരോശ്‍രാജാവിന്റെ നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാർക്കും സമാധാനത്തിന്റെയും സത്യത്തിന്റെയും വാക്കുകളിൽ സുരക്ഷിതത്വം ഉറപ്പുനല്‌കുന്ന കത്തുകളയച്ചു. 31മൊർദ്ദെഖായിയും എസ്ഥേർരാജ്ഞിയും യെഹൂദന്മാരോട് ആജ്ഞാപിച്ചതുപോലെയും തങ്ങളുടെ ഉപവാസത്തിന്റെയും വിലാപത്തിന്റെയും കാര്യത്തിൽ അവർ തന്നെ തങ്ങൾക്കും തങ്ങളുടെ പിൻതലമുറക്കാർക്കുംവേണ്ടി തീരുമാനിച്ചതുപോലെയും പൂരിമിന്റെ ദിനങ്ങൾ ആചരിക്കണമെന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. 32എസ്ഥേർരാജ്ഞിയുടെ കല്പനപ്രകാരം പൂരിമിന്റെ ആചാരങ്ങൾ സ്ഥിരീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ESTHERI 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക