യോസേഫ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു: ആകാശത്തിലെ വിശിഷ്ടമായ മഞ്ഞും അഗാധതയിൽനിന്നുള്ള നീരുറവയുംകൊണ്ട് സർവേശ്വരൻ അവരുടെ ദേശത്തെ അനുഗ്രഹിക്കുമാറാകട്ടെ. സൂര്യപ്രകാശത്തിൽ വിളയുന്ന വിശിഷ്ടഫലങ്ങളാലും തക്കകാലത്ത് ലഭിക്കുന്ന വിഭവങ്ങളാലും പുരാതന പർവതങ്ങളിലെ ശ്രേഷ്ഠ ഫലങ്ങളാലും ശാശ്വതപർവതങ്ങളുടെ മികച്ച ഉൽപ്പന്നങ്ങളാലും ഭൂമിയിലെ വിശിഷ്ട ഫലങ്ങളാലും അവയുടെ സമൃദ്ധിയാലും മുൾപ്പടർപ്പിൽ നിവസിച്ച സർവേശ്വരന്റെ അനുഗ്രഹം യോസേഫിന്റെ ശിരസ്സിൽ സഹോദരന്മാരുടെ കൂട്ടത്തിൽ പ്രഭുവായിരുന്നവന്റെ കിരീടത്തിൽതന്നെ വരുമാറാകട്ടെ. അവരുടെ കരുത്ത് കടിഞ്ഞൂൽക്കൂറ്റനു തുല്യം; അവരുടെ കൊമ്പുകൾ കാട്ടുപോത്തിൻറേതിനു സമാനം; അവകൊണ്ട് അവർ സകല ജനതയെയും ഭൂമിയുടെ അറുതിവരെ ഓടിക്കും. ഈ കൊമ്പുകളാണ് എഫ്രയീമിന്റെ പതിനായിരങ്ങൾ; മനശ്ശെയുടെ ആയിരങ്ങൾ. സെബൂലൂൻഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: സെബൂലൂനേ, നിന്റെ പ്രയാണങ്ങളിലും ഇസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക; അവർ ജനതകളെ പർവതങ്ങളിലേക്കു ക്ഷണിച്ചുവരുത്തും; അവിടെ നീതിയാഗങ്ങൾ അർപ്പിക്കും. അവർ സമുദ്രത്തിന്റെ സമൃദ്ധി വലിച്ചുകുടിക്കും; മണലിലെ നിഗൂഢനിക്ഷേപങ്ങളും. ഗാദ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു: ഗാദിന്റെ ദേശം വിസ്തൃതമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടക്കുന്നു കൈയോ തലയോ കടിച്ചുകീറുവാൻ തന്നെ. നാടിന്റെ ഏറ്റവും നല്ല ഭാഗം അവർ തിരഞ്ഞെടുത്തു; നേതാവിന്റെ ഓഹരി തങ്ങൾക്കായി അവർ വേർതിരിച്ചു. ജനനേതാക്കളോടൊത്ത് അവർ വന്നു സർവേശ്വരന്റെ നീതിയും വിധികളും അവർ ഇസ്രായേലിൽ നടപ്പാക്കി. ദാൻഗോത്രത്തെക്കുറിച്ച് അവൻ ഇപ്രകാരം പറഞ്ഞു: ദാൻ ഒരു സിംഹക്കുട്ടി; അവൻ ബാശാനിൽനിന്നു കുതിച്ചു ചാടുന്നു. നഫ്താലിഗോത്രത്തെക്കുറിച്ചു പറഞ്ഞു: സർവേശ്വരന്റെ പ്രസാദത്താൽ നഫ്താലി സംതൃപ്തൻ; സർവേശ്വരന്റെ അനുഗ്രഹത്താൽ അവൻ സമ്പൂർണൻ. ഗലീലാതടാകവും ദക്ഷിണദേശവും കൈവശമാക്കുക. ആശേർഗോത്രത്തെക്കുറിച്ചു പറഞ്ഞു: ആശേർഗോത്രം മറ്റു ഗോത്രങ്ങളിൽ ഏറ്റവും അനുഗൃഹീതമായിരിക്കട്ടെ; സഹോദരന്മാരിൽ അവർ ഏറ്റവും പ്രിയങ്കരരാകട്ടെ. അവരുടെ ദേശത്ത് ഒലിവുമരങ്ങൾ സമൃദ്ധമായി ഉണ്ടാകട്ടെ; അവരുടെ പട്ടണവാതിൽ ഇരുമ്പും പിത്തളയുംകൊണ്ട് സുരക്ഷിതമായിരിക്കും. അവർ ജീവപര്യന്തം സുരക്ഷിതരായിരിക്കട്ടെ. യെശൂരൂന്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല; അവിടുന്നു നിങ്ങളുടെ സഹായത്തിനായി ആകാശങ്ങളിൽ സഞ്ചരിക്കുന്നു. മഹത്ത്വപൂർണനായ അവിടുന്നു മേഘാരൂഢനായി വരുന്നു. നിത്യനായ ദൈവം നിങ്ങളുടെ അഭയം; അവിടുത്തെ ശാശ്വതഭുജങ്ങൾ നിങ്ങളെ താങ്ങും. അവരെ സംഹരിക്കുക എന്നു പറഞ്ഞുകൊണ്ട് അവിടുന്നു നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു; യാക്കോബിന്റെ സന്തതികൾ സുരക്ഷിതരായി വസിക്കും. ധാന്യവും വീഞ്ഞും നിറഞ്ഞ ദേശത്ത് അവർ തനിച്ചു പാർക്കും; ആകാശം മഞ്ഞു പൊഴിക്കും; അവരുടെ നിലം നനയ്‍ക്കപ്പെടും. ഇസ്രായേലേ, നിങ്ങൾ എത്ര അനുഗൃഹീതർ! നിങ്ങൾക്കു തുല്യരായി ആരുണ്ട്? നിങ്ങൾ സർവേശ്വരനാൽ രക്ഷിക്കപ്പെട്ട ജനം; അവിടുന്നു നിങ്ങളെ സഹായിക്കുന്ന പരിചയും നിങ്ങളെ മഹത്ത്വം അണിയിക്കുന്ന വാളും ആകുന്നു. ശത്രുക്കൾ നിങ്ങളുടെ കാരുണ്യം യാചിക്കും; നിങ്ങൾ അവരെ ചവുട്ടിമെതിക്കും.
DEUTERONOMY 33 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: DEUTERONOMY 33:13-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ