ESTHERI 2

2
എസ്ഥേർ രാജ്ഞിപദത്തിൽ
1അഹശ്വേരോശ്‍രാജാവിന്റെ കോപം ശമിച്ചപ്പോൾ അദ്ദേഹം വസ്ഥിയെയും അവരുടെ പ്രവൃത്തിയെയും അവർക്കെതിരെ പുറപ്പെടുവിച്ച കല്പനയെയും ഓർത്തു. 2അപ്പോൾ രാജാവിനെ ശുശ്രൂഷിച്ചിരുന്ന ഭൃത്യന്മാർ പറഞ്ഞു: “സൗന്ദര്യമുള്ള യുവകന്യകമാരെ അവിടുത്തേക്കുവേണ്ടി അന്വേഷിക്കണം. 3അതിനായി രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിച്ചാലും; അവർ സൗന്ദര്യമുള്ള യുവകന്യകമാരെ ശൂശൻരാജധാനിയിൽ ഒരുമിച്ചുകൂട്ടട്ടെ; രാജധാനിയിലെ അന്തഃപുരത്തിൽ സ്‍ത്രീകളുടെ ചുമതല വഹിക്കുന്ന ഹേഗായി എന്ന ഷണ്ഡന്റെ ചുമതലയിൽ അവരെ ഏല്പിക്കണം. അവർക്കു വേണ്ട സൗന്ദര്യ സംവർധകദ്രവ്യങ്ങളും നല്‌കണം. 4രാജാവിന് ഇഷ്ടപ്പെട്ട യുവതി വസ്ഥിക്കു പകരം രാജ്ഞിയായിത്തീരട്ടെ.” ഈ അഭിപ്രായം രാജാവിന് ഇഷ്ടപ്പെട്ടു. അതനുസരിച്ചു പ്രവർത്തിച്ചു. 5ശൂശൻ രാജധാനിയിൽ ബെന്യാമീൻഗോത്രക്കാരനായ മൊർദ്ദെഖായി എന്നൊരു യെഹൂദനുണ്ടായിരുന്നു. അയാൾ യായീരിന്റെ പുത്രനും യായീർ ശിമെയിയുടെ പുത്രനും ശിമെയി കീശിന്റെ പുത്രനുമായിരുന്നു. 6ബാബിലോൺരാജാവായ നെബുഖദ്നേസർ, യെഹൂദാരാജാവായ യെഖൊന്യായൊടൊപ്പം യെരൂശലേമിൽ നിന്നു പിടിച്ചുകൊണ്ടുപോയ പ്രവാസികളിൽ ഒരാളായിരുന്നു മൊർദ്ദെഖായി. 7അയാൾ തന്റെ പിതൃസഹോദരീപുത്രി ഹദസ്സാ എന്ന എസ്ഥേറിനെ എടുത്തുവളർത്തി. അവൾക്കു മാതാപിതാക്കൾ ഇല്ലായിരുന്നു. അവൾ സുന്ദരിയും സുമുഖിയും ആയിരുന്നു. മാതാപിതാക്കൾ മരിച്ചപ്പോൾ മൊർദ്ദെഖായി അവളെ സ്വന്തപുത്രിയായി സ്വീകരിച്ചു. 8രാജവിളംബരം അനുസരിച്ചു ശൂശൻരാജധാനിയിൽ കൊണ്ടുവന്ന് അന്തഃപുരപാലകനായ ഹേഗായിയുടെ ചുമതലയിൽ പാർപ്പിച്ച അനേകം യുവതികളുടെ കൂട്ടത്തിൽ എസ്ഥേറും ഉണ്ടായിരുന്നു. 9അവൾ ഹേഗായിയുടെ പ്രീതി സമ്പാദിച്ചു; അയാൾ അവളെ ഇഷ്ടപ്പെട്ടു; അയാൾ ഉടൻതന്നെ അവൾക്കു വേണ്ട സൗന്ദര്യസംവർധകദ്രവ്യങ്ങളും ഭക്ഷണവും കൂടാതെ കൊട്ടാരത്തിൽനിന്നു തിരഞ്ഞെടുത്ത ഏഴുതോഴിമാരെയും അവൾക്കു നല്‌കി. അവളെയും തോഴിമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥാനത്ത് പാർപ്പിച്ചു. 10എസ്ഥേർ തന്റെ ജാതിയും വംശവും ആരെയും അറിയിച്ചില്ല; അറിയിക്കരുതെന്നു മൊർദ്ദെഖായി അവളോടു നിഷ്കർഷിച്ചിരുന്നു. 11അവളുടെ ക്ഷേമം അന്വേഷിക്കാൻ അന്തഃപുരത്തിന്റെ അങ്കണത്തിലൂടെ മൊർദ്ദെഖായി എല്ലാ ദിവസവും നടക്കുമായിരുന്നു. 12യുവതികൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുളള പന്ത്രണ്ടു മാസത്തെ സൗന്ദര്യ പരിചരണത്തിനുശേഷം അതായത് ആറു മാസം മീറാതൈലവും ആറു മാസം സുഗന്ധലേപനങ്ങളും ഉപയോഗിച്ചശേഷം 13ഓരോ യുവതിയും മുറയനുസരിച്ച് അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിലേക്ക് ചെല്ലും. ഇങ്ങനെ രാജസന്നിധിയിലേക്കു പോകുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് എന്തും അന്തഃപുരത്തിൽനിന്നു രാജകൊട്ടാരത്തിലേക്കു കൊണ്ടുപോകാമായിരുന്നു. 14മുറപ്രകാരം സന്ധ്യക്ക് ഒരാൾ കൊട്ടാരത്തിലേക്കു പോകും; രാവിലെ ഉപഭാര്യമാരുടെ ചുമതലക്കാരനായ ശയസ്ഗസ് എന്ന ഷണ്ഡന്റെ മേൽനോട്ടത്തിലുള്ള രണ്ടാം അന്തഃപുരത്തിലേക്കു മടങ്ങും. രാജാവിനു പ്രീതി തോന്നി പേരു പറഞ്ഞു വിളിച്ചാലല്ലാതെ വീണ്ടും അവൾക്ക് രാജസന്നിധിയിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു. 15മൊർദ്ദെഖായി സ്വന്തം മകളായി സ്വീകരിച്ചിരുന്നവളും പിതൃസഹോദരൻ അബീഹയിലിന്റെ പുത്രിയുമായ എസ്ഥേറിനു രാജസന്നിധിയിൽ ചെല്ലാനുള്ള ഊഴമായപ്പോൾ അന്തഃപുരപാലകനായ ഹേഗായി എന്ന ഷണ്ഡൻ നിർദ്ദേശിച്ചവയല്ലാതെ മറ്റൊന്നും അവൾ ആവശ്യപ്പെട്ടില്ല. എസ്ഥേറിനെ കണ്ട എല്ലാവർക്കും അവളിൽ പ്രീതി തോന്നി. 16അഹശ്വേരോശ്‍രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം പത്താം മാസമായ തേബേത്ത് മാസത്തിൽ എസ്ഥേറിനെ രാജസന്നിധിയിൽ കൊണ്ടുചെന്നു. 17മറ്റെല്ലാ സ്‍ത്രീകളെക്കാളും കൂടുതലായി രാജാവ് എസ്ഥേറിനെ സ്നേഹിച്ചു. അങ്ങനെ എല്ലാ കന്യകമാരെക്കാളും രാജാവിന്റെ പ്രസാദത്തിനും പ്രീതിക്കും അവൾ പാത്രമായി; അതുകൊണ്ടു രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി. 18പിന്നീട് രാജാവ് തന്റെ എല്ലാ പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും എസ്ഥേറിന്റെ പേരിൽ ഒരു വലിയ വിരുന്നു കഴിച്ചു. സംസ്ഥാനങ്ങൾക്ക് നികുതിയിളവ് അനുവദിക്കുകയും രാജപദവിക്കൊത്ത് ഉദാരമായി സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.
മൊർദ്ദെഖായി രാജാവിന്റെ ജീവൻ രക്ഷിക്കുന്നു
19രണ്ടാം പ്രാവശ്യം കന്യകമാരെ വിളിച്ചുകൂട്ടിയപ്പോൾ മൊർദ്ദെഖായി, കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. 20മൊർദ്ദെഖായിയുടെ നിർദ്ദേശപ്രകാരം എസ്ഥേർ തന്റെ ജാതിയും വംശവും വെളിപ്പെടുത്തിയിരുന്നില്ല. മൊർദ്ദെഖായി തന്നെ വളർത്തിയിരുന്ന കാലത്തെന്നപോലെ അപ്പോഴും അവൾ അയാളെ അനുസരിച്ചുവന്നു. 21ആ കാലത്ത് മൊർദ്ദെഖായി കൊട്ടാരത്തിലെ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ വാതിൽകാവല്‌ക്കാരും രാജാവിന്റെ ഷണ്ഡന്മാരുമായ ബിഗ്ധാനും തേരെശും കുപിതരായി അഹശ്വേരോശ്‍രാജാവിനെ വധിക്കാൻ ഗൂഢാലോചന നടത്തി. 22മൊർദ്ദെഖായി ഈ വിവരം അറിഞ്ഞ്, അത് എസ്ഥേർരാജ്ഞിയെ അറിയിച്ചു; എസ്ഥേർ മൊർദ്ദെഖായിക്കുവേണ്ടി അതു രാജാവിനെ അറിയിച്ചു. 23അന്വേഷണത്തിൽ അതു സത്യമെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും തൂക്കിക്കൊന്നു. രാജസന്നിധിയിൽവച്ച് ഇക്കാര്യം വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ESTHERI 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക