AMOSA 9

9
സർവേശ്വരന്റെ ന്യായവിധി
1യാഗപീഠത്തിനരികെ സർവേശ്വരൻ നില്‌ക്കുന്നതു ഞാൻ കണ്ടു. അവിടുന്നു കല്പിച്ചു: “സ്തംഭങ്ങളുടെ ഉച്ചിയിൽ ആഞ്ഞടിക്കുക; അവ ആസകലം ഇളകട്ടെ. അവ തകർന്ന് ആരാധകരുടെമേൽ വീഴട്ടെ. അവരിൽ ശേഷിക്കുന്നവരെ ഞാൻ വാളിനിരയാക്കും. ആരും ഓടി രക്ഷപെടുകയില്ല.
2അവർ പാതാളത്തിലേക്കു തുരന്നിറങ്ങിയാലും ഞാൻ അവരെ തിരികെ കൊണ്ടുവരും; ആകാശത്തിലേക്കു കയറിയാലും ഞാൻ അവരെ താഴെ ഇറക്കും. 3കർമ്മേൽഗിരിയിൽ ഒളിച്ചിരുന്നാലും ഞാൻ അവരെ തേടിപ്പിടിക്കും. ആഴിയുടെ അടിത്തട്ടിൽ അവർ ഒളിച്ചിരുന്നാലും സർപ്പത്തെ അയച്ചു ഞാൻ അവരെ കടിപ്പിക്കും. 4പ്രവാസികളായി പരദേശത്തു പോയാലും ഞാൻ അവരെ ശത്രുക്കളുടെ വാളിനിരയാക്കും. നന്മയ്‍ക്കു പകരം അവർക്കു ഞാൻ നാശം വരുത്തും.
5സർവേശ്വരൻ, സർവശക്തനായ ദൈവം ഭൂമിയെ ഉരുക്കും. അപ്പോൾ ഭൂവാസികൾ വിലപിക്കും. എന്റെ സ്പർശനത്താൽ നൈൽനദിപോലെ അവർ പൊങ്ങുകയോ താഴുകയോ ചെയ്യും. 6അവിടുന്നു മേഘങ്ങളെക്കൊണ്ടു ഹർമ്യങ്ങൾ നിർമിക്കുകയും കടൽജലത്തെ വിളിച്ചു വരുത്തി മഴ പെയ്യിക്കുകയും ചെയ്യുന്നു. സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം.
7സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇസ്രായേൽജനമേ, നിങ്ങൾ എനിക്ക് എത്യോപ്യരെപ്പോലെ തന്നെ. നിങ്ങളെ ഈജിപ്തിൽനിന്നും ഫെലിസ്ത്യരെ ക്രീറ്റിൽനിന്നും സിറിയാക്കാരെ കീറിൽനിന്നും കൊണ്ടുവന്നതു ഞാൻ തന്നെയല്ലേ? 8എന്റെ ദൃഷ്‍ടി പാപംകൊണ്ടു ദുഷിച്ച ഇസ്രായേല്യരുടെമേൽ പതിച്ചിരിക്കുന്നു. ഭൂതലത്തിൽനിന്നു ഞാൻ അവരെ നീക്കിക്കളയും; പക്ഷേ, പൂർണനാശം വരുത്തുകയില്ല. ഇതു സർവേശ്വരന്റെ വചനം. 9ഞാൻ കല്പന നല്‌കും; അരിപ്പയിൽ അരിക്കുന്നതുപോലെ ഇസ്രായേല്യരെ മറ്റു ജനതകളെക്കൊണ്ട് അരിപ്പിക്കും. അവരിൽ അധമരായവരൊക്കെ നീക്കപ്പെടും. 10തങ്ങൾക്ക് അനർഥമുണ്ടാകയില്ലെന്നു വീമ്പടിക്കുന്ന എന്റെ ജനത്തിലെ അധർമികൾ ആസകലം വാളിനിരയാകും.
ഇസ്രായേലിന്റെ പുനഃസ്ഥാപനം
11-12“വീണുപോയ ദാവീദുഗൃഹത്തെ ഞാൻ പുനരുദ്ധരിക്കും; അതിന്റെ കേടുപാടുകൾ പോക്കി പൂർവസ്ഥിതിയിലാക്കും. അപ്പോൾ അവർ എദോമിലെയും ചുറ്റുമുള്ള ജനതകളെയും കീഴടക്കി എന്റെ ജനത്തിന്റെ അതിർത്തി വിസ്തീർണമാക്കും. ഇതെല്ലാം ഞാനാണു ചെയ്യുന്നതെന്നു സർവേശ്വരന്റെ അരുളപ്പാട്.
13ആ നാളുകൾ ഇതാ, അടുത്തു വരുന്നു. കൊയ്തു തീർക്കാൻ കഴിയാത്തവിധം ധാന്യവും വീഞ്ഞാക്കാൻ കഴിയാത്തവിധം മുന്തിരിയും വിളയുന്ന കാലം വരുന്നു; അന്നു മലഞ്ചരിവുകളിലൂടെ വീഞ്ഞു ചാലുകളായി ഒഴുകും. 14അങ്ങനെ എന്റെ ജനമായ ഇസ്രായേലിന്റെ ഐശ്വര്യം ഞാൻ വീണ്ടെടുക്കും. അവർ തകർന്ന പട്ടണങ്ങൾ പുതുക്കിപ്പണിത് അവിടെ പാർക്കും. മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി വീഞ്ഞു കുടിക്കും. തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. 15ഞാൻ അവർക്കു നല്‌കിയ ദേശത്തു വാസമുറപ്പിച്ചശേഷം ആരും അവരെ നിഷ്കാസനം ചെയ്യുകയില്ല. ഇതു നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വചനം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

AMOSA 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക