TIRHKOHTE 12
12
പത്രോസിനെ കാരാഗൃഹത്തിലാക്കുന്നു
1അക്കാലത്ത് ഹേരോദാരാജാവ് സഭാംഗങ്ങളിൽ ചിലരെ പീഡിപ്പിക്കുവാൻ തുടങ്ങി. 2യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. 3-4അത് യെഹൂദന്മാർക്കു സന്തോഷമായി എന്നു കണ്ടപ്പോൾ ആ മനുഷ്യൻ പത്രോസിനെയും പിടിച്ച് ബന്ധിച്ച് കാരാഗൃഹത്തിലാക്കി; നാലു പടയാളികൾ വീതമുള്ള നാലു സംഘങ്ങളെ കാവലിനു നിയോഗിക്കുകയും ചെയ്തു. 5അത് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹായുടെ കാലമായിരുന്നു. ഉത്സവകാലം കഴിഞ്ഞ് യെഹൂദന്മാരെ ഏല്പിക്കുവാനാണ് അപ്രകാരം ചെയ്തത്. പത്രോസിനുവേണ്ടി സഭ സർവാത്മനാ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു.
അദ്ഭുതകരമായ വിടുതൽ
6ഹേരോദാ പത്രോസിനെ യെഹൂദന്മാരുടെ മുമ്പിൽ കൊണ്ടുവരുവാൻ നിശ്ചയിച്ചിരുന്നതിന്റെ തലേ രാത്രിയിൽ രണ്ടു പടയാളികളുടെ മധ്യേ രണ്ടു ചങ്ങലകൊണ്ടു ബന്ധിതനായി അദ്ദേഹം ഉറങ്ങുകയായിരുന്നു. ഭടന്മാർ കാരാഗൃഹത്തിന്റെ വാതില്‌ക്കൽ കാവൽ നില്‌ക്കുന്നുണ്ടായിരുന്നു. 7ആ സമയത്ത് ഒരു ദൈവദൂതൻ പ്രത്യക്ഷനായി; തടവുമുറിയിൽ പ്രകാശം പരന്നു. ദൂതൻ പത്രോസിനെ പാർശ്വത്തിൽ തട്ടിയുണർത്തി, “വേഗം എഴുന്നേല്‌ക്കൂ” എന്നു പറഞ്ഞു. തൽക്ഷണം അദ്ദേഹത്തിന്റെ കൈകളിൽനിന്നു ചങ്ങല താഴെ വീണു. ദൂതൻ അദ്ദേഹത്തോടു പറഞ്ഞു: 8“അരക്കച്ച കെട്ടി, ചെരുപ്പു ധരിക്കൂ.” പത്രോസ് അങ്ങനെ ചെയ്തു. “പുറങ്കുപ്പായം ഇട്ടുകൊണ്ട്, എന്റെ പിന്നാലേ വരിക” എന്നും ദൂതൻ പറഞ്ഞു. 9പത്രോസ് ദൂതനെ അനുഗമിച്ചു പുറത്തിറങ്ങി. ദൈവദൂതൻ മുഖാന്തരം നടന്ന ഈ സംഭവം ഒരു യാഥാർഥ്യമാണെന്നു പത്രോസിനു മനസ്സിലായില്ല. ഒരു ദർശനം കാണുകയാണെന്നത്രേ അദ്ദേഹം വിചാരിച്ചത്. 10കാവൽഭടന്മാർ നിന്നിരുന്ന ഒന്നാമത്തെയും രണ്ടാമത്തെയും വാതിലുകൾ കടന്ന് അവർ നഗരത്തിലേക്കു കടക്കുവാനുള്ള ഇരുമ്പുവാതില്‌ക്കലെത്തി. ആ വാതിൽ താനേ തുറന്നു. അവർ പുറത്തുകടന്ന് ഒരു വീഥിയിൽ കൂടി നടന്നു മുമ്പോട്ടു നീങ്ങി; ദൂതൻ പെട്ടെന്ന് അപ്രത്യക്ഷനായി.
11അപ്പോഴാണ് സംഭവിച്ചതിനെക്കുറിച്ച് പത്രോസിനു ബോധമുണ്ടായത്. അദ്ദേഹം പറഞ്ഞു: “ഹേരോദായുടെ കൈയിൽനിന്നും, യെഹൂദജനത എന്നോടു ചെയ്യാനുദ്ദേശിച്ച എല്ലാറ്റിൽനിന്നും, കർത്താവു തന്റെ ദൂതനെ അയച്ച് എന്നെ രക്ഷിച്ചിരിക്കുന്നു എന്ന് എനിക്ക് ഇപ്പോൾ പൂർണബോധ്യം വന്നു.”
12ശരിയായ ബോധം കൈവന്ന ശേഷം മർക്കോസ് എന്ന അപരനാമമുള്ള യോഹന്നാന്റെ മാതാവായ മറിയമിന്റെ വീട്ടിലേക്കാണ് പത്രോസ് പോയത്. അവിടെ ഒട്ടേറെ ആളുകൾ ഒരുമിച്ചുകൂടി പ്രാർഥിക്കുന്നുണ്ടായിരുന്നു. 13പത്രോസ് പടിവാതില്‌ക്കൽ മുട്ടിയപ്പോൾ ആരാണെന്നു നോക്കാൻ രോദാ എന്ന വേലക്കാരി പെൺകുട്ടി ചെന്നു. 14പത്രോസിന്റെ സ്വരം തിരിച്ചറിഞ്ഞ് അവൾ സന്തോഷാധിക്യത്താൽ മതിമറന്ന് വാതിൽ തുറക്കാൻകൂടി നില്‌ക്കാതെ അകത്തേക്ക് ഓടിച്ചെന്ന്, “പത്രോസ് അതാ വാതില്‌ക്കൽ നില്‌ക്കുന്നു” എന്നറിയിച്ചു. 15“നിനക്കു ഭ്രാന്താണ്” എന്ന് അവർ പറഞ്ഞപ്പോൾ “അല്ല, ഞാൻ പറഞ്ഞത് വാസ്തവംതന്നെയാണ്” എന്നവൾ ഉറപ്പിച്ചു പറഞ്ഞു. അത് അദ്ദേഹത്തിന്റെ കാവൽ മാലാഖ ആയിരിക്കും” എന്നായിരുന്നു അവരുടെ മറുപടി.
16പത്രോസ് പിന്നെയും വാതില്‌ക്കൽ മുട്ടിക്കൊണ്ടിരുന്നു. അവർ ചെന്നു വാതിൽ തുറന്ന് അദ്ദേഹത്തെ കണ്ടപ്പോൾ അമ്പരന്നുപോയി. 17നിശ്ശബ്ദരായിരിക്കുവാൻ കൈകൊണ്ട് ആംഗ്യം കാട്ടിയശേഷം, എങ്ങനെയാണ് കർത്താവ് കാരാഗൃഹത്തിൽനിന്നു തന്നെ വിടുവിച്ചതെന്ന് പത്രോസ് വിവരിച്ചു. “ഈ വിവരം യാക്കോബിനെയും മറ്റു സഹോദരന്മാരെയും അറിയിക്കുക” എന്നു പറഞ്ഞശേഷം അദ്ദേഹം മറ്റൊരു സ്ഥലത്തേക്കു പോയി.
18നേരം വെളുത്തപ്പോൾ പത്രോസിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് പടയാളികളുടെ ഇടയിൽ അനല്പമായ പരിഭ്രമമുണ്ടായി. 19പത്രോസിനെ അന്വേഷിച്ചിട്ടു കാണാതെ വന്നപ്പോൾ, ഹേരോദാ കാവല്‌ക്കാരെ വിസ്തരിച്ചശേഷം അവരെ വധിക്കുവാൻ കല്പിച്ചു.
പിന്നീട് ഹേരോദാ യെഹൂദ്യയിൽനിന്നു കൈസര്യയിൽ പോയി അവിടെ കുറെനാൾ പാർത്തു.
ഹേരോദായുടെ ദുരന്തം
20അക്കാലത്ത് സോരിലെയും സീദോനിലെയും ജനങ്ങളോട് ഹേരോദാ കോപിച്ചിരിക്കുകയായിരുന്നു. അവരുടെ നാടിനു വേണ്ട ഭക്ഷണപദാർഥങ്ങൾ ലഭിക്കേണ്ടത് ഹേരോദായുടെ രാജ്യത്തുനിന്നായിരുന്നതിനാൽ അവരുടെ ഒരു സംഘം ആളുകൾ ഹേരോദായെ കാണാൻ ചെന്നു. അവർ രാജാവിന്റെ കാര്യസ്ഥനായ ബ്ലെസ്തൊസിനെ സ്വാധീനിച്ച് സമാധാനാഭ്യർഥന നടത്തി.
21നിശ്ചിതദിവസം രാജകീയവേഷം അണിഞ്ഞു സിംഹാസനത്തിൽ ഉപവിഷ്ടനായ ജനക്കൂട്ടത്തോട് ഹേരോദാ സംസാരിച്ചു തുടങ്ങി. 22അപ്പോൾ “ഒരു ദേവന്റെ ശബ്ദമാണു ഞങ്ങൾ കേൾക്കുന്നത്, മനുഷ്യന്റെ ശബ്ദമല്ല” എന്നു ജനസഞ്ചയം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. 23ഹേരോദാ ദൈവത്തിനു മഹത്ത്വം കൊടുക്കാഞ്ഞതിനാൽ പെട്ടെന്ന് ദൈവദൂതന്റെ അടിയേറ്റുവീണു കൃമികൾക്ക് ഇരയായി മരണമടഞ്ഞു.
24എന്നാൽ ദൈവവചനം പൂർവോപരി പ്രചരിച്ചുകൊണ്ടിരുന്നു.
25ബർനബാസും ശൗലും തങ്ങളുടെ ദൗത്യം നിർവഹിച്ചശേഷം മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ട് #12:25 ‘യെരൂശലേമിൽനിന്ന്’ - ചില കൈയെഴുത്തു പ്രതികളിൽ ‘യെരൂശലേമിലേക്ക്’ എന്നാണ്.യെരൂശലേമിൽനിന്നു മടങ്ങിപ്പോയി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
TIRHKOHTE 12: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.