നിങ്ങൾ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കൾ ആയതുകൊണ്ട് ദൈവത്തെ അനുകരിക്കുക. ദൈവത്തിനു പ്രസാദകരമായ യാഗവും സുരഭിലമായ വഴിപാടുമായി തന്റെ ജീവൻ നമുക്കു നല്‌കി ക്രിസ്തു നമ്മെ സ്നേഹിച്ചു. അതുപോലെ സ്നേഹം നിങ്ങളുടെ ജീവിതത്തെ ഭരിക്കട്ടെ. നിങ്ങൾ ദൈവത്തിന്റെ ജനമായതുകൊണ്ട് ലൈംഗികമായ ദുർന്നടപ്പ്, അയോഗ്യമായ നടപടികൾ, അത്യാഗ്രഹം ഇവയെപ്പറ്റി നിങ്ങളുടെ ഇടയിൽ സംസാരിക്കുന്നതുപോലും അനുചിതമാകുന്നു. അശ്ലീലവും അസഭ്യവും സംസ്കാരശൂന്യവുമായ സംഭാഷണവും ഉപേക്ഷിക്കണം. നിങ്ങളുടെ നാവിൽ ദൈവത്തിനു സ്തോത്രം പറയുക അത്രേ വേണ്ടത്. അധർമിക്കും അയോഗ്യമായി ജീവിക്കുന്നവനും അത്യാഗ്രഹിക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ ഒരു പങ്കുമുണ്ടായിരിക്കുകയില്ലെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. വിഗ്രഹാരാധനയുടെ മറ്റൊരു രൂപമാണല്ലോ അത്യാഗ്രഹം. വ്യർഥവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ; ഇവ നിമിത്തമാണല്ലോ തന്നെ അനുസരിക്കാത്തവരുടെമേൽ ദൈവത്തിന്റെ കോപം വന്നുചേരുന്നത്. അതിനാൽ അങ്ങനെയുള്ളവരുമായി യാതൊരു സമ്പർക്കവും പാടില്ല. ഒരിക്കൽ നിങ്ങൾ ഇരുട്ടിലായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കർത്താവിന്റെ ജനമായതുകൊണ്ട് വെളിച്ചത്തിലായിരിക്കുന്നു. അതുകൊണ്ട് പ്രകാശത്തിന് ഉള്ളവരെപ്പോലെ നിങ്ങൾ ജീവിക്കണം. എന്തെന്നാൽ പ്രകാശത്തിന്റെ ഫലമാണ് സകലവിധ നന്മയും നീതിയും സത്യവും. കർത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക. അന്ധകാരത്തിന്റെ നിഷ്ഫലപ്രവൃത്തികളിൽ നിങ്ങൾ പങ്കുചേരരുത്. മറിച്ച് അവയെ വെളിച്ചത്തു കൊണ്ടുവരികയത്രേ ചെയ്യേണ്ടത്. വാസ്തവത്തിൽ അവർ ഗോപ്യമായി ചെയ്യുന്ന കാര്യങ്ങളെപ്പറ്റി പറയുന്നതുപോലും ലജ്ജാവഹമത്രേ. എല്ലാ സംഗതികളും വെളിച്ചത്തു കൊണ്ടുവരുമ്പോൾ അവയുടെ തനിസ്വഭാവം വ്യക്തമാകും. വ്യക്തമായി വെളിപ്പെടുന്നതെല്ലാം വെളിച്ചമായിത്തീരുന്നു. അതുകൊണ്ടാണ്, ഉറങ്ങുന്നവരേ ഉണരുക; മരണത്തിൽനിന്ന് എഴുന്നേല്‌ക്കുക; എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും എന്നു പറയുന്നത്. അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങൾ ജീവിക്കുക. നിങ്ങൾക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാൽ ഇത് ദുഷ്കാലമാണ്.
EFESI 5 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EFESI 5:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ