ESTHERI 4
4
എസ്ഥേറിന്റെ സഹായം ആവശ്യപ്പെടുന്നു
1സംഭവിച്ചതെല്ലാം അറിഞ്ഞപ്പോൾ മൊർദ്ദെഖായി വസ്ത്രം കീറി, ചാക്കുടുത്തു, ചാരം പൂശി പട്ടണമധ്യത്തിൽ ചെന്നു തീവ്രദുഃഖത്തോടെ ഉറക്കെ കരഞ്ഞു. 2അയാൾ രാജാവിന്റെ പടിവാതിൽവരെ ചെന്നു; ചാക്കുടുത്തുകൊണ്ട് ആർക്കും കൊട്ടാരത്തിന്റെ വാതിൽ കടക്കാൻ പാടില്ലായിരുന്നു. 3രാജകല്പനയും വിളംബരവും പ്രസിദ്ധീകരിച്ച ഓരോ സംസ്ഥാനത്തെയും യെഹൂദന്മാരുടെ ഇടയിൽ വലിയ വിലാപം ഉണ്ടായി. അവർ ഉപവസിച്ചു കരഞ്ഞു വിലപിച്ചു. അനേകം പേർ ചാക്ക് ഉടുത്ത് ചാരത്തിൽ കിടന്നു. 4തോഴികളും ഷണ്ഡന്മാരും ഈ വിവരം അറിയിച്ചപ്പോൾ എസ്ഥേർരാജ്ഞി അത്യന്തം ദുഃഖിതയായി. മൊർദ്ദെഖായിക്ക് ചാക്കുതുണി മാറ്റി പകരം ധരിക്കാൻ വസ്ത്രം കൊടുത്തയച്ചു; എന്നാൽ അയാൾ അതു സ്വീകരിച്ചില്ല. 5തന്നെ ശുശ്രൂഷിക്കാൻ രാജാവ് നിയോഗിച്ചിരുന്ന ഷണ്ഡന്മാരിൽ ഒരാളായ ഹഥാക്കിനെ എസ്ഥേർ വിളിച്ച് ഇതെല്ലാം എന്തിനെന്നും ഇതിനു കാരണം എന്തെന്നും മൊർദ്ദെഖായിയുടെ അടുക്കൽ അന്വേഷിച്ചു വരാൻ കല്പിച്ചു. 6അയാൾ കൊട്ടാരവാതിലിനു മുമ്പിൽ തുറസ്സായ സ്ഥലത്ത് ഇരുന്നിരുന്ന മൊർദ്ദെഖായിയുടെ അടുക്കൽ ചെന്നു. 7തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത പണം എത്രയെന്നതും മൊർദ്ദെഖായി അയാളോടു പറഞ്ഞു. 8അവരെ നശിപ്പിക്കുന്നതിനു ശൂശനിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിളംബരത്തിന്റെ പകർപ്പ് മൊർദ്ദെഖായി അയാളെ ഏല്പിച്ച്, അതു എസ്ഥേറിനെ കാണിച്ചു വിശദീകരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. രാജസന്നിധിയിൽ ചെന്ന് തന്റെ ജനത്തിനുവേണ്ടി അപേക്ഷിക്കാൻ എസ്ഥേറിനെ പ്രേരിപ്പിക്കണമെന്നും നിർദ്ദേശിച്ചു. 9ഹഥാക്ക് തിരിച്ചു ചെന്ന് മൊർദ്ദെഖായി പറഞ്ഞ കാര്യങ്ങൾ എസ്ഥേറിനെ അറിയിച്ചു. 10മൊർദ്ദെഖായിക്ക് എസ്ഥേർ ഈ സന്ദേശം ഹഥാക്ക് വശം നല്‌കി. 11വിളിക്കപ്പെടാതെ ഒരു പുരുഷനോ സ്‍ത്രീയോ രാജാവിന്റെ അടുക്കൽ അകത്തളത്തിൽ ചെന്നാൽ അവർ ആരായാലും കൊല്ലപ്പെടും. എന്നാൽ രാജാവു സ്വർണച്ചെങ്കോൽ അവരുടെനേരെ നീട്ടിയാൽ അവർ ജീവനോടിരിക്കും. ഈ നിയമം രാജാവിന്റെ സകല ഭൃത്യന്മാർക്കും സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും അറിവുള്ളതാണ്. രാജാവ് എന്നെ വിളിച്ചിട്ടു മുപ്പതു ദിവസമായി. 12ഈ സന്ദേശം ഹഥാക്ക്, മൊർദ്ദെഖായിയെ അറിയിച്ചു. 13അപ്പോൾ മൊർദ്ദെഖായി എസ്ഥേറിനെ ഇപ്രകാരം അറിയിച്ചു: “രാജകൊട്ടാരത്തിലായതുകൊണ്ടു മറ്റെല്ലാ യെഹൂദന്മാരെക്കാളും സുരക്ഷിതയാണെന്ന് നീ വിചാരിക്കരുത്. 14ഈ സമയത്തു നീ മിണ്ടാതിരുന്നാൽ മറ്റൊരു സ്ഥലത്തുനിന്നു യെഹൂദർക്ക് ആശ്വാസവും വിടുതലുമുണ്ടാകും. എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇത്തരമൊരു സന്ദർഭത്തിൽ വേണ്ടത് ചെയ്യാനല്ലേ നീ രാജ്ഞിയായി തീർന്നിരിക്കുന്നത്? ആർക്കറിയാം?” 15എസ്ഥേർ മൊർദ്ദെഖായിക്ക് ഈ മറുപടി കൊടുത്തയച്ചു. 16“അങ്ങു ചെന്ന് ശൂശനിലുള്ള യെഹൂദന്മാരെയെല്ലാം ഒന്നിച്ചുകൂട്ടി മൂന്നു ദിവസം എനിക്കുവേണ്ടി ഉപവസിക്കുക. ആ ദിവസങ്ങളിൽ രാവും പകലും ഒന്നും തിന്നുകയോ കുടിക്കുകയോ അരുത്. ഞാനും എന്റെ തോഴിമാരും അങ്ങനെ ഉപവസിക്കും. പിന്നീട്, നിയമാനുസൃതമല്ലെങ്കിലും ഞാൻ രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ. 17മൊർദ്ദെഖായി പോയി എസ്ഥേർ നിർദ്ദേശിച്ചതു ചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ESTHERI 4: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.