TIRHKOHTE 24

24
1അഞ്ചു ദിവസം കഴിഞ്ഞ് മഹാപുരോഹിതനായ അനന്യാസ്, ഏതാനും ജനപ്രമുഖന്മാരോടും തെർത്തുല്ലോസ് എന്ന അഭിഭാഷകനോടുംകൂടി ഗവർണറുടെ അടുക്കലെത്തി. അവർ പൗലൊസിനെതിരെ ഗവർണറുടെ മുമ്പിൽ അന്യായം ബോധിപ്പിച്ചു. 2പൗലൊസിന്റെ പേരിലുള്ള ആരോപണങ്ങൾ വിശദീകരിച്ചുകൊണ്ട് തെർത്തുല്ലൊസ് ഇപ്രകാരം പ്രസ്താവിച്ചു:
“അഭിവന്ദ്യനായ ഫെലിക്സേ, അങ്ങു മുഖാന്തരം ഞങ്ങൾ വളരെയധികം സമാധാനം അനുഭവിക്കുന്നു. യെഹൂദജനതയുടെ ശ്രേയസ്സിന് ആവശ്യമുള്ള പരിഷ്കാരങ്ങൾ ദീർഘവീക്ഷണത്തോടുകൂടി അവിടുന്ന് ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 3ഞങ്ങൾ എല്ലായിടത്തും എല്ലാവിധത്തിലും കൃതജ്ഞതാപുരസ്സരം അത് അംഗീകരിക്കുന്നു. 4അങ്ങയുടെ സമയം കൂടുതൽ എടുക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. ഞങ്ങൾ ചുരുക്കമായി പറയുന്നത് അങ്ങു ദയാപൂർവം കേൾക്കണമെന്ന് അപേക്ഷിക്കുന്നു. 5ഈ മനുഷ്യൻ ഒരു മഹാബാധയാണ്; ലോകത്തെങ്ങുമുള്ള യെഹൂദന്മാരുടെ ഇടയിൽ പ്രക്ഷോഭമുണ്ടാക്കുന്നവനും, നസ്രായകക്ഷിയുടെ നായകനുമാണിയാൾ എന്നു ഞങ്ങൾക്കു മനസ്സിലായി. 6ഇയാൾ ദേവാലയത്തെ അശുദ്ധമാക്കുവാൻപോലും ശ്രമിച്ചു. എന്നാൽ ഞങ്ങൾ ഇയാളെ പിടിച്ചു; #24:6-8 ചില കൈയെഴുത്തു പ്രതികളിൽ ‘ഞങ്ങളുടെ ധർമശാസ്ത്ര പ്രകാരം.... ആജ്ഞാപിക്കുകയും ചെയ്തു’ എന്ന ഭാഗം കാണുന്നില്ല.ഞങ്ങളുടെ ധർമശാസ്ത്രപ്രകാരം ഇയാളെ വിസ്തരിക്കുവാൻ ഉദ്ദേശിച്ചു. 7എന്നാൽ സഹസ്രാധിപനായ ലുസിയാസ് ഇയാളെ ഞങ്ങളുടെ കൈയിൽനിന്നു ബലാല്‌ക്കാരേണ പിടിച്ചുകൊണ്ടുപോയി. 8വാദികൾ അങ്ങയുടെ മുമ്പിൽ ഹാജരാകുവാൻ ആജ്ഞാപിക്കുകയും ചെയ്തു. അങ്ങുതന്നെ ഇയാളെ വിസ്തരിക്കുന്ന പക്ഷം ഞങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഇയാളിൽ നിന്നുതന്നെ മനസ്സിലാക്കുവാൻ കഴിയും.” 9അതു ശരിതന്നെ എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാർ അയാളെ പിൻതാങ്ങി.
പൗലൊസിന്റെ പ്രതിവാദം
10സംസാരിക്കുവാൻ ഗവർണർ ആംഗ്യം കാട്ടിയപ്പോൾ പൗലൊസ് പ്രതിവാദിച്ചു:
“ദീർഘകാലമായി അങ്ങ് ഈ ജനതയുടെ ന്യായാധിപതി ആയിരിക്കുന്നു എന്ന് എനിക്കറിയാം. അതുകൊണ്ട് എനിക്കു പറയാനുള്ളത് അങ്ങയുടെ മുമ്പിൽ ബോധിപ്പിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്. 11-12ഞാൻ ആരാധനയ്‍ക്കായി യെരൂശലേമിൽ പോയിട്ട് പന്ത്രണ്ടു ദിവസത്തിലേറെ ആയിട്ടില്ല. ദേവാലയത്തിലോ, സുനഗോഗുകളിലോ, നഗരത്തിലോ ഞാൻ ആരോടെങ്കിലും വാഗ്വാദം നടത്തുകയോ ജനങ്ങളുടെ ഇടയിൽ പ്രക്ഷോഭമുണ്ടാക്കുകയോ ചെയ്യുന്നത് ഇവരാരും കണ്ടിട്ടില്ല. ഇതു വാസ്തവമാണെന്ന് അങ്ങേക്കു പരിശോധിച്ച് അറിയാവുന്നതാണ്. 13എനിക്കെതിരെ ബോധിപ്പിച്ചിട്ടുള്ള ആരോപണങ്ങൾ അങ്ങയുടെ മുമ്പിൽ തെളിയിക്കുവാൻ ഇവർക്കു സാധ്യവുമല്ല. 14ഒരു കാര്യം ഞാൻ സമ്മതിക്കുന്നു; ഒരു പ്രത്യേക മതവിഭാഗമെന്ന് ഇവർ പറയുന്ന ആ മാർഗപ്രകാരം ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഞാൻ ഭജിക്കുകയും ധർമശാസ്ത്രത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നത് എല്ലാം വിശ്വസിക്കുകയും ചെയ്യുന്നു. 15ശിഷ്ടജനങ്ങളും ദുഷ്ടജനങ്ങളും ഉയിർത്തെഴുന്നേല്‌ക്കുമെന്ന് ഇവർ പ്രത്യാശിക്കുന്നതുപോലെ തന്നെ, ഞാനും ദൈവത്തിൽ പ്രത്യാശിക്കുന്നു. 16അതുകൊണ്ട് ഞാൻ ദൈവത്തോടും മനുഷ്യരോടും എപ്പോഴും കുറ്റമറ്റ മനസാക്ഷിയുള്ളവനായിരിക്കുന്നതിനു പരമാവധി പരിശ്രമിക്കുന്നു.
17“വർഷങ്ങൾക്കു ശേഷമാണ്, സ്വജാതീയർക്കു ദാനധർമങ്ങൾ കൊടുക്കുന്നതിനും വഴിപാട് അർപ്പിക്കുന്നതിനുംവേണ്ടി ഞാൻ യെരൂശലേമിലേക്കു ചെന്നത്. 18അതനുഷ്ഠിക്കുമ്പോൾ ദേവാലയത്തിൽവച്ച് ശുദ്ധീകരണകർമം കഴിഞ്ഞവനായി അവർ എന്നെ കണ്ടു. അപ്പോൾ അവിടെ ആൾക്കൂട്ടമോ ബഹളമോ ഉണ്ടായിരുന്നില്ല. 19എന്നാൽ അവിടെ ഏഷ്യാ സംസ്ഥാനക്കാരായ ഏതാനും യെഹൂദന്മാരുണ്ടായിരുന്നു. എന്റെ പേരിൽ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ, അവരായിരുന്നു അങ്ങയുടെ മുമ്പിൽവന്ന് അതു ബോധിപ്പിക്കേണ്ടിയിരുന്നത്. 20-21സന്നദ്രിംസംഘത്തിന്റെ മുമ്പിൽ നില്‌ക്കുമ്പോൾ ‘മരിച്ചവരുടെ പുനരുത്ഥാനം സംബന്ധിച്ച് ഇന്നു നിങ്ങൾ എന്നെ വിസ്തരിക്കുന്നു’ എന്നു വിളിച്ചു പറഞ്ഞ ഒരു കാര്യമല്ലാതെ മറ്റെന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഇവർ തന്നെ പറയട്ടെ.”
22ഫെലിക്സിന് നസ്രായമാർഗത്തെക്കുറിച്ചു നന്നായി അറിയാമായിരുന്നിട്ടും “ലുസിയാസ് സഹസ്രാധിപൻ വന്നിട്ടു നിങ്ങളുടെ പരാതിക്കു തീരുമാനമുണ്ടാക്കാം” എന്നു പറഞ്ഞ് അദ്ദേഹം വ്യവഹാരം മാറ്റിവച്ചു. 23പൗലൊസിനെ തടവിൽ സൂക്ഷിക്കുവാൻ അദ്ദേഹം ശതാധിപനോട് ആജ്ഞാപിച്ചു; എന്നാൽ കുറെയൊക്കെ സ്വാതന്ത്ര്യം അനുവദിക്കണമെന്നും, സ്വജനങ്ങൾ അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതു വിലക്കരുതെന്നും നിർദേശിച്ചു.
പൗലൊസ് തടങ്കലിൽ
24ഏതാനും ദിവസങ്ങൾ കഴിഞ്ഞ്, ഫെലിക്സ് യെഹൂദവനിതയായ ഭാര്യ ദ്രുസില്ലയുമൊന്നിച്ചു ചെന്ന്, പൗലൊസിനെ ആളയച്ചു വരുത്തി. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി അദ്ദേഹത്തിൽനിന്നു കേട്ടു. 25എന്നാൽ നീതി, ആത്മനിയന്ത്രണം, വരുവാനുള്ള ന്യായവിധി ഇവയെക്കുറിച്ചു പൗലൊസ് സംസാരിച്ചപ്പോൾ, ഫെലിക്സ് ഭയപരവശനായി. “താങ്കൾ തത്ക്കാലം പോകുക; സൗകര്യമുള്ളപ്പോൾ വിളിപ്പിക്കാം” എന്നു പറഞ്ഞു. 26അതേ സമയം പൗലൊസിൽനിന്നു കൈക്കൂലി കിട്ടുമെന്ന് ഫെലിക്സ് പ്രതീക്ഷിച്ചു. അതുകൊണ്ട് പലപ്പോഴും അദ്ദേഹം പൗലൊസിനെ വരുത്തി സംസാരിച്ചുപോന്നു. 27രണ്ടു വർഷം കഴിഞ്ഞപ്പോൾ ഫെലിക്സിന്റെ പിൻഗാമിയായി പൊർക്ക്യൊസ് ഫെസ്തൊസ് ഗവർണറായി വന്നു. യെഹൂദന്മാരുടെ പ്രീതിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചതുകൊണ്ട് ഫെലിക്സ് പൗലൊസിനെ തടവുകാരനായി വിട്ടിട്ടുപോയി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

TIRHKOHTE 24: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക