TIRHKOHTE 12:12-19

TIRHKOHTE 12:12-19 MALCLBSI

ശരിയായ ബോധം കൈവന്ന ശേഷം മർക്കോസ് എന്ന അപരനാമമുള്ള യോഹന്നാന്റെ മാതാവായ മറിയമിന്റെ വീട്ടിലേക്കാണ് പത്രോസ് പോയത്. അവിടെ ഒട്ടേറെ ആളുകൾ ഒരുമിച്ചുകൂടി പ്രാർഥിക്കുന്നുണ്ടായിരുന്നു. പത്രോസ് പടിവാതില്‌ക്കൽ മുട്ടിയപ്പോൾ ആരാണെന്നു നോക്കാൻ രോദാ എന്ന വേലക്കാരി പെൺകുട്ടി ചെന്നു. പത്രോസിന്റെ സ്വരം തിരിച്ചറിഞ്ഞ് അവൾ സന്തോഷാധിക്യത്താൽ മതിമറന്ന് വാതിൽ തുറക്കാൻകൂടി നില്‌ക്കാതെ അകത്തേക്ക് ഓടിച്ചെന്ന്, “പത്രോസ് അതാ വാതില്‌ക്കൽ നില്‌ക്കുന്നു” എന്നറിയിച്ചു. “നിനക്കു ഭ്രാന്താണ്” എന്ന് അവർ പറഞ്ഞപ്പോൾ “അല്ല, ഞാൻ പറഞ്ഞത് വാസ്തവംതന്നെയാണ്” എന്നവൾ ഉറപ്പിച്ചു പറഞ്ഞു. അത് അദ്ദേഹത്തിന്റെ കാവൽ മാലാഖ ആയിരിക്കും” എന്നായിരുന്നു അവരുടെ മറുപടി. പത്രോസ് പിന്നെയും വാതില്‌ക്കൽ മുട്ടിക്കൊണ്ടിരുന്നു. അവർ ചെന്നു വാതിൽ തുറന്ന് അദ്ദേഹത്തെ കണ്ടപ്പോൾ അമ്പരന്നുപോയി. നിശ്ശബ്ദരായിരിക്കുവാൻ കൈകൊണ്ട് ആംഗ്യം കാട്ടിയശേഷം, എങ്ങനെയാണ് കർത്താവ് കാരാഗൃഹത്തിൽനിന്നു തന്നെ വിടുവിച്ചതെന്ന് പത്രോസ് വിവരിച്ചു. “ഈ വിവരം യാക്കോബിനെയും മറ്റു സഹോദരന്മാരെയും അറിയിക്കുക” എന്നു പറഞ്ഞശേഷം അദ്ദേഹം മറ്റൊരു സ്ഥലത്തേക്കു പോയി. നേരം വെളുത്തപ്പോൾ പത്രോസിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് പടയാളികളുടെ ഇടയിൽ അനല്പമായ പരിഭ്രമമുണ്ടായി. പത്രോസിനെ അന്വേഷിച്ചിട്ടു കാണാതെ വന്നപ്പോൾ, ഹേരോദാ കാവല്‌ക്കാരെ വിസ്തരിച്ചശേഷം അവരെ വധിക്കുവാൻ കല്പിച്ചു. പിന്നീട് ഹേരോദാ യെഹൂദ്യയിൽനിന്നു കൈസര്യയിൽ പോയി അവിടെ കുറെനാൾ പാർത്തു.

TIRHKOHTE 12 വായിക്കുക