TIRHKOHTE 7:30-36

TIRHKOHTE 7:30-36 MALCLBSI

“നാല്പതു വർഷം കഴിഞ്ഞ്, സീനായ്മലയുടെ സമീപത്തുള്ള മരുഭൂമിയിൽ കത്തുന്ന മുൾപ്പടർപ്പിൽ ഒരു ദൈവദൂതൻ മോശയ്‍ക്കു പ്രത്യക്ഷപ്പെട്ടു. ഈ ദർശനം ഉണ്ടായപ്പോൾ അദ്ദേഹം ആശ്ചര്യഭരിതനായി. സൂക്ഷിച്ചു നോക്കുന്നതിനായി അടുത്തു ചെന്നപ്പോൾ ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം’ എന്നു സർവേശ്വരൻ അരുൾചെയ്ത ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം ഭയപ്പെട്ടു വിറച്ചു; അങ്ങോട്ടു നോക്കുവാൻ ധൈര്യപ്പെട്ടില്ല. “സർവേശ്വരൻ തുടർന്ന് അരുൾചെയ്തു: ‘നിന്റെ കാലിൽനിന്നു ചെരുപ്പ് ഊരിക്കളയുക; നീ നില്‌ക്കുന്ന സ്ഥലം പരിശുദ്ധമാകുന്നു. ഈജിപ്തിൽ എന്റെ ജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ ഞാൻ കണ്ടിരിക്കുന്നു; അവരുടെ നെടുവീർപ്പും ഞാൻ കേട്ടു; അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു. അതുകൊണ്ട് വരിക, ഞാൻ നിന്നെ ഈജിപ്തിലേക്ക് അയയ്‍ക്കും. “നിന്നെ ഞങ്ങളുടെ അധികാരിയും വിധികർത്താവും ആക്കിയത് ആരാണ്?’ എന്നു ചോദിച്ചുകൊണ്ട് അവർ നിരസിച്ച ഈ മോശയെതന്നെ, മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ട ദൈവദൂതൻ മുഖാന്തരം അവരുടെ വിമോചകനും അധികാരിയുമായി ദൈവം അയച്ചു. അദ്ദേഹം ഈജിപ്തിലും ചെങ്കടലിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് നാല്പതു വർഷക്കാലം മരുഭൂമിയിലൂടെ അവരെ നയിച്ചു.

TIRHKOHTE 7 വായിക്കുക