2 SAMUELA 15:13-37

2 SAMUELA 15:13-37 MALCLBSI

ഇസ്രായേൽജനം അബ്ശാലോമിനോടു കൂറു പ്രഖ്യാപിച്ച വിവരം ഒരു ദൂതൻ ദാവീദിനെ അറിയിച്ചു. അപ്പോൾ ദാവീദ് യെരൂശലേമിലുള്ള തന്റെ അനുയായികളോടു പറഞ്ഞു: “നമുക്ക് ഓടിപ്പോകാം, അല്ലെങ്കിൽ നമ്മിലാരും അബ്ശാലോമിന്റെ കൈയിൽനിന്നു രക്ഷപെടുകയില്ല. അവൻ വന്നു നമ്മെയും എല്ലാ പട്ടണവാസികളെയും വാളിനിരയാക്കും.” ഭൃത്യന്മാർ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ ഏതാജ്ഞയും ഞങ്ങൾ ശിരസ്സാവഹിച്ചുകൊള്ളാം.” പിന്നീട് രാജാവ് കുടുംബസമേതം പുറപ്പെട്ടു; കൊട്ടാരം സൂക്ഷിക്കുന്നതിനു പത്ത് ഉപഭാര്യമാരെ മാത്രം അവിടെ താമസിപ്പിച്ചു. രാജാവും ഭൃത്യന്മാരും പട്ടണം വിട്ടു പോകുന്നവഴി അവസാനത്തെ വീടിന്റെ അടുക്കൽ ചെന്നു നിന്നു. രാജാവിന്റെ ദാസന്മാരെല്ലാം അദ്ദേഹത്തിന്റെ അരികിലൂടെ കടന്നുപോയി. എല്ലാ ക്രേത്യരും പെലേത്യരും ഗത്തിൽനിന്നു രാജാവിന്റെ കൂടെ പോന്നിരുന്ന അറുനൂറു പേരും അദ്ദേഹത്തിന്റെ മുമ്പിലൂടെത്തന്നെ കടന്നുപോയി. ഗിത്യനായ ഇത്ഥായിയോട് അദ്ദേഹം പറഞ്ഞു: “നീ ഞങ്ങളുടെകൂടെ വരുന്നത് എന്തിന്? മടങ്ങിപ്പോയി പുതിയ രാജാവിന്റെകൂടെ പാർക്കുക. നീ ഒരു പരദേശിയും ഇവിടെ പ്രവാസിയും ആണല്ലോ; ഇന്നലെ മാത്രം വന്ന നീ ലക്ഷ്യമില്ലാതെ പോകുന്ന എന്റെകൂടെ എന്തിന് അലയുന്നു? നിന്റെ സഹോദരന്മാരുടെ കൂടെ മടങ്ങിപ്പോകുക. സർവേശ്വരൻ നിന്നോടു കരുണയും വിശ്വസ്തതയും കാണിക്കട്ടെ.” ഇത്ഥായി രാജാവിനോടു പറഞ്ഞു: “മരിക്കയോ ജീവിക്കയോ ചെയ്യട്ടെ അങ്ങു പോകുന്നിടത്തുതന്നെ ഞാനും വരുമെന്നു സർവേശ്വരന്റെയും അങ്ങയുടെയും നാമത്തിൽ ഞാനിതാ സത്യം ചെയ്യുന്നു.” “നീയും എന്റെകൂടെ പോരുക” ദാവീദ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞു. അങ്ങനെ ഗിത്യനായ ഇത്ഥായി തന്റെ അനുചരന്മാരോടും കുഞ്ഞുകുട്ടികളോടുംകൂടി മുമ്പോട്ടു നീങ്ങി. ദാവീദിന്റെ അനുയായികൾ കടന്നുപോയപ്പോൾ ജനമെല്ലാം ഉറക്കെ കരഞ്ഞു. രാജാവ് കിദ്രോൻതോടു കടന്നു; ജനം അദ്ദേഹത്തെ അനുഗമിച്ചു; അവരെല്ലാം മരുഭൂമിയിലേക്കുള്ള വഴിയെ നടന്നു. അബ്യാഥാരും സാദോക്കും കൂടാതെ ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ടു ലേവ്യരും അവിടെ എത്തി. ജനം പട്ടണം വിട്ടു കഴിയുന്നതുവരെ അവർ പെട്ടകം താഴെവച്ചു. രാജാവ് സാദോക്കിനോടു പറഞ്ഞു: “ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരിച്ചു കൊണ്ടുപോകുക; സർവേശ്വരന് എന്നിൽ പ്രസാദം തോന്നിയാൽ അവിടുന്ന് എന്നെ മടക്കിവരുത്തും. അവിടുത്തെ പെട്ടകവും തിരുസാന്നിധ്യകൂടാരവും ഒരിക്കൽ കൂടി കാണാൻ എനിക്ക് അവസരം ലഭിക്കും. എന്നിൽ സർവേശ്വരനു പ്രസാദം തോന്നുന്നില്ലെങ്കിൽ തിരുഹിതംപോലെ എന്നോടു പ്രവർത്തിക്കട്ടെ.” രാജാവ് പുരോഹിതനായ സാദോക്കിനോടു തുടർന്നു പറഞ്ഞു: “നിന്റെ പുത്രനായ അഹീമാസിനോടും അബ്യാഥാരിന്റെ പുത്രനായ യോനാഥാനോടുമൊത്ത് നീയും അബ്യാഥാരും സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോകുക. നിങ്ങളിൽനിന്നു വാർത്ത ലഭിക്കുംവരെ മരുഭൂമിയിലേക്കുള്ള കടവിൽതന്നെ ഞാൻ താമസിക്കും.” അതനുസരിച്ചു സാദോക്കും അബ്യാഥാരും പെട്ടകം യെരൂശലേമിലേക്കു മടക്കിക്കൊണ്ടുപോയി അവിടെ പാർത്തു. ദാവീദ് തല മൂടിയും ചെരുപ്പിടാതെയും കരഞ്ഞുകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി. രാജാവിന്റെ അനുചരന്മാരും അങ്ങനെതന്നെ ചെയ്തു. അബ്ശാലോമിന്റെ ഗൂഢാലോചനയിൽ അഹീഥോഫെലും ഉണ്ടെന്നറിഞ്ഞ് ദാവീദ് സർവേശ്വരനോടു പ്രാർഥിച്ചു: “സർവേശ്വരാ, അഹീഥോഫെലിന്റെ ആലോചന വ്യർഥമാക്കണമേ.” മലയുടെ മുകളിൽ ഉണ്ടായിരുന്ന ഒരു ആരാധനാസ്ഥലത്തു ദാവീദ് എത്തിയപ്പോൾ അർഖ്യനായ ഹൂശായി അങ്കി കീറുകയും തലയിൽ പൂഴി വിതറുകയും ചെയ്തിട്ട് രാജാവിനെ എതിരേറ്റു ചെന്നു. ദാവീദ് അയാളോടു പറഞ്ഞു: “നീ എന്റെ കൂടെ പോന്നാൽ അത് എനിക്കു ഭാരമായിരിക്കും; നീ പട്ടണത്തിൽ ചെന്ന് അബ്ശാലോമിനോട് ഇങ്ങനെ പറയുക. “രാജാവേ, ഞാൻ അങ്ങയുടെ ദാസനായിരുന്നുകൊള്ളാം; ഞാൻ അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെതന്നെ അങ്ങയെ സേവിച്ചുകൊള്ളാം.” “അങ്ങനെ ചെയ്താൽ അഹീഥോഫെലിന്റെ ആലോചന നിഷ്ഫലമാക്കാൻ നിനക്കു കഴിയും; പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്റെ കൂടെ ഉണ്ടായിരിക്കും. കൊട്ടാരത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ നീ അവരെ അറിയിക്കണം. സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും അവരുടെ കൂടെയുണ്ട്; നിങ്ങൾക്കു ലഭിക്കുന്ന വിവരങ്ങളെല്ലാം അവർ മുഖേന എന്നെ അറിയിക്കുക.” അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി യെരൂശലേമിൽ ചെന്നു; തത്സമയം അബ്ശാലോമും പട്ടണത്തിൽ എത്തി.

2 SAMUELA 15 വായിക്കുക