TIRHKOHTE 5:1-11

TIRHKOHTE 5:1-11 MALCLBSI

അനന്യാസ് എന്നുപേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീറയും ചേർന്ന് അവരുടെ ഒരു നിലം വിറ്റു. ഭാര്യയുടെ അറിവോടുകൂടി ആ വസ്തുവിന്റെ വിലയിൽ ഒരംശം അയാൾ മാറ്റിവച്ചു; ബാക്കി കൊണ്ടുവന്ന് അപ്പോസ്തോലന്മാരുടെ കാല്‌ക്കൽ സമർപ്പിച്ചു. അപ്പോൾ പത്രോസ് പറഞ്ഞു: “അനന്യാസേ, പരിശുദ്ധാത്മാവിന്റെ നേരെ വ്യാജം പ്രവർത്തിക്കുവാനും വസ്തുവിന്റെ വിലയിൽ ഒരു പങ്ക് എടുത്തുവയ്‍ക്കുവാനും സാത്താൻ നിന്റെ ഹൃദയത്തെ കൈയടക്കിയത് എന്തുകൊണ്ട്? ആ വസ്തു വില്‌ക്കുന്നതിനുമുമ്പു നിൻറേതുതന്നെ ആയിരുന്നില്ലേ? വിറ്റതിനുശേഷവും ആ പണം നിന്റെ സ്വന്തം അല്ലായിരുന്നുവോ? പിന്നെ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുവാൻ നീ മനസ്സുവച്ചത് എന്തുകൊണ്ട്? നീ മനുഷ്യരോടല്ല, ദൈവത്തോടാണു വ്യാജം പ്രവർത്തിച്ചത്”. ഈ വാക്കുകൾ കേട്ടയുടൻ അനന്യാസ് വീണു മരിച്ചു. ഈ സംഭവത്തെപ്പറ്റി കേട്ടവരെല്ലാം ഭയവിഹ്വലരായി. അവിടെയുണ്ടായിരുന്ന യുവാക്കന്മാർ അനന്യാസിന്റെ മൃതശരീരം തുണിയിൽ പൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്കരിച്ചു. ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് അനന്യാസിന്റെ ഭാര്യ ഇതൊന്നും അറിയാതെ അവിടെ ചെന്നു. പത്രോസ് അവരോടു ചോദിച്ചു: “പറയൂ, ഈ വിലയ്‍ക്കുതന്നെയോ നിങ്ങൾ വസ്തു വിറ്റത്?” “അതെ, ഈ വിലയ്‍ക്കുതന്നെ” എന്ന് ആ സ്‍ത്രീ ഉത്തരം പറഞ്ഞു. അപ്പോൾ പത്രോസ് പറഞ്ഞു: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കുവാൻ നിങ്ങൾ തമ്മിൽ പറഞ്ഞൊത്തത് എന്തുകൊണ്ട്? ഇതാ നോക്കൂ, നിങ്ങളുടെ ഭർത്താവിനെ സംസ്കരിച്ചവർ വാതില്‌ക്കൽ എത്തിക്കഴിഞ്ഞു. അവർ നിങ്ങളെയും എടുത്തുകൊണ്ടു പുറത്തുപോകും.” തൽക്ഷണം സഫീറയും പത്രോസിന്റെ കാല്ച്ചുവട്ടിൽ വീണു മരിച്ചു; പ്രസ്തുത യുവാക്കന്മാർ അകത്തു ചെന്നപ്പോൾ ആ സ്‍ത്രീ മരിച്ചുകിടക്കുന്നതായി കണ്ടു. അവർ മൃതദേഹം എടുത്തുകൊണ്ടുപോയി ഭർത്താവിന്റെ സമീപം സംസ്കരിച്ചു. സഭയിലുള്ള എല്ലാവർക്കും ഈ സംഭവത്തെക്കുറിച്ചു കേട്ട മറ്റുള്ള സകല ജനങ്ങൾക്കും അത്യധികമായ ഭയമുണ്ടായി.

TIRHKOHTE 5 വായിക്കുക