THUHRILTU 9

9
1ഇവയെക്കുറിച്ചെല്ലാം ഞാൻ മനസ്സിരുത്തി ആലോചിച്ചു. നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നു ഞാൻ മനസ്സിലാക്കി; സ്നേഹമോ ദ്വേഷമോ തനിക്കു ലഭിക്കുക എന്ന് മനുഷ്യൻ അറിയുന്നില്ല. അവരുടെ മുമ്പിലുള്ളതെല്ലാം മിഥ്യ.
2എല്ലാവരുടെയും ഗതി ഒന്നുതന്നെ; നീതിമാനും ദുഷ്ടനും നല്ലവനും പാപിയും ശുദ്ധനും അശുദ്ധനും യാഗം അർപ്പിക്കുന്നവനും യാഗം അർപ്പിക്കാത്തവനും ഒരേ ഗതി വരുന്നു. നല്ലവനും പാപിക്കും ഒന്നു തന്നെ സംഭവിക്കുന്നു. ആണയിടുന്നവനും ആണയിടാൻ ഭയപ്പെടുന്നവനും ഒരേ ഗതി. 3എല്ലാവർക്കും ഒരേ ഗതി വന്നുചേരുന്നു എന്നതു സൂര്യനു കീഴെയുള്ള തിന്മകളിൽ ഒന്നാണ്. മനുഷ്യരുടെ ഹൃദയം തിന്മകൊണ്ടു നിറഞ്ഞിരിക്കുന്നു. ജീവിതകാലമെല്ലാം അവർ ഉന്മത്തരാണ്. 4പിന്നെ അവർ മൃതരോടു ചേരുന്നു. ജീവിക്കുന്നവരുടെ ഗണത്തിൽപ്പെട്ടവർക്ക് എന്നിട്ടും പ്രത്യാശയ്‍ക്കു വകയുണ്ട്; ജീവനുള്ള നായ് ചത്ത സിംഹത്തെക്കാൾ ഭേദമാണല്ലോ. 5ജീവിച്ചിരിക്കുന്നവർക്കു തങ്ങൾ മരിക്കുമെന്ന് അറിയാം. എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്ക് ഇനി കിട്ടാൻ ഒന്നുമില്ല. അവർ വിസ്മൃതരായിക്കഴിഞ്ഞു. 6അവരുടെ സ്നേഹവും ദ്വേഷവും അസൂയയും എന്നേ തിരോഭവിച്ചു; സൂര്യനു കീഴെ ഒന്നിലും അവർക്ക് ഇനിമേൽ ഓഹരിയില്ല.
7ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചുകഴിഞ്ഞിരിക്കുന്നതിനാൽ, ആഹ്ലാദത്തോടെ അപ്പം ഭക്ഷിക്കുക; ഉല്ലാസത്തോടെ വീഞ്ഞു കുടിക്കുക. 8നിന്റെ വസ്ത്രങ്ങൾ എപ്പോഴും ശുഭ്രമായിരിക്കട്ടെ; നിന്റെ തല എണ്ണമയമില്ലാതെ വരണ്ടിരിക്കരുത്. 9സൂര്യനു കീഴെ ദൈവം നിനക്കു നല്‌കിയിരിക്കുന്ന മിഥ്യയായ ജീവിതം മുഴുവൻ നിന്റെ പ്രിയപ്പെട്ട ഭാര്യയോടൊത്തു രമിച്ചുകൊൾക; അതു നിന്റെ ജീവിതത്തിന്റെയും സൂര്യനു കീഴെ നീ ചെയ്ത പ്രയത്നത്തിന്റെയും ഓഹരിയാണല്ലോ. 10കർത്തവ്യങ്ങളെല്ലാം മുഴുവൻ കഴിവും ഉപയോഗിച്ചു ചെയ്യുക; നീ ചെന്നു ചേരേണ്ട മൃതലോകത്തിൽ ഏതെങ്കിലും പ്രവൃത്തിയോ, ചിന്തയോ, അറിവോ, ജ്ഞാനമോ ഇല്ലല്ലോ.
11സൂര്യനു കീഴെ ഇതും ഞാൻ കണ്ടു. ഓട്ടത്തിൽ ജയം വേഗമേറിയവനല്ല; യുദ്ധത്തിൽ ശക്തിമാനുമല്ല. ജ്ഞാനിക്ക് ആഹാരവും പ്രതിഭാശാലിക്കു സമ്പത്തും വിദഗ്ദ്ധനു പ്രീതിയും ലഭിക്കുന്നില്ല. ഇതെല്ലാം യാദൃച്ഛികമാണ്. മനുഷ്യനു തന്റെ കാലം നിശ്ചയമില്ലല്ലോ. 12വലയിൽപ്പെടുന്ന മത്സ്യത്തെപ്പോലെയും കെണിയിൽ കുടുങ്ങുന്ന പക്ഷിയെപ്പോലെയും ദുഷ്കാലം മനുഷ്യനെ നിനച്ചിരിക്കാത്ത നേരത്ത് പിടികൂടുന്നു.
ജ്ഞാനവും ഭോഷത്തവും
13സൂര്യനു കീഴെ ജ്ഞാനത്തിന്റെ ഈ മഹത്തായ ദൃഷ്ടാന്തവും ഞാൻ കണ്ടു; 14ജനസംഖ്യ അധികമില്ലാത്ത ഒരു ചെറിയ പട്ടണം. പ്രബലനായ ഒരു രാജാവ് അതിനെതിരെ വന്ന് ഉപരോധം ഉറപ്പിച്ചു. 15അവിടെ നിർധനനായ ഒരു ജ്ഞാനിയുണ്ടായിരുന്നു. അയാൾ തന്റെ ജ്ഞാനത്താൽ ആ പട്ടണത്തെ രക്ഷിച്ചു. എന്നാൽ ആരും ആ പാവത്തെ ഓർത്തില്ല. 16ദരിദ്രന്റെ ജ്ഞാനം അവമതിക്കപ്പെടുകയും അയാളുടെ വാക്കുകൾ അവഗണിക്കപ്പെടുകയും ചെയ്തെങ്കിലും, ജ്ഞാനം ശക്തിയെക്കാൾ ശ്രേഷ്ഠമെന്നു ഞാൻ പറയും.
17മൂഢന്മാരെ ഭരിക്കുന്ന രാജാവിന്റെ അട്ടഹാസത്തെക്കാൾ ജ്ഞാനിയുടെ മൃദുഭാഷണം ശ്രേഷ്ഠം. 18ആയുധങ്ങളെക്കാൾ ജ്ഞാനിയുടെ വചസ്സുകൾ നല്ലത്. എന്നാൽ ഒരു പാപി മതി വളരെ നന്മ നശിപ്പിക്കാൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUHRILTU 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക