TIRHKOHTE 12:3-11

TIRHKOHTE 12:3-11 MALCLBSI

അത് യെഹൂദന്മാർക്കു സന്തോഷമായി എന്നു കണ്ടപ്പോൾ ആ മനുഷ്യൻ പത്രോസിനെയും പിടിച്ച് ബന്ധിച്ച് കാരാഗൃഹത്തിലാക്കി; നാലു പടയാളികൾ വീതമുള്ള നാലു സംഘങ്ങളെ കാവലിനു നിയോഗിക്കുകയും ചെയ്തു. അത് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹായുടെ കാലമായിരുന്നു. ഉത്സവകാലം കഴിഞ്ഞ് യെഹൂദന്മാരെ ഏല്പിക്കുവാനാണ് അപ്രകാരം ചെയ്തത്. പത്രോസിനുവേണ്ടി സഭ സർവാത്മനാ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു. ഹേരോദാ പത്രോസിനെ യെഹൂദന്മാരുടെ മുമ്പിൽ കൊണ്ടുവരുവാൻ നിശ്ചയിച്ചിരുന്നതിന്റെ തലേ രാത്രിയിൽ രണ്ടു പടയാളികളുടെ മധ്യേ രണ്ടു ചങ്ങലകൊണ്ടു ബന്ധിതനായി അദ്ദേഹം ഉറങ്ങുകയായിരുന്നു. ഭടന്മാർ കാരാഗൃഹത്തിന്റെ വാതില്‌ക്കൽ കാവൽ നില്‌ക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഒരു ദൈവദൂതൻ പ്രത്യക്ഷനായി; തടവുമുറിയിൽ പ്രകാശം പരന്നു. ദൂതൻ പത്രോസിനെ പാർശ്വത്തിൽ തട്ടിയുണർത്തി, “വേഗം എഴുന്നേല്‌ക്കൂ” എന്നു പറഞ്ഞു. തൽക്ഷണം അദ്ദേഹത്തിന്റെ കൈകളിൽനിന്നു ചങ്ങല താഴെ വീണു. ദൂതൻ അദ്ദേഹത്തോടു പറഞ്ഞു: “അരക്കച്ച കെട്ടി, ചെരുപ്പു ധരിക്കൂ.” പത്രോസ് അങ്ങനെ ചെയ്തു. “പുറങ്കുപ്പായം ഇട്ടുകൊണ്ട്, എന്റെ പിന്നാലേ വരിക” എന്നും ദൂതൻ പറഞ്ഞു. പത്രോസ് ദൂതനെ അനുഗമിച്ചു പുറത്തിറങ്ങി. ദൈവദൂതൻ മുഖാന്തരം നടന്ന ഈ സംഭവം ഒരു യാഥാർഥ്യമാണെന്നു പത്രോസിനു മനസ്സിലായില്ല. ഒരു ദർശനം കാണുകയാണെന്നത്രേ അദ്ദേഹം വിചാരിച്ചത്. കാവൽഭടന്മാർ നിന്നിരുന്ന ഒന്നാമത്തെയും രണ്ടാമത്തെയും വാതിലുകൾ കടന്ന് അവർ നഗരത്തിലേക്കു കടക്കുവാനുള്ള ഇരുമ്പുവാതില്‌ക്കലെത്തി. ആ വാതിൽ താനേ തുറന്നു. അവർ പുറത്തുകടന്ന് ഒരു വീഥിയിൽ കൂടി നടന്നു മുമ്പോട്ടു നീങ്ങി; ദൂതൻ പെട്ടെന്ന് അപ്രത്യക്ഷനായി. അപ്പോഴാണ് സംഭവിച്ചതിനെക്കുറിച്ച് പത്രോസിനു ബോധമുണ്ടായത്. അദ്ദേഹം പറഞ്ഞു: “ഹേരോദായുടെ കൈയിൽനിന്നും, യെഹൂദജനത എന്നോടു ചെയ്യാനുദ്ദേശിച്ച എല്ലാറ്റിൽനിന്നും, കർത്താവു തന്റെ ദൂതനെ അയച്ച് എന്നെ രക്ഷിച്ചിരിക്കുന്നു എന്ന് എനിക്ക് ഇപ്പോൾ പൂർണബോധ്യം വന്നു.”

TIRHKOHTE 12 വായിക്കുക