TIRHKOHTE 18:12-23

TIRHKOHTE 18:12-23 MALCLBSI

ഗല്ലിയോൻ, അഖായയിലെ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിനെതിരെ ഏകാഭിപ്രായത്തോടെ സംഘടിച്ച് അദ്ദേഹത്തെ പിടിച്ച് കോടതിയിൽ ഹാജരാക്കി. “യെഹൂദമതനിയമം അനുവദിക്കാത്തവിധം ദൈവത്തെ ആരാധിക്കുവാൻ ഈ മനുഷ്യൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു” എന്ന കുറ്റം അവർ അദ്ദേഹത്തിൽ ആരോപിച്ചു. പൗലൊസ് മറുപടി പറയുവാൻ ഭാവിച്ചപ്പോൾ ഗല്ലിയോൻ ഇപ്രകാരം പറഞ്ഞു: “അല്ലയോ യെഹൂദന്മാരേ, എന്തെങ്കിലും അന്യായമോ അധർമമോ ആയിരുന്നെങ്കിൽ നിങ്ങളുടെ സങ്കടം ഞാൻ ക്ഷമയോടെ കേൾക്കാമായിരുന്നു. എന്നാൽ ചില വാക്കുകളുടെയും നാമങ്ങളുടെയും നിങ്ങളുടെ ധർമശാസ്ത്രത്തിന്റെയും പ്രശ്നമാണെങ്കിൽ, നിങ്ങൾതന്നെ തീരുമാനിച്ചുകൊള്ളുക; ഇങ്ങനെയുള്ള കാര്യങ്ങളുടെ വിധികർത്താവാകുവാൻ എനിക്കു സമ്മതമില്ല.” അദ്ദേഹം അവരെ കോടതിയിൽനിന്നു പുറത്താക്കുകയും ചെയ്തു. അവർ എല്ലാവരുംകൂടി സുനഗോഗിന്റെ അധികാരിയായ സോസ്ഥനേസിനെ പിടിച്ച് കോടതിയുടെ മുമ്പിൽ വച്ചുതന്നെ അടിച്ചു. പക്ഷേ ഗല്ലിയോൻ ഇതൊന്നും ഗൗനിച്ചില്ല. പൗലൊസ് കുറെനാൾകൂടി കൊരിന്തിൽ പാർത്തു. പിന്നീട് അവിടെയുള്ള സഹോദരന്മാരോടു യാത്രപറഞ്ഞ് സിറിയയിലേക്കു കപ്പൽകയറി. പ്രിസ്കില്ലയും അക്വിലായും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു. ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയിൽവച്ച് അദ്ദേഹം തല മുണ്ഡനംചെയ്തു. എഫെസൊസിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്നവരെ അവിടെ വിട്ടു. അദ്ദേഹം അവിടത്തെ സുനഗോഗിൽ ചെന്ന് യെഹൂദന്മാരോടു സംവാദം നടത്തി. കുറെനാൾകൂടി അവിടെ പാർക്കുവാൻ അവർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. “ദൈവം അനുവദിച്ചാൽ ഞാൻ മടങ്ങിവരാം” എന്നു പറഞ്ഞ് അവരോടു വിടവാങ്ങിക്കൊണ്ട് എഫെസൊസിൽനിന്നു കപ്പൽകയറി. കൈസര്യയിൽ ഇറങ്ങി അദ്ദേഹം സഭയെ അഭിവാദനം ചെയ്തു. പിന്നീട് അന്ത്യോക്യയിലേക്കു പോയി; അവിടെ കുറെനാൾ പ്രവർത്തിച്ചശേഷം ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളിൽ സഞ്ചരിച്ച് വിശ്വാസികളെ ധൈര്യപ്പെടുത്തി.

TIRHKOHTE 18 വായിക്കുക