KOLOSA 3:12-25

KOLOSA 3:12-25 MALCLBSI

നിങ്ങൾ ദൈവത്തിന്റെ ജനമാകുന്നു; അവിടുന്നു നിങ്ങളെ സ്നേഹിക്കുകയും തന്റെ സ്വന്തം ജനമായിരിക്കേണ്ടതിനു നിങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ട് മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമാശീലം ഇവ നിങ്ങൾ ധരിക്കണം. നിങ്ങൾ അന്യോന്യം സഹിക്കുകയും പൊറുക്കുകയും ഒരുവനു മറ്റൊരുവനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പരസ്പരം ക്ഷമിക്കുകയും വേണം. കർത്താവു നിങ്ങളോടു ക്ഷമിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം ക്ഷമിക്കേണ്ടതാണ്. സർവോപരി, സമ്പൂർണമായ ഐക്യത്തിൽ എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സ്നേഹം ധരിച്ചുകൊള്ളുക. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ഈ സമാധാനത്തിലേക്കാണ് ദൈവം നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. അതിനാൽ നിങ്ങൾ അവിടുത്തോടു നന്ദിയുള്ളവരായിരിക്കുക. ക്രിസ്തുവിന്റെ സന്ദേശം അതിന്റെ സർവസമൃദ്ധിയോടുംകൂടി നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണം. സകല ജ്ഞാനത്തോടും കൂടി അന്യോന്യം പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക. സങ്കീർത്തനങ്ങളും സ്തോത്രഗീതങ്ങളും ആത്മീയ ഗാനങ്ങളും ആലപിക്കുക; നിങ്ങളുടെ ഹൃദയത്തിൽനിന്നു ദൈവത്തിനു കൃതജ്ഞതയോടുകൂടിയ ഗാനം ഉയരട്ടെ. നിങ്ങൾ ചെയ്യുന്നതും പറയുന്നതും എല്ലാം കർത്താവായ യേശുവിൽകൂടി പിതാവായ ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ട് അവിടുത്തെ നാമത്തിൽ ആയിരിക്കേണ്ടതാണ്. ഭാര്യമാരേ, കർത്താവിന്റെ അനുയായികൾ എന്ന നിലയിൽ കടമ എന്നു കരുതി നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക; അവരോടു പരുഷമായി പെരുമാറരുത്. കുട്ടികളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; എന്തെന്നാൽ അതാണ് കർത്താവിനു പ്രസാദകരമായിട്ടുള്ളത്. മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്; അങ്ങനെ ചെയ്താൽ അവർ ധൈര്യഹീനരായിത്തീരും. ദാസന്മാരേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ലൗകികയജമാനന്മാരെ അനുസരിക്കുക; അവരുടെ പ്രീതി കിട്ടുന്നതിനുവേണ്ടി, അവരുടെ കൺമുമ്പിൽ മാത്രമല്ല അനുസരിക്കേണ്ടത്. കർത്താവിനോടുള്ള ഭയഭക്തിമൂലം ആത്മാർഥമായി അനുസരിക്കുക. നിങ്ങൾ എന്തുചെയ്താലും മനുഷ്യർക്കുവേണ്ടിയല്ല, കർത്താവിനുവേണ്ടിയത്രേ ചെയ്യുന്നത് എന്ന ചിന്തയിൽ പൂർണഹൃദയത്തോടുകൂടി ചെയ്യണം. തന്റെ ജനത്തിനു നല്‌കുവാൻ കരുതിവച്ചിട്ടുള്ള പൈതൃകം കർത്താവു പ്രതിഫലമായി നിങ്ങൾക്കു നല്‌കുമെന്നുള്ളത് ഓർത്തുകൊള്ളുക. എന്തെന്നാൽ ക്രിസ്തു എന്ന യജമാനനെയാണ് നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്. തെറ്റു ചെയ്യുന്നവന് അർഹിക്കുന്ന ശിക്ഷ കിട്ടും; ഒരേ അളവുകോൽകൊണ്ടാണ് ദൈവം എല്ലാവരെയും അളക്കുന്നത്.

KOLOSA 3 വായിക്കുക