DEUTERONOMY 4
4
അനുസരണമുള്ളവരായിരിക്കുക
1മോശ ഇസ്രായേൽജനത്തോടു പറഞ്ഞു: “ഇസ്രായേലേ നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് നല്കുന്ന ദേശത്തു പ്രവേശിച്ച് അതു കൈവശമാക്കേണ്ടതിനും ഞാൻ നിങ്ങളെ പഠിപ്പിക്കുന്ന എല്ലാ നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധാപൂർവം പാലിക്കുവിൻ. 2ഞാൻ നിങ്ങൾക്കു നല്കുന്ന കല്പനകളോട് എന്തെങ്കിലും കൂട്ടുകയോ അതിൽനിന്ന് എന്തെങ്കിലും കുറയ്ക്കുകയോ ചെയ്യരുത്. ഞാൻ നിങ്ങൾക്കു നല്കുന്ന നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ പാലിക്കണം; 3ബാൽ-പെയോരിൽവച്ചു സർവേശ്വരൻ പ്രവർത്തിച്ചതു നിങ്ങൾ കണ്ടതാണല്ലോ; പെയോരിലെ ബാലിനെ ആരാധിച്ചവരെയെല്ലാം അവിടുന്നു നശിപ്പിച്ചു. 4എന്നാൽ നിങ്ങളുടെ ദൈവമായ സർവേശ്വരനോടു വിശ്വസ്തരായിരുന്ന നിങ്ങൾ ഇന്നും ജീവനോടെയിരിക്കുന്നു. 5ഇതാ, എന്റെ ദൈവമായ സർവേശ്വരൻ എന്നോടു കല്പിച്ചതുപോലെ സകല നിയമങ്ങളും അനുശാസനങ്ങളും ഞാൻ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു; നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്ത് പാർക്കുമ്പോൾ നിങ്ങൾ അവയെല്ലാം പാലിക്കണം. 6നിങ്ങൾ വിശ്വസ്തതയോടെ അവ പാലിച്ചു ജീവിക്കുമ്പോൾ മറ്റു ജനതകളുടെ ദൃഷ്ടിയിൽ നിങ്ങൾ ജ്ഞാനവും വിവേകവും തികഞ്ഞ ജനതയായിരിക്കും. നിങ്ങൾ പാലിക്കുന്ന കല്പനകളെക്കുറിച്ച് കേൾക്കുമ്പോൾ ‘ഈ ശ്രേഷ്ഠജനം ജ്ഞാനവും വിവേകവും ഉള്ളവർതന്നെ’ എന്ന് അവർ പറയും. 7നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടുന്നു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര സമീപസ്ഥനായിരിക്കുന്ന ശ്രേഷ്ഠജാതി ഏതുണ്ട്? 8ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന നിയമസംഹിതയിൽ അടങ്ങിയിരിക്കുന്നതുപോലെ നീതിനിഷ്ഠമായ നിയമങ്ങളും അനുശാസനങ്ങളും ഉള്ള ശ്രേഷ്ഠജനത വേറെ ഏതുണ്ട്? 9നിങ്ങൾ നേരിൽ കണ്ട കാര്യങ്ങൾ മറക്കാതിരിക്കാനും നിങ്ങളുടെ ആയുഷ്കാലം മുഴുവൻ അവ നിങ്ങളുടെ മനസ്സിൽനിന്നു മാഞ്ഞുപോകാതിരിക്കാനും ജാഗരൂകരായിരിക്കുവിൻ. നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അവ അറിയിക്കണം. 10സീനായ്മലയിൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മുമ്പിൽ നിങ്ങൾ നിന്ന ദിവസം അവിടുന്ന് എന്നോട് കല്പിച്ചു: ജനത്തെ വിളിച്ചുകൂട്ടുക; അവർ എന്റെ വാക്കു കേൾക്കട്ടെ; അങ്ങനെ അവർ ആയുഷ്കാലം മുഴുവൻ എന്നോടു ഭയഭക്തിയുള്ളവരായിരിക്കാൻ പഠിക്കുകയും തങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യട്ടെ. 11നിങ്ങൾ അടുത്തു വന്നു പർവതത്തിന്റെ അടിവാരത്തു നിന്നപ്പോൾ അഗ്നി ആകാശത്തോളം ഉയർന്ന് പർവതത്തെ ജ്വലിപ്പിക്കുകയായിരുന്നു. കനത്ത മേഘവും കൂരിരുട്ടും പർവതത്തെ മൂടി. 12അപ്പോൾ അഗ്നിയുടെ മധ്യത്തിൽനിന്നു സർവേശ്വരൻ നിങ്ങളോട് അരുളിച്ചെയ്തു: “നിങ്ങൾ ശബ്ദം മാത്രം കേട്ടു; ഒന്നും ദൃഷ്ടിഗോചരമായില്ല. 13അവിടുന്നു തന്റെ ഉടമ്പടി നിങ്ങളോടു പ്രഖ്യാപിച്ചു. നിങ്ങൾ പാലിക്കാൻ അവിടുന്നു കല്പിച്ച പത്തു കല്പനകളാണവ; അവിടുന്ന് അവ രണ്ടു കല്പലകകളിൽ എഴുതി. 14നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന സ്ഥലത്തു ചെല്ലുമ്പോൾ അനുഷ്ഠിക്കാൻവേണ്ടി നിയമങ്ങളും അനുശാസനങ്ങളും നിങ്ങളെ പഠിപ്പിക്കാൻ അവിടുന്ന് എന്നോടു കല്പിച്ചു.
വിഗ്രഹാരാധനയ്ക്കെതിരെ
15അതിനാൽ ശ്രദ്ധിച്ചുകൊള്ളുക: “സീനായ്മലയിൽ അഗ്നിയുടെ മധ്യത്തിൽ നിന്നുകൊണ്ട് സർവേശ്വരൻ നിങ്ങളോടു കല്പിച്ചപ്പോൾ നിങ്ങൾ ഒരു രൂപവും കണ്ടില്ലല്ലോ. 16-18ഏതെങ്കിലും പുരുഷന്റെയോ സ്ത്രീയുടെയോ മൃഗത്തിന്റെയോ പക്ഷിയുടെയോ ഇഴജാതിയുടെയോ മത്സ്യത്തിന്റെയോ വിഗ്രഹം ഉണ്ടാക്കി നിങ്ങൾ അശുദ്ധരാകാതിരിക്കാൻ വേണ്ടി ആയിരുന്നു അത്. സൂക്ഷിച്ചുകൊള്ളുക. 19സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ തുടങ്ങിയ ആകാശശക്തികളിൽ ആകൃഷ്ടരായി അവയെ നമസ്കരിക്കുന്നതിനോ സേവിക്കുന്നതിനോ ഇടയാകരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവയെ ആകാശത്തിൻകീഴുള്ള സർവജനങ്ങൾക്കുമായി നല്കിയതാണ്. 20നിങ്ങൾ ഇന്ന് സർവേശ്വരന്റെ സ്വന്തജനമാണല്ലോ. അതിനുവേണ്ടിയാണ് അവിടുന്നു നിങ്ങളെ ഈജിപ്താകുന്ന ഇരുമ്പു തീച്ചൂളയിൽനിന്നു മോചിപ്പിച്ച് ഇവിടെ കൊണ്ടുവന്നത്. 21എന്നാൽ നിങ്ങൾ നിമിത്തം സർവേശ്വരൻ എന്നോടു കോപിച്ചു. ഞാൻ യോർദ്ദാൻനദി കടക്കുകയോ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്കുന്ന വിശിഷ്ട ദേശത്തു പ്രവേശിക്കുകയോ ഇല്ലെന്ന് അവിടുന്നു ശപഥം ചെയ്തു. 22അതുകൊണ്ട് ഞാൻ യോർദ്ദാൻ കടക്കാതെ ഇവിടെവച്ചു മരിക്കും; നിങ്ങൾ നദി കടന്ന് ആ വിശിഷ്ട ദേശം കൈവശമാക്കും. 23ദൈവമായ സർവേശ്വരൻ നിങ്ങളുമായി ചെയ്തിട്ടുള്ള ഉടമ്പടി നിങ്ങൾ മറക്കരുത്. അവിടുത്തെ കല്പനപോലെ എന്തിന്റെയെങ്കിലും സാദൃശ്യത്തിൽ വിഗ്രഹങ്ങൾ ഉണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുക. 24എന്തെന്നാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ ദഹിപ്പിക്കുന്ന അഗ്നിയാകുന്നു; അവിടുന്നു തീക്ഷ്ണതയുള്ള ദൈവമാണ്.
25യോർദ്ദാനക്കരെ കൈവശമാക്കുവാൻ പോകുന്ന ദേശത്ത് നിങ്ങൾ മക്കളും കൊച്ചുമക്കളുമായി വസിച്ചു കാലമേറെ ചെല്ലുമ്പോൾ എന്തിന്റെയെങ്കിലും രൂപം കൊത്തി വിഗ്രഹം ഉണ്ടാക്കുകയോ, ദൈവമായ സർവേശ്വരന്റെ ക്രോധം ഉണരുമാറുള്ള തിന്മ പ്രവർത്തിക്കുകയോ ചെയ്താൽ 26നിങ്ങൾ അവിടെ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഞാൻ ആകാശത്തെയും ഭൂമിയെയും സാക്ഷിനിർത്തി പറയുന്നു. നിങ്ങൾ അവിടെ ദീർഘകാലം ജീവിച്ചിരിക്കുകയില്ല; നിങ്ങൾ നിശ്ശേഷം നശിപ്പിക്കപ്പെടും. 27സർവേശ്വരൻ നിങ്ങളെ മറ്റു ജനതകളുടെ ഇടയിൽ ചിതറിക്കും; അവരുടെ ഇടയിൽ നിങ്ങൾ ചെറിയൊരു ഗണം മാത്രമായിരിക്കും. 28മനുഷ്യൻ കല്ലിലും മരത്തിലും ഉണ്ടാക്കിയ കാണാനോ, കേൾക്കാനോ, ഭക്ഷിക്കാനോ, മണക്കാനോ കഴിവില്ലാത്ത ദേവന്മാരെ നിങ്ങൾ അവിടെ സേവിക്കും. 29എന്നാൽ അവിടെവച്ചു നിങ്ങൾ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടി ദൈവമായ സർവേശ്വരനെ അന്വേഷിച്ചാൽ അവിടുത്തെ കണ്ടെത്തും. 30ഭാവിയിൽ ഇവയെല്ലാം സംഭവിച്ച് നിങ്ങൾ കഷ്ടതയിലാകുമ്പോൾ ദൈവമായ സർവേശ്വരനിലേക്കു നിങ്ങൾ തിരിയുകയും അവിടുത്തെ വാക്ക് അനുസരിക്കുകയും ചെയ്യും. 31നിങ്ങളുടെ ദൈവമായ സർവേശ്വരൻ കരുണയുള്ള ദൈവമാകുന്നു; അവിടുന്നു നിങ്ങളെ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല; നിങ്ങളുടെ പിതാക്കന്മാർക്ക് ശപഥപൂർവം നല്കിയ ഉടമ്പടി അവിടുന്ന് മറന്നുകളയുകയുമില്ല. 32ദൈവം ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതുമുതലുള്ള കാലം പരിശോധിക്കുക; ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ അന്വേഷിക്കുക; ഇതുപോലെ ഒരു മഹാകാര്യം എന്നെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഇങ്ങനെയൊരു സംഭവത്തെപ്പറ്റി കേട്ടിട്ടുണ്ടോ? 33നിങ്ങൾ കേട്ടതുപോലെ അഗ്നിയുടെ നടുവിൽനിന്ന് ദൈവം സംസാരിക്കുന്നതു കേട്ടശേഷം ഏതെങ്കിലും ജനത ജീവനോടെ അവശേഷിച്ചിട്ടുണ്ടോ? 34നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കുവേണ്ടി ഈജിപ്തിൽവച്ച് നിങ്ങൾ കാൺകെ ചെയ്തതുപോലെ മഹാമാരികൾ, അടയാളങ്ങൾ, അദ്ഭുതങ്ങൾ, യുദ്ധം, കരബലം, നീട്ടിയ ഭുജം, ഭയാനകമായ പ്രവൃത്തികൾ എന്നിവയാൽ ഏതെങ്കിലും ദൈവം ഒരു ജനതയെ മറ്റൊരു ജനതയുടെ നടുവിൽനിന്ന് തനിക്കായി വേർതിരിച്ചെടുക്കാൻ ഒരുമ്പെട്ടിട്ടുണ്ടോ? 35സർവേശ്വരൻ തന്നെയാണു ദൈവം. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന് നിങ്ങൾ ഗ്രഹിക്കാനാണ് അവിടുന്ന് ഇതെല്ലാം പ്രവർത്തിച്ചത്. 36നിങ്ങൾക്കു ശിക്ഷണം നല്കാൻവേണ്ടി അവിടുത്തെ ശബ്ദം ആകാശത്തുനിന്ന് നിങ്ങളെ കേൾപ്പിച്ചു; അവിടുത്തെ മഹാഗ്നി നിങ്ങൾക്ക് കാട്ടിത്തന്നു. അഗ്നിയുടെ നടുവിൽനിന്ന് അവിടുന്നു സംസാരിക്കുന്നതു നിങ്ങൾ കേട്ടു. 37അവിടുന്ന് നിങ്ങളുടെ പൂർവപിതാക്കന്മാരെ സ്നേഹിച്ചു. അവരുടെ സന്താനങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അവിടുത്തെ തിരുസാന്നിധ്യത്താലും മഹാശക്തിയാലും നിങ്ങളെ ഈജിപ്തിൽനിന്ന് കൂട്ടിക്കൊണ്ടുവന്നു. 38നിങ്ങളെക്കാൾ വലിയവരും ശക്തരുമായ ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് പലായനം ചെയ്യിച്ചു. അങ്ങനെ നിങ്ങളെ കൊണ്ടുവന്നു; നിങ്ങൾ ഇന്ന് അനുഭവിക്കുന്നതുപോലെ അവരുടെ ദേശം നിങ്ങൾക്ക് അവകാശമായി നല്കി. 39അതുകൊണ്ട് മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും സർവേശ്വരൻ മാത്രമാണു ദൈവം എന്ന് ഇന്നു മനസ്സിൽ ഉറച്ചുകൊൾക; 40ഇന്നു ഞാൻ നിങ്ങളോട് അറിയിക്കുന്ന അവിടുത്തെ സകല നിയമങ്ങളും കല്പനകളും പാലിക്കുക; എന്നാൽ നിങ്ങൾക്കും നിങ്ങളുടെ സന്തതികൾക്കും നന്മയുണ്ടാകും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു ശാശ്വതമായി നല്കുന്ന ദേശത്തു നിങ്ങൾ ദീർഘായുസ്സായിരിക്കും.
അഭയനഗരങ്ങൾ
41യോർദ്ദാൻനദിക്ക് അക്കരെ കിഴക്കു മോശ മൂന്നു പട്ടണങ്ങൾ വേർതിരിച്ചു. 42പൂർവവിരോധം കൂടാതെ അബദ്ധത്തിൽ ആരെങ്കിലും മറ്റൊരുവനെ കൊല്ലാൻ ഇടയായാൽ അവന് ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിച്ചെന്ന് അഭയംപ്രാപിക്കാം. 43മരുപ്രദേശത്തെ പീഠഭൂമിയിലുള്ള ബേസർനഗരം രൂബേൻഗോത്രക്കാർക്കും ഗിലെയാദിലെ രാമോത്ത്നഗരം ഗാദ്ഗോത്രക്കാർക്കും ബാശാനിലെ ഗോലാൻ നഗരം മനശ്ശെഗോത്രക്കാർക്കും അഭയനഗരങ്ങളാണ്.
44ഇതാണ് മോശ ഇസ്രായേൽജനത്തിനു നല്കിയ ധർമശാസ്ത്രം. 45അവർ ഈജിപ്തിൽനിന്നു പുറപ്പെട്ടശേഷം അവരോട് മോശ കല്പിച്ച സാക്ഷ്യങ്ങളും നിയമങ്ങളും അനുശാസനങ്ങളുമാണിവ. 46യോർദ്ദാൻനദിക്കു കിഴക്കു ബേത്ത്-പെയോരിന് എതിർവശത്തുള്ള സമഭൂമിയിൽ വച്ചാണ് ഇവ നല്കിയത്. ഈ പ്രദേശം ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരുടെ രാജാവായ സീഹോന്റെ രാജ്യത്തിൽ ഉൾപ്പെട്ടതായിരുന്നു. മോശയും ഇസ്രായേൽജനവും അയാളെ തോല്പിച്ചു.
47അവർ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യങ്ങൾ കൈവശപ്പെടുത്തി. അവർ ഇരുവരും യോർദ്ദാന്റെ കിഴക്ക് നിവസിച്ചിരുന്ന അമോര്യരാജാക്കന്മാരായിരുന്നു. 48അർന്നോൻ താഴ്വരയുടെ അതിരിലുള്ള അരോവേർമുതൽ ഹെർമ്മോൻ എന്ന് അപരനാമമുള്ള #4:48 സിറിയോൺ = സീയോൻ എന്നു ഹീബ്രുവിൽസിറിയോൺ മലവരെയും, 49യോർദ്ദാൻനദിക്ക് അക്കരെ പിസ്ഗായുടെ ചരിവുമുതൽ തെക്ക് ചാവുകടൽവരെയും ഉള്ള പ്രദേശമാണ് അവർ കൈവശപ്പെടുത്തിയത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
DEUTERONOMY 4: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.