പിന്നീട് യോവാബും ദാവീദിന്റെ മറ്റു ഭൃത്യന്മാരും ഒരു കവർച്ച കഴിഞ്ഞു ധാരാളം കൊള്ളവസ്തുക്കളുമായി മടങ്ങിവന്നു. അപ്പോൾ അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഉണ്ടായിരുന്നില്ല. ദാവീദ് അയാളെ സമാധാനപൂർവം മടക്കിയയച്ചിരുന്നു. യോവാബും സൈന്യവും മടങ്ങിവന്നപ്പോൾ നേരിന്റെ മകൻ അബ്നേർ ദാവീദിന്റെ അടുക്കൽ വന്നിരുന്നു എന്നും രാജാവ് അയാളെ സമാധാനത്തോടെ മടക്കിയയച്ചു എന്നും അറിഞ്ഞു. യോവാബ് ദാവീദ്‍രാജാവിന്റെ അടുക്കൽ ചെന്നു ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? അബ്നേർ അങ്ങയുടെ അടുക്കൽ വന്നിരുന്നില്ലേ? അയാളെ വിട്ടയച്ചത് എന്ത്? അങ്ങു ചെയ്യുന്ന കാര്യങ്ങളും അങ്ങയുടെ നീക്കങ്ങളും ഗ്രഹിച്ച് അങ്ങയെ ചതിക്കാനാണ് നേരിന്റെ മകനായ അബ്നേർ വന്നതെന്ന് അങ്ങേക്ക് അറിയുകയില്ലേ?” ദാവീദിന്റെ സന്നിധിയിൽനിന്ന് യോവാബ് പുറത്തുവന്ന് അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ സീരായിലെ കിണറ്റിനരികിൽനിന്ന് അയാളെ കൂട്ടിക്കൊണ്ടു വന്നു. ദാവീദ് ഇതൊന്നും അറിഞ്ഞില്ല. അബ്നേർ ഹെബ്രോനിൽ തിരിച്ചെത്തിയപ്പോൾ സ്വകാര്യം പറയാനെന്നുള്ള ഭാവത്തിൽ യോവാബ് അയാളെ പടിവാതില്‌ക്കലേക്ക് കൂട്ടിക്കൊണ്ടു പോയി; അയാളുടെ വയറ്റത്തു കുത്തി. അയാളെ കൊന്നു തന്റെ സഹോദരനായ അസാഹേലിനെ കൊന്നതിനു പകരം വീട്ടി. ഈ വിവരം അറിഞ്ഞ് ദാവീദ് പറഞ്ഞു: “നേരിന്റെ മകൻ അബ്നേരിനെ കൊന്നതിൽ ഞാനും എന്റെ ജനവും നിരപരാധികളാണെന്നു സർവേശ്വരൻ അറിയുന്നു. അതിന്റെ കുറ്റം യോവാബിന്റെയും അവന്റെ പിതൃഭവനത്തിന്റെയുംമേൽ ആയിരിക്കട്ടെ. യോവാബിന്റെ കുടുംബത്തിൽ രക്തസ്രവരോഗിയോ കുഷ്ഠരോഗിയോ മുടന്തനോ വാളുകൊണ്ടു വധിക്കപ്പെടേണ്ടവനോ ആഹാരത്തിനു മുട്ടുള്ളവനോ ഒഴിയാതിരിക്കട്ടെ.” ഗിബെയോനിലെ യുദ്ധത്തിൽവച്ചു തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊന്നതുകൊണ്ടാണ് യോവാബും അബീശായിയും ചേർന്ന് അബ്നേരിനെ വധിച്ചത്. വസ്ത്രം കീറിയും ചാക്കുടുത്തും അബ്നേരിനെ ചൊല്ലി വിലപിക്കാൻ ദാവീദ് യോവാബിനോടും കൂടെയുള്ളവരോടും കല്പിച്ചു. ദാവീദുരാജാവ് ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു. അബ്നേരിനെ ഹെബ്രോനിൽ സംസ്കരിച്ചപ്പോൾ രാജാവ് കല്ലറയുടെ അടുക്കൽനിന്ന് ഉറക്കെ കരഞ്ഞു. ജനമെല്ലാം വിലപിച്ചു. അബ്നേരിനെക്കുറിച്ച് രാജാവ് ഈ വിലാപഗീതം പാടി: “അബ്നേരേ, ഭോഷനെപ്പോലെ മരിക്കേണ്ടവനാണോ നീ? നിന്റെ കരങ്ങൾ ബന്ധിതമായിരുന്നില്ല; നിന്റെ കാലുകൾ വിലങ്ങിലായിരുന്നില്ല; ദുഷ്ടരുടെ കൈയിൽ അകപ്പെട്ടവനെപ്പോലെ നീ സംഹരിക്കപ്പെട്ടല്ലോ.” പിന്നെയും അവനെച്ചൊല്ലി ജനം കരഞ്ഞു. ഭക്ഷണം കഴിക്കാൻ പകൽ മുഴുവൻ ജനം ദാവീദിനെ നിർബന്ധിച്ചു; എന്നാൽ ദാവീദ് സത്യംചെയ്തു പറഞ്ഞു: “സൂര്യാസ്തമയത്തിനുമുമ്പ് ഞാൻ എന്തെങ്കിലും ഭക്ഷിച്ചാൽ സർവേശ്വരൻ ഞാനർഹിക്കുന്നതും അതിലധികവും എന്നോടു ചെയ്യട്ടെ.” രാജാവ് ചെയ്തതെല്ലാം ജനം ശ്രദ്ധിച്ചു; അവർ അതിൽ സംതൃപ്തരായി. അബ്നേരിനെ വധിച്ചതിൽ രാജാവിനൊരു പങ്കുമില്ലെന്നു ദാവീദിന്റെ അനുയായികൾക്കും സകല ഇസ്രായേൽജനത്തിനും ബോധ്യമായി. രാജാവ് തന്റെ ഭൃത്യന്മാരോടു ചോദിച്ചു: “ശ്രേഷ്ഠനായ ഒരു നേതാവാണ് ഇസ്രായേലിൽ ഇന്നു കൊല്ലപ്പെട്ടത് എന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ? ദൈവത്താൽ അഭിഷിക്തനായ രാജാവാണെങ്കിലും ഞാൻ ഇന്നു ബലഹീനനാണ്. സെരൂയായുടെ ഈ പുത്രന്മാർ എന്റെ വരുതിയിൽ നില്‌ക്കാത്ത ക്രൂരന്മാരാണ്. ദുഷ്ടരോട് അവന്റെ ദുഷ്ടതയ്‍ക്കൊത്തവിധം സർവേശ്വരൻ പ്രതികാരം ചെയ്യട്ടെ.”
2 SAMUELA 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 SAMUELA 3:22-39
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ