TIRHKOHTE 2:1-21

TIRHKOHTE 2:1-21 MALCLBSI

പെന്തെക്കോസ്തു നാളിൽ അവർ എല്ലാവരും ഒരു സ്ഥലത്തു കൂടിയിരിക്കുകയായിരുന്നു. പെട്ടെന്നു കൊടുങ്കാറ്റടിക്കുന്നതുപോലെ ഒരു മുഴക്കം ആകാശത്തുനിന്നുണ്ടായി; അത് അവരിരുന്ന വീടു മുഴുവൻ വ്യാപിച്ചു. തീനാമ്പുപോലെയുള്ള നാവ് അവർക്ക് പ്രത്യക്ഷമായി; അതു പിളർന്ന് ഓരോരുത്തരുടെയും മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവർക്ക് ഉച്ചരിക്കുവാൻ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളിൽ അവർ സംസാരിക്കുവാൻ തുടങ്ങി. അന്ന് ആകാശത്തിൻകീഴുള്ള എല്ലാ രാജ്യങ്ങളിൽനിന്നും വന്നു പാർക്കുന്ന യെഹൂദ ഭക്തജനങ്ങൾ യെരൂശലേമിലുണ്ടായിരുന്നു. ഈ ശബ്ദം കേട്ട് ഒരു വലിയ ജനക്കൂട്ടം അവിടെ വന്നുകൂടി. അവർ സംസാരിക്കുന്നത് ഓരോരുത്തരും അവനവന്റെ സ്വന്തം ഭാഷയിൽ കേട്ടതിനാൽ അവർ അന്ധാളിച്ചുപോയി. അവർ അമ്പരന്ന് അദ്ഭുതാധീനരായി പറഞ്ഞു: “ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ? പിന്നെ എങ്ങനെയാണ് ഇവരുടെ ഭാഷണം നമ്മുടെ ഓരോരുത്തരുടെയും മാതൃഭാഷയിൽ കേൾക്കുന്നത്? പാർഥ്യരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യ, യെഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യാസംസ്ഥാനം, ഫ്റുഗ്യ, പംഫുല്യ, ഈജിപ്ത്, കുറേനയ്‍ക്ക് അടുത്തുകിടക്കുന്ന ലിബിയയിലെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിവസിക്കുന്നവരും റോമിൽനിന്നു വന്നിട്ടുള്ള സന്ദർശകരും ജന്മനാ യെഹൂദന്മാരും യെഹൂദമതം സ്വീകരിച്ചവരും ക്രീറ്റുകാരും അറേബ്യക്കാരും നമ്മുടെ കൂട്ടത്തിലുണ്ടല്ലോ. എന്നിട്ടും ദൈവത്തിന്റെ അദ്ഭുതപ്രവർത്തനങ്ങളെപ്പറ്റി അവർ പറയുന്നത് നമ്മുടെ സ്വന്തം ഭാഷകളിൽ നാം കേൾക്കുന്നു!” എല്ലാവരും ആശ്ചര്യപ്പെടുകയും സംഭ്രാന്തരാകുകയും ചെയ്തു. “ഇതിന്റെ അർഥം എന്ത്?” എന്ന് അവർ അന്യോന്യം ചോദിച്ചു. “അവർ നിറയെ പുതുവീഞ്ഞു കുടിച്ചിട്ടുണ്ട്” എന്നു മറ്റു ചിലർ പരിഹാസപൂർവം പറഞ്ഞു. അപ്പോൾ പത്രോസ് മറ്റു പതിനൊന്ന് അപ്പോസ്തോലന്മാരോടു കൂടി എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരെ അഭിസംബോധന ചെയ്തു: “യെഹൂദാജനങ്ങളേ, യെരൂശലേം നിവാസികളേ, നിങ്ങൾ ഇത് അറിഞ്ഞുകൊള്ളുക; എന്റെ വാക്കുകൾ ശ്രദ്ധിക്കുക: നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ കുടിച്ചു മത്തുപിടിച്ചവരൊന്നുമല്ല. ഇപ്പോൾ രാവിലെ ഒൻപതുമണിയല്ലേ ആയിട്ടുള്ളൂ. എന്നാൽ ഇത് യോവേൽപ്രവാചകൻ പറഞ്ഞിട്ടുള്ളതാണ്: ദൈവം അരുളിച്ചെയ്യുന്നു: അന്ത്യനാളുകളിൽ എന്റെ ആത്മാവിനെ സകല മനുഷ്യരുടെയുംമേൽ ഞാൻ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കൾ ദർശനങ്ങൾ കാണും. നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ ദർശിക്കും; അതേ, ആ നാളുകളിൽ, എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ പകരുകയും അവർ പ്രവചിക്കുകയും ചെയ്യും. ഞാൻ ആകാശത്ത് അദ്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും അഗ്നിയും ഇരുണ്ട ധൂമപടലവും തന്നെ. കർത്താവിന്റെ മഹത്തും തേജസ്കരവുമായ ആ ദിവസം വരുന്നതിനുമുമ്പു സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും. എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെല്ലാം രക്ഷിക്കപ്പെടും.

TIRHKOHTE 2 വായിക്കുക