TIRHKOHTE 2:32-41

TIRHKOHTE 2:32-41 MALCLBSI

ഈ യേശുവിനെയാണു ദൈവം ഉയിർപ്പിച്ചത്; അതിനു ഞങ്ങളെല്ലാവരും സാക്ഷികളുമാണ്. അവിടുന്ന് ദൈവത്തിന്റെ വലത്തുഭാഗത്ത് ആരോഹണം ചെയ്തു; വാഗ്ദാനപ്രകാരം, പരിശുദ്ധാത്മാവിനെ പിതാവിൽനിന്നു പ്രാപിച്ചു പകർന്നു തന്നതാണ് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. ദാവീദു സ്വർഗാരോഹണം ചെയ്തിട്ടില്ല. എങ്കിലും അദ്ദേഹം ഇപ്രകാരം പറയുന്നു: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ- നീ എന്റെ വലത്തുഭാഗത്തിരിക്കുക’ എന്നു സർവേശ്വരൻ എന്റെ കർത്താവിനോട് അരുളിചെയ്തു. “അതുകൊണ്ട് നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ ദൈവം കർത്താവും ക്രിസ്തുവുമാക്കി വച്ചിരിക്കുന്നു എന്ന് ഇസ്രായേൽ വംശജരെല്ലാം നിശ്ചയമായും അറിഞ്ഞുകൊളളട്ടെ.” ഇതുകേട്ട് മനസ്സാക്ഷിക്കു കുത്തുകൊണ്ട് അവർ പത്രോസിനോടും മറ്റ് അപ്പോസ്തോലന്മാരോടും ചോദിച്ചു: “സഹോദരന്മാരേ, ഞങ്ങൾ എന്താണു വേണ്ടത്?” പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോ വ്യക്തിയും അനുതപിച്ചു മനം തിരിഞ്ഞു പാപമോചനത്തിനുവേണ്ടി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനം സ്വീകരിക്കുക; അപ്പോൾ നിങ്ങൾക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചുചേർക്കുന്ന വിദൂരസ്ഥരായ എല്ലാവർക്കുംവേണ്ടിയുള്ളതാണ്.” മറ്റു പല വാദമുഖങ്ങളും ഉന്നയിച്ചുകൊണ്ട് പത്രോസ് അവരോടു സാക്ഷ്യം വഹിക്കുകയും വക്രതയുള്ള ഈ തലമുറയ്‍ക്കു നേരിടുന്ന ശിക്ഷയിൽനിന്നു നിങ്ങൾ രക്ഷപെട്ടുകൊള്ളുക” എന്നു ശക്തമായി ഉദ്ബോധിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ചവർ സ്നാപനം ഏറ്റു. അന്നു മൂവായിരത്തോളം ആളുകൾ അവരുടെകൂടെ ചേർന്നു.

TIRHKOHTE 2 വായിക്കുക